ജോലിസ്ഥലത്ത് ദുരിതത്തിലായ മലയാളി വനിതക്ക് നവയുഗം തുണയായി
ദമാം: സ്പോൺസർ ഉപേക്ഷിച്ചതിനെ തുടർന്ന് ജോലി ചെയ്തിരുന്ന വീട്ടിൽ ഏറെ ദുരിതത്തിൽ കഴിഞ്ഞിരുന്ന മലയാളിവീട്ടുജോലിക്കാരിക്ക് നവയുഗം തുണയായി. പത്തു മാസം മുമ്പ് സഊദിയിലെ ദമാമിലെത്തിയ മലപ്പുറം സ്വദേശിനിയെയാണ് നവയുഗം ജീവകാരുണ്യ വിഭാഗം രക്ഷപ്പെടുത്തിയത്. ദമാമിൽ ഒരു സ്വദേശി ഭവനത്തിൽ വീട്ടുജോലിയ്ക്ക് എത്തിയ യുവതിയെ ദുരിതങ്ങൾ നിറഞ്ഞ ജോലിസാഹചര്യങ്ങളിൽ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു. ജോലിക്കെത്തിയ ആദ്യമൊന്നും പ്രശ്‍നങ്ങൾ ഇല്ലായിരുന്നുവെങ്കിലും ക്രമേണ കുറ്റപ്പെടുത്തലുകളും അമിതമായ ജോലിഭാരവും വിശ്രമം ഇല്ലാത്ത അവസ്ഥയുമൊക്കെയായി ജീവിതം ബുദ്ധിമുട്ടിലാകുകയായിരുന്നു.
കൊറോണ രോഗത്തിന്റെ പ്രതിസന്ധിയിൽ സ്‌പോൺസറുടെ മകൾ കൂടി വീട്ടിലെത്തിയതോടെ പ്രശ്‌നങ്ങൾ കൂടുതൽ രൂക്ഷമായി. ദേഹോപദ്രവത്തോടൊപ്പം ഒടുവിൽ "നിന്നെ ഇവിടെ ജോലിയ്ക്ക് വേണ്ട" എന്ന് പറഞ്ഞു നസീമയെ വീട്ടിൽ നിന്നും പുറത്തുള്ള ഒരു ചെറിയ മുറിയിൽ കൊണ്ട് തള്ളി. ഉറങ്ങാൻ പോലും സൗകര്യങ്ങൾ ഇല്ലാത്ത ഇവിടെ ജീവിതം കൂടുതൽ ദുസഹകമാകുകയായിരിന്നു. വിവരമറിഞ്ഞ
നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും ജീവകാരുണ്യപ്രവർത്തകയുമായ മഞ്ജു മണിക്കുട്ടന്റെ നേതൃത്വത്തിൽ പോലീസ് സഹായത്തോടെ ഇവിടെ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു. കർഫ്യൂ സമയമായതിനാൽ പോലീസിന്റെ പ്രത്യേക അനുമതി വാങ്ങി നസീമയെ ആ വീട്ടിൽ നിന്നും പുറത്തെത്തിച്ചു പോലീസ് സ്റ്റേഷനിലും പിന്നീട് ദമാം വനിതാ അഭയകേന്ദ്രത്തിലും എത്തിച്ചതിന് ശേഷം ഇവിടെ നിന്നും ജാമ്യത്തിൽ എടുക്കുയായിരുന്നു. മഞ്ജുവിന്റെ സംരക്ഷണയിലാണ് ഇപ്പോൾ നസീമ തങ്ങുന്നത്.
നസീമയുടെ സ്പോണ്സറെയും ഏജന്റിനെയും ബന്ധപ്പെട്ട് തിരികെ നാട്ടിലേയ്ക്ക് അയയ്ക്കാനുള്ള ശ്രമം ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്നു വരികയാണ്. ലോക്ക്ഡൌൺ കാലാവധി കഴിഞ്ഞു വ്യോമഗതാഗതം പുനഃരാരംഭിച്ചു കഴിഞ്ഞിട്ട് അതിനുള്ള കാര്യങ്ങൾ പൂർത്തിയാക്കുമെന്ന് നവയുഗം ജീവകാരുണ്യവിഭാഗം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."