ഇരു ഹറമുകളിൽ റമദാനിൽ ഇഅ്തികാഫ് അനുവദിക്കില്ലെന്ന് ഹറം കാര്യ വകുപ്പ്
മക്ക: കൊവിഡ്-19 വൈറസ് വ്യാപന പശ്ചാത്തലത്തിൽ മക്കയിലെ മസ്ജിദുൽ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും തറാവീഹ് നിസ്കാരത്തിനു നിയന്ത്രണം ഏർപ്പെടുത്തിയതോടൊപ്പം ഇഅ്തികാഫിനും വിലക്ക് ഏർപ്പെടുത്തി. ഇരു ഹറം കാര്യ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. റമദാനിൽ ഇരു ഹറമുകളിലും അഞ്ചു നേരത്തെ നിർബന്ധ നിസ്‌കാരങ്ങളിലും തറാവീഹ് നമസ്‌കാരത്തിലും പങ്കെടുക്കുന്നതിൽ നിന്ന് വിശ്വാസികളെ വിലക്കും. നേരത്തെ ഏർപ്പെടുത്തിയ വിലക്ക് റമദാനിലും തുടരുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്.
വിശുദ്ധ റമദാനിൽ ഹറമിലും പ്രവാചക മസ്ജിദിലും തറാവീഹ് നമസ്‌കാരങ്ങൾ നിർവഹിക്കും. ഹറമിനകത്തും മസ്ജിദുന്നബവിയിലും സേവനമനുഷ്ഠിക്കുന്ന ജീവനക്കാരും തൊഴിലാളികളും മാത്രമാണ് ഇതിൽ പങ്കെടുക്കുക. ഇരുപതു റകഅതിനു പകരം പത്തു റകഅത് ആയി ചുരുക്കുന്ന തറാവീഹ് നിസ്കാരത്തിനു രണ്ടു ഇമാമുമാരായിരിക്കും നേതൃത്വം നൽകുക. ആദ്യത്തെ ആറു റകഅത്തുകൾക്ക് ഒന്നാമത്തെ ഇമാമും രണ്ടാമത്തെ നാലു റകഅത്തുകൾക്കും മൂന്നു റകഅത്ത് വിത്‌റിനും രണ്ടാമത്തെ ഇമാമും നേതൃത്വം നൽകും. 29 ആം രാവിലെ തഹജ്ജുദ് നമസ്‌കാരത്തിലായിരിക്കും ഖത്മുൽ ഖുർആൻ പ്രാർത്ഥന.
തറാവീഹ്, തഹജ്ജുദ് നമസ്‌കാരങ്ങളിലെ പ്രത്യേക ഖുനൂത്ത് ഹ്രസ്വമാക്കുകയും മഹാമാരിയുടെ അറുതിക്കു വേണ്ടിയുള്ള പ്രാർഥനകൾക്കാണ് ഖുനൂത്തിൽ ഊന്നൽ നൽകുകയെന്നും ഹറം കാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. ഇത്തവണ ഹറമിൽ ഇഫ്ത്വാർ സംഗമം ഉണ്ടാകുകയില്ലെന്നും ഇഫ്ത്വാർ മക്കയിലെയും മദീനയിലെയും അർഹരായാവർക്ക് വീടുകളിൽ വിതരണം ചെയ്യുമെന്നും അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."