പാലിയേറ്റീവ് രോഗികള്‍ക്ക് കലാ- കായികമേള 9നും 10നും തൊടുപുഴയില്‍
തൊടുപുഴ: ഒറ്റപ്പെടലിന്റെയും വേദനയുടെയും ലോകത്ത് കഴിയുന്ന പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്കായുള്ള അകലാ-കായിക മേളയ്ക്ക് തൊടുപുഴ വേദിയാകുന്നു.
ഒന്‍പത്, പത്ത് തിയതികളില്‍ തൊടുപുഴ ന്യൂമാന്‍ കോളേജിലാണ് 'ഫീനിക്‌സ്-2016' എന്ന് പേരിട്ടിരിക്കുന്ന മേള പാലിയേറ്റീവ് കെയര്‍ യൂത്ത് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ അരങ്ങേറുന്നത്.
ദീര്‍ഘകാല രോഗങ്ങളാലും മാറാരോഗങ്ങളാലും ദുരിതങ്ങള്‍ പേറി വീടുകള്‍ക്കുള്ളില്‍ കഴിഞ്ഞുകൂടേണ്ടിവരുന്നവര്‍ക്ക് ആശ്വാസവും സാമൂഹ്യ പിന്തുണയും പ്രോത്സാഹനവും നല്‍കുവാനുദ്ദേശിച്ചാണ് മേള സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും നേതൃത്വത്തില്‍ നടത്തിവരുന്ന പാലിയേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള നട്ടെല്ലിന് ക്ഷതം സംഭവിച്ച് അരയ്ക്ക് കീഴ്‌പ്പോട്ട് ചലനശേഷി നഷ്ടപ്പെട്ടവര്‍, പോളിയോ ബാധിതര്‍, അംഗവൈകല്യം സംഭവിച്ചവര്‍, ക്യാന്‍സര്‍ പോലെയുള്ള രോഗങ്ങള്‍ ബാധിച്ചവര്‍, പ്രായം അധികരിച്ചവര്‍ എന്നിവരില്‍നിന്നായി 200ലധികം പേര്‍ മേളയിലുണ്ടാകും.
വീല്‍ചെയര്‍ ഓട്ടം, വീല്‍ചെയര്‍ റിലെ, ബാസ്‌കറ്റ് ബോള്‍ ഷൂട്ടിങ്, ഷട്ടില്‍ ബാറ്റ്, ഷോട്ട്പുട്ട്, പഞ്ചഗുസ്തി, കാരംസ്, ചെസ്സ്, മോക്ക് ഗെയിംസ്, മോണോ ആക്ട്, മിമിക്രി, ലളിതഗാനം, പദ്യപാരായണം, ചിത്രരചന, കഥാരചന, കവിതാരചന തുടങ്ങിയ മത്സരങ്ങളാണ് നടത്തുന്നത്. വീല്‍ചെയറില്‍ ഇരിക്കുന്നവര്‍ക്ക് അതിലിരുന്നുകൊണ്ടുതന്നെ മത്സരിക്കാന്‍ കഴിയുന്ന വിധത്തിലാണ് മേള ക്രമീകരിച്ചിരിക്കുന്നത്. കായികമത്സരവിജയികള്‍ക്ക് ക്യാഷ് പ്രൈസും മെഡലും സര്‍ടിഫിക്കറ്റുകളും നല്‍കും. കലാമത്സരവിജയികള്‍ക്ക് ക്യാഷ് പ്രൈസും ട്രോഫിയും സര്‍ടിഫിക്കറ്റുകളുമാണ് നല്‍കുന്നത്. കായികമേളയില്‍ കൂടുതല്‍ പോയിന്റ് നേടുന്നയാളെ ചാമ്പ്യനായും കലമോളില്‍ കൂടുതല്‍ പോയിന്റ് നേടുന്നവരെ കലാപ്രതിഭ, കലാതിലകം സ്ഥാനത്തേക്കും തെരഞ്ഞെടുക്കും. ഇവര്‍ക്ക് പ്രത്യേക പ്രോത്സാഹനസമ്മാനവും നല്‍കും. കൂടുതല്‍ രോഗികളെ പങ്കെടുപ്പിക്കുന്ന പാലിയേറ്റീവ് കെയര്‍ യൂണിറ്റിനും കൂടുതല്‍ പോയിന്റ് നേടുന്ന യൂണിറ്റിനും സര്‍ടിഫിക്കറ്റുകളും ട്രോഫിയും നല്‍കും.
ദക്ഷിണേന്ത്യയില്‍ ആദ്യമായാണ് പാലയേറ്റീവ് രോഗികള്‍ക്കായി ഒരു മത്സര മേള സംഘടിപ്പിക്കുന്നത്. ജില്ലയിലെ സ്റ്റുഡന്റ്‌സ് ഇന്‍ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മൂലമറ്റം സെന്റ് ജോസഫ്‌സ് കോളജ്, തൊടുപുഴ ന്യൂമാന്‍ കോളജ്, വഴിത്തല ശാന്തിഗിരി കോളജ്, മുരിക്കാശേരി പാവനാത്മാ കോളജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും സന്നദ്ധപ്രവര്‍ത്തകരും ആരോഗ്യവകുപ്പും ചേര്‍ന്നാണ് മേള സംഘടിപ്പിക്കുന്നത്. ഒമ്പതിന് രാവിലെ ഒമ്പതിന് ആരംഭിക്കുന്ന മേള പത്തിന് വൈകിട്ട് നാലിന് സമാപിക്കും. മേളയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് എട്ടിന് വൈകിട്ട് മുതല്‍ താമസസൗകര്യം ഒരുക്കും. കലാ കായികമേളയില്‍ വനിതാ കമ്മിഷന്‍ അംഗം ഡോ. പ്രമീളാദേവി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍മാര്‍, എം പി, എം എല്‍ എമാര്‍, മറ്റ് ജനപ്രതിനിധികള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യൂ ജോണ്‍, ടി സി ജയരാജ്, പി കെ ഉഷാകുമാരി, സിജോ വിജയന്‍,ലിഫിന്‍ ഈപ്പച്ചന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."