കൊവിഡ്-19ന്റെ പേരില്‍ ജാമ്യത്തിലിറങ്ങാന്‍ ശ്രമിച്ച് റിയാസ് മുസ്‌ലിയാര്‍ വധക്കേസ് പ്രതികള്‍
കാസര്‍കോട്: കൊവിഡ്-19ന്റെ പേരില്‍ ജാമ്യത്തിലിറങ്ങാന്‍ ശ്രമിച്ച് റിയാസ് മുസ്‌ലിയാര്‍ വധക്കേസ് പ്രതികള്‍. എന്നാല്‍ ഇതിനെ പ്രോസിക്യൂഷന്‍ ഭാഗം ശതമായി എതിര്‍ത്തിട്ടുണ്ട്. റിയാസ് മുസ്‌ലിയാര്‍ വധക്കേസിലെ പ്രതികളായ എസ്. നിധിന്‍(22), അഖിലേഷ് (27) എന്നിവരാണ് ജില്ലാ കോടതിയില്‍ കഴിഞ്ഞ ദിവസം ജാമ്യത്തിന് വേണ്ടി ഹരജി നല്‍കിയത്.
സംസ്ഥാനത്തെ ജയിലുകളില്‍ കൊവിഡ് ബാധ ഉണ്ടാകുമെന്ന നിഗമനത്തില്‍ പ്രതികളെ വിട്ടയക്കുമെന്ന പ്രതീക്ഷ ഉണ്ടായതാണ് ഇവര്‍ ജാമ്യത്തിനു വേണ്ടി ശ്രമിച്ചതെന്നാണ് സൂചന. ഒരാള്‍ അസുഖം ഉണ്ടെന്നു കാണിച്ചും മറ്റെയാള്‍ മൂന്നു വര്‍ഷമായി വിചാരണ കാത്തു ജയിലില്‍ കഴിയുകയാണെന്ന് കാണിച്ചുമാണ് ജാമ്യ ഹരജി നല്‍കിയത്.
എന്നാല്‍ 2018 ഓഗസ്റ്റ് ഒന്നിന് പ്രതികള്‍ സമര്‍പ്പിച്ച ജാമ്യ ഹരജി ഹൈക്കോടതി തള്ളിയ കാര്യം പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇതിനു പുറമെ കേസില്‍ വിചാരണ പൂര്‍ത്തിയായി കോടതി വിധി പറയാന്‍ ഇരിക്കെയാണ് പ്രതികള്‍ ജാമ്യ ശ്രമം നടത്തിയത്. കേസില്‍ പ്രതികള്‍ നിര്‍ദേശിച്ച ഒരു സാക്ഷിയെ മാത്രമാണ് ഇനി വിസ്തരിക്കാനുള്ളത്.
എന്നാല്‍ കോടതിയില്‍ വിചാരണവേളക്കിടെ പ്രസ്തുത സാക്ഷിയെ ഹാജരാക്കാന്‍ പ്രതികള്‍ക്ക് സാധിച്ചിരുന്നില്ല. കേസില്‍ ഇനി ചെറിയ സാങ്കേതിക കാര്യങ്ങള്‍ മാത്രമാണ് ചെയ്യാനുള്ളത്. അതിനിടയില്‍ കേസ് പരിഗണിച്ചിരുന്ന ജഡ്ജി സ്ഥലം മാറിപ്പോയിരുന്നു. തുടര്‍ന്ന് പുതിയ ജഡ്ജ് സ്ഥാനം ഏറ്റെടുക്കുമ്പോഴേക്കാണ് ജില്ലയില്‍ കൊവിഡ് 19 രൂക്ഷമായതും ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ നിലവില്‍ വന്നതും.
2017 മാര്‍ച്ച് ഇരുപതിനാണ് കൊടക് സ്വദേശിയും കാസര്‍കോട് പഴയ ചൂരി മദ്‌റസ അധ്യാപകനായിരുന്ന റിയാസ് മുസ്‌ലിയാരെ സംഘ്പരിവാര്‍ പ്രവര്‍ത്തകരായ മൂന്നു പേര്‍ ചേര്‍ന്ന് മസ്ജിദ് കോമ്പൗണ്ടിലെ മുറിയില്‍ കയറി അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. യാതൊരു പ്രകോപനങ്ങളും ഇല്ലാതെയാണ് പ്രതികള്‍ ഉറങ്ങാന്‍ കിടന്ന റിയാസ് മുസ്‌ലിയാരെ വധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."