സംസ്ഥാനത്ത് സര്‍വകലാശാലാ പരീക്ഷകള്‍ മെയ് 11 മുതലുണ്ടാവില്ല; തീരുമാനത്തില്‍ പിന്മാറി സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 11 ന് സര്‍വകലാശാല പരീക്ഷകള്‍ ആരംഭിക്കാമെന്ന നിര്‍ദേശത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി. പരീക്ഷകള്‍ പെട്ടെന്ന് ആരംഭിക്കുന്നതിനെതിരേ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. പരീക്ഷാ തിയതി അതതു സര്‍വകലാശാലകള്‍ക്ക് തീരുമാനിക്കാമെന്നാണ് പുതിയ ഉത്തരവ്.
നേരത്തെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ നടത്തിയ വിഡിയോ കോണ്‍ഫറന്‍സിന് ശേഷമാണ് മേയ് 11 മുതല്‍ പരീക്ഷ നടത്താനുള്ള നിര്‍ദേശം സര്‍ക്കാര്‍ ഉത്തരവായി പുറത്തിറക്കിയത്. എന്നാല്‍ ഈ ഉത്തരവില്‍ പല അപാകതകളുമുണ്ടെന്ന് പരാതി ഉയര്‍ന്നിരുന്നു.
പരീക്ഷ എഴുതുന്നതില്‍ വിദേശങ്ങളില്‍നിന്ന് മടങ്ങിയെത്തേണ്ട വിദ്യാര്‍ഥികളുണ്ട്. കൂടാതെ ട്രെയിന്‍ സൗകര്യവും ശരിയാകേണ്ടതുണ്ട്. ഇതെല്ലാം പരിഗണിക്കുമ്പോള്‍ ലോക്ക് ഡൗണ്‍ കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ പരീക്ഷ നടത്തുന്നത് വലിയ പ്രയാസമുണ്ടാക്കുമെന്നായിരുന്നു പരാതി. ഈ പശ്ചാത്തലത്തിലാണ് മുന്‍ ഉത്തരവ് തിരുത്തിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയിരിക്കുന്നത്. ഉത്തരവ് പ്രകാരം അതത് സര്‍വകലാശാലകള്‍ക്ക് അവിടുത്തെ സ്ഥിതിഗതികള്‍ പരിശോധിച്ചതിന് ശേഷം പരീക്ഷാ തിയതി തീരുമാനിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."