സ്പ്രിംഗ്ലറില്‍ പത്തിമടക്കി 'സൈബര്‍ സഖാക്കള്‍'; വ്യക്തിഹത്യയും സൗജന്യറേഷനും രക്ഷ
കൊച്ചി: ഒരിടവേളക്കുശേഷം സംസ്ഥാനത്ത് പ്രതിപക്ഷം ആരോപണങ്ങള്‍ കടുപ്പിച്ചതോടെ സൈബര്‍ ലോകത്തും യുദ്ധഗതിയില്‍ മാറ്റം. കൊവിഡ്-19 പ്രതിരോധവുമായി മുഖ്യമന്ത്രി ഒറ്റക്ക് കളം നിറഞ്ഞാടിയപ്പോള്‍ പ്രതിപക്ഷം ആദ്യഘട്ടത്തില്‍ ഒന്നുപകച്ചിരുന്നു.
ഇതോടെ, സംസ്ഥാനത്തിന്റെ പൊതുവായ നേട്ടം സ്വന്തം അക്കൗണ്ടിലാക്കാന്‍ സൈബര്‍ സഖാക്കളും രംഗത്തിറങ്ങിയിരുന്നു.
ആരോഗ്യ രംഗത്ത് കേരളം കൈവരിച്ച നേട്ടം കമ്യൂണിസ്റ്റ് ഭരണത്തിന്റെ ഗുണഫലമാണെന്ന തരത്തില്‍ വാഷിങ്ടണ്‍ ടൈംസില്‍ വരെ വാര്‍ത്ത വരികയും ചെയ്തിരുന്നു.
ഇതോടെ, സൈബര്‍ ലോകത്ത് യു.ഡി.എഫ് അനുകൂലികളും പ്രതിരോധത്തിലായി. അതിനിടെയാണ്, മലയാളികളുടെ വിവരചോര്‍ച്ചയുമായി ബന്ധപ്പെട്ട കടുത്ത ആരോപണവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്. സ്പ്രിംഗ്‌ളറിന് എതിരായ ആരോപണം ആദ്യം പ്രതിപക്ഷത്തുള്ള മറ്റ് നേതാക്കള്‍ പോലും ഏറ്റുപിടിച്ചിരുന്നില്ല.
എന്നാല്‍, ഉന്നയിക്കപ്പെട്ട വിഷയത്തിലെ ആഴവും പരപ്പും ബോധ്യമായതോടെ ദിവസങ്ങള്‍ക്കുശേഷം പ്രതിപക്ഷം ഒന്നായി രംഗത്തുവരികയായിരുന്നു. ഈ വിവാദവുമായി ബന്ധപ്പെട്ട പുതിയ പുതിയ വിവരങ്ങള്‍ ദിവസംതോറും വെളിച്ചത്ത് വരികയാണ്. ഇതോടെയാണ്, സൈബര്‍ ലോകത്തും 'യുദ്ധഗതി' മാറിമറിഞ്ഞത്.
ഇക്കഴിഞ്ഞ ദിവസങ്ങളിലെല്ലാം താത്വിക അവലോകനങ്ങളും മറ്റുമായി സൈബര്‍ലോകം അടക്കിവാണ 'സൈബര്‍ സഖാക്കള്‍' പലരും പിന്‍വലിഞ്ഞു.
രംഗത്ത് ശേഷിക്കുന്നവരാകട്ടെ, താത്വിക അവലോകനങ്ങള്‍ക്ക് പകരം വ്യക്തിഹത്യയും സൗജന്യറേഷനുമായി ബന്ധപ്പെട്ട അവകാശവാദങ്ങളും തമാശക്കഥകളുമായി പിടിച്ചുനില്‍ക്കാനുള്ള ശ്രമത്തിലുമായി. ചിലരാകട്ടെ, മൂന്നര പതിറ്റാണ്ട് മുമ്പ് മരണമടഞ്ഞ മുസ്‌ലിംലീഗ് നേതാവ് സി.എച്ച് മുഹമ്മദ് കോയയെ വരെ വിവാദത്തിലേക്ക് വലിച്ചിഴക്കാന്‍ ശ്രമിച്ചു.
എന്നാല്‍, മുഖ്യന്ത്രിസ്ഥാനവും നിരവധി വര്‍ഷങ്ങള്‍ മന്ത്രി സ്ഥാനവും വഹിച്ചിട്ടും ഒന്നും സമ്പാദിക്കാതെ മരണമടഞ്ഞ സി.എച്ചിനെ വിവാദത്തിലേക്കു വലിച്ചിഴക്കുന്നത് തിരിച്ചടിയാകുമെന്നു തിരിച്ചറിഞ്ഞ പലരും പോസ്റ്റുകള്‍ മുക്കുകയായിരുന്നു. വ്യക്തി വിവരങ്ങള്‍ ചോരുന്നതില്‍ വലിയ കുഴപ്പമൊന്നുമില്ല എന്ന് ചില തലമുതിര്‍ന്ന നേതാക്കള്‍ നിലപാടെടുത്തതും സൈബര്‍ സഖാക്കള്‍ക്ക് ക്ഷീണമായി. ആധാറുമായി ബന്ധപ്പെട്ട കേസുകളിലും മറ്റും വ്യക്തിവിവരങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ പ്രധാന്യം വിശദീകരിച്ച് നീണ്ട പോസ്റ്റുകളിറക്കിയ പലരും ഈ പ്രശ്‌നത്തില്‍ എതിരാളികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാകാതെ കുഴങ്ങി.
മുഖ്യമന്ത്രിയുടെ മകള്‍ നടത്തുന്ന ഐ.ടി കമ്പനിക്ക് എതിരെപ്പോലും ആരോപണമുയരുകയും ചെയ്തു. അതിനിടെ സംസ്ഥാന മന്ത്രിസഭയിലെ ഒരു അംഗംതന്നെ രാഷ്ട്രീയ എതിരാളികള്‍ക്ക് എതിരെ തരംതാണ പരാമര്‍ശവുമായി രംഗത്തിറങ്ങിയതും ചര്‍ച്ചയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."