വൈറസിനും വര്‍ണവിവേചനമോ?
കൊവിഡ് - 19ന്റെ വിളനിലമായി മാറിയ അമേരിക്കയില്‍ വെള്ളക്കാരെക്കാള്‍ കൂടുതല്‍ രോഗം ബാധിക്കുന്നതും അതുമൂലം മരിക്കുന്നതും ആഫ്രിക്കന്‍ അമേരിക്കക്കാരാണ്. എന്തുകൊണ്ട് വൈറസ് ഈ വിവേചനം കാണിക്കുന്നു? കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്കന്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളും വളരെ ഗൗരവത്തോടെ ചര്‍ച്ച ചെയ്ത വിഷയമാണിത്. ഏപ്രില്‍ പതിനേഴാം തിയതി വരെ ലഭ്യമായ ഡാറ്റകളുടെ അടിസ്ഥാനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ രോഗം ബാധിക്കുന്നതും മരിക്കുന്നതും ഏകദേശം 67 ശതമാനം വരെ കറുത്ത വര്‍ഗക്കാരായ അമേരിക്കാരാണ്. കൃത്യമായ ഡാറ്റകള്‍ ഇനിയും വരാനിരിക്കുന്നതെയുള്ളൂ. എന്നാല്‍ ലുസ്സിയാനയില്‍ രോഗം ബാധിച്ച 33 ശതമാനത്തില്‍ മരിച്ചവരില്‍ 70 ശതമാനവും ജോര്‍ജിയ (അല്‍ബാനി) രോഗ ബാധയുള്ള 26 ശതമാനത്തില്‍ 44 ശതമാനവും സമാനമായി മറ്റു സ്റ്റേറ്റുകളായ മിഷിഗണ്‍, ഇല്ലിനോയിസ് (ഷിക്കഗോ), മേല്‍വാക്കി, ന്യൂയോര്‍ക്ക്, ന്യൂജെര്‍സി എന്നിവിടങ്ങളിലും ആഫ്രിക്കന്‍ അമേരിക്കക്കാരുടെ മരണ നിരക്ക് വളരെ കൂടുതലായി രേഖപ്പെടുത്തുന്നു. കറുത്ത വര്‍ഗക്കാര്‍ കൂടുതലായി താമസിക്കുന്ന ഒട്ടുമിക്ക സ്റ്റേറ്റുകളിലും സ്ഥിതി വ്യത്യസ്തമല്ല.
കറുത്ത വര്‍ഗക്കാരുടെ സാമ്പത്തിക പ്രയാസങ്ങള്‍ ഒട്ടനവധിയാണ്. വര്‍ണവിവേചനവും വര്‍ഗ വിവേചനവും ഇന്നും അമേരിക്കയില്‍ ബാക്കി നില്‍ക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ തെളിവുകളാണ് ഈ കറുത്ത മരണങ്ങള്‍. കറുത്തവര്‍ഗക്കാരായ ചിലരില്‍ തങ്ങള്‍ രോഗങ്ങള്‍ക്കു അതീതരാണെന്നും ശരീരബലം കൂടിയവരാണെന്നും മറ്റാരേക്കാളും പ്രതിരോധ ശക്തി കൂടുതലാണെന്നുമുള്ള തെറ്റായ ധാരണയുണ്ട്. അതുകൊണ്ടു തന്നെ എല്ലാവരും കഠിനാദ്ധ്വാനികളാണ്. കൃഷിയിടങ്ങളിലും ഫാക്ടറികളിലും കെട്ടിട നിര്‍മ്മാണങ്ങളിലും മുന്‍പന്തിയില്‍ അവരെ കാണുന്നു. അവരില്ലെങ്കില്‍ ഇവിടെ ബസുകളും മെട്രോകളും നിശ്ചലമാവും. നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കേണ്ടിവരും. ഇന്ന് അമേരിക്ക കാണുന്ന മഹാ സൗധങ്ങളും ഭൂഗര്‍ഭ ട്രെയിന്‍ സര്‍വിസുകളും ഇവരുടെ സംഭവനയാണെന്ന സത്യം ഒരു പക്ഷേ പുതിയ തലമുറക്കറിയില്ല. അമേരിക്കയെന്ന മുതലാളിത്ത രാജ്യം നിര്‍മിക്കുന്നതില്‍ കറുത്ത വര്‍ഗക്കാരുടെ വിയര്‍പ്പിന് നിര്‍ണായക പങ്കുണ്ട്. അവരുടെ വിയര്‍പ്പിന്റെ ഗന്ധം ഇന്നും ഇവിടങ്ങളില്‍ പരക്കുന്നുണ്ട് . പക്ഷേ വെള്ളക്കാരുടെ ആധിപത്യത്തില്‍ അവരിന്നും പരിതാപകരമായ അവസ്ഥയില്‍ ജീവിക്കുന്നു.
രണ്ടു ദിവസം മുന്‍പാണ് ന്യൂയോര്‍ക്കിലെ ഒരു ബസ് ഡ്രൈവര്‍ കൊറോണ ബാധിച്ച് മരിച്ചത്. അയാള്‍ ഓടിച്ചിരുന്ന ബസില്‍ കയറിയവരില്‍ പലരും ചുമക്കുന്നുണ്ടായിരുന്നു എന്ന് അയാള്‍ ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നു. ആരോഗ്യവാനായ ആ ചെറുപ്പക്കാരന്‍ അസുഖം രൂക്ഷമായി വെന്റിലേറ്റര്‍ കിട്ടാതെ മരിച്ചു. അയാളുടെ കുടുംബത്തില്‍ നാലുപേരും കൊറോണ പോസിറ്റീവായി ആശുപത്രിക്കിടക്കയിലാണ്.
ഇന്നലെകളില്‍ വെള്ളക്കാര്‍ നടത്തിയ സാമ്പത്തിക ചൂഷണവും അവസരങ്ങള്‍ നേടിയെടുക്കുന്നതില്‍ തടസം നിന്നതുമാണ് ഇന്ന് കറുത്ത വര്‍ഗക്കാര്‍ അനുഭവിക്കുന്ന ആരോഗ്യ വിവേചനം. ആഫ്രിക്കന്‍ അമേരിക്കക്കാര്‍ അധികവും സേവനമേഖലയില്‍ ജോലിചെയ്യുന്നവരാണ്. അതുകൊണ്ടുതന്നെ അവരുടെ വരുമാനത്തിന് പരിധികള്‍ ഏറെയാണ്. സാമ്പത്തികമായി അവര്‍ ഏണിപ്പടിയുടെ താഴെ തട്ടില്‍ നില്‍ക്കുന്നു. ഏണിയുടെ മുകള്‍ പടവുകള്‍ കയറാന്‍ അവരെ അനുവദിക്കുന്നില്ല. അവര്‍ക്കു ലഭിക്കുന്ന വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ ജോലിക്കും കടമ്പകള്‍ ഒരുപാടുണ്ട്. പലര്‍ക്കും സ്വന്തമായി വീടുകള്‍ ഇല്ല, വടകവീടുകളില്‍ കൂട്ടമായാണിവര്‍ താമസിക്കുന്നത്. പലപ്പോഴും ഒറ്റമുറി വീടായിരിക്കും. അവിടെ ഒരാള്‍ക്ക് കൊറോണ പോസിറ്റീവായാല്‍ അയാളെ ഐസോലേറ്റ് ചെയ്യാന്‍ മറ്റു മര്‍ഗമില്ലാതെ മറ്റുള്ളവരിലേക്കും രോഗം എത്തുന്നു. ടെസ്റ്റിങ് ഫെസിലിറ്റി വളരെ കുറവായതിനാല്‍ രോഗം സ്ഥിരീകരിക്കാന്‍ സമയം എടുക്കുന്നു. അശുപത്രികളിലാവട്ടെ ഇവര്‍ക്ക് മുന്‍ഗണന കൊടുക്കുന്നില്ല. സ്വന്തമായി വാഹനങ്ങള്‍ ഇല്ലാത്തതിനാല്‍ പൊതുവാഹനങ്ങള്‍ ഉപയോഗിച്ചാണ് യാത്രകള്‍. സാമൂഹിക അകലം പാലിക്കാനോ, മാസ്‌ക് ധരിക്കനോ ഇവര്‍ക്ക് സാധിക്കുന്നില്ല. കൊറോണയെ കുറിച്ച് ബോധവല്‍ക്കരണം അവരിലേക്ക് എത്തിച്ചേരുന്നില്ല. അവരുടെ വൈകുന്നേരങ്ങള്‍ മയക്കുമരുന്നിലും മദ്യത്തിലും അവസാനിക്കുന്നു. അടുക്കും ചിട്ടയുമില്ലാത്ത ജീവിതമാണ് പലര്‍ക്കും. തൊഴിലെടുത്ത് കിട്ടുന്ന ഡോളറിന്റെ ഒടുവിലത്തെ പെന്നിയും ചെന്നെത്തുന്നത് ക്ലബുകളിലും ചൂതാട്ടശാലയിലുമായിരിക്കും. ബാക്കിവയ്ക്കാന്‍ ഒന്നുമില്ലാത്തതിന്റെ വലിയ ശൂന്യതയിലാണ് പലരും. എല്ലാറ്റിലുമപരിയായി ഇവരില്‍ പലര്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോലുമില്ല, അതുകൊണ്ടുതന്നെ ആശുപത്രി സേവനം ഇവര്‍ക്ക് അന്യമാവുന്നു.
നേരത്തെ പറഞ്ഞപോലെ ആഫ്രിക്കന്‍ അമേരിക്കക്കാര്‍ ആരോഗ്യകരമായി കരുത്തുറ്റവരാണെന്ന ധാരണ പൊതുവിലുണ്ടെങ്കിലും ഭൂരിഭാഗവും പല അസുഖങ്ങളും ഉള്ളവരാണ്. പ്രമേഹം, പ്രഷര്‍, ഹൃദ്രോഗം, പൊണ്ണത്തടി, ആസ്തമ എന്നിവ ഇവരില്‍ ധാരാളമായി കണ്ടുവരുന്നു. ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ അഭാവത്തില്‍ മതിയായ ചികിത്സ ലഭിക്കുന്നില്ല. ഇവരില്‍ കൊറോണ കൂടി ബാധിച്ചാല്‍ മരണം ഉറപ്പാകുന്നു. ഇത്തരം രോഗങ്ങളുള്ളവരുടെ മരണനിരക്ക് കൊറോണക്കാലത്ത് വളരെ കൂടാന്‍ കാരണം അവരുടെ മുന്‍കാല അസുഖങ്ങള്‍ കൂടിയാണ്.
ആഫ്രിക്കന്‍ അമേരിക്കക്കാരുടെ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തനാണ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ 'ഒബാമ കെയര്‍' പദ്ധതി കൊണ്ടുവന്നത്. കുറച്ചുപേര്‍ മാത്രമാണ് ഈ പദ്ധതിയില്‍ ചേര്‍ന്നത്. കറുത്ത വര്‍ഗക്കാരില്‍ കണ്ടുവരുന്ന ദാരിദ്ര്യമാണ് വികസിത രാജ്യമായ അമേരിക്കയുടെ മറ്റൊരു പ്രശ്‌നം. 2017ല്‍ യു.എന്‍.ഒ ഇവരുടെ കാര്യത്തില്‍ ചില ഇടപെടലുകള്‍ നടത്തിയിരുന്നു. ലോകത്തിനുമുമ്പില്‍ സമത്വം അടിച്ചേല്‍പ്പിക്കുന്ന അമേരിക്ക, മൂന്നാം ലോകരാജ്യങ്ങളുടെ കാര്യത്തില്‍ അസമയങ്ങളില്‍ ധിക്കാരപൂര്‍വം കയറിവരുന്ന ലോക പൊലിസുകാരന്‍, സ്വന്തം നാട്ടിലെ ആഫ്രിക്കന്‍ അമേരിക്കക്കാരുടെ പട്ടിണിക്കും വേദനക്കും പരിഹാരം കാണാന്‍ ശ്രമിക്കാതിരിക്കുന്നത് അപഹസ്യമാണ്.
കൊറോണ പടര്‍ന്നു പിടിക്കുന്ന ഈ നാളുകളില്‍ ആഫ്രിക്കന്‍ അമേരിക്കക്കാരുടെ ആരോഗ്യ സംരക്ഷണത്തിന് എന്താണ് പോംവഴികള്‍ എന്ന ചര്‍ച്ച ഇവിടെ സജീവമാണ്. സ്റ്റേറ്റുകള്‍ അടിയന്തരമായി അവരുടെ ആരോഗ്യം സംരക്ഷിക്കാനുള്ള നടപടികള്‍ ആരംഭിക്കണം. അവരിലേക്ക് ഇറങ്ങിച്ചെന്നു റാപ്പിഡ് ടെസ്റ്റുകള്‍ നടത്തണം. പോസിറ്റീവായവരെ ചികിത്സിക്കുകയും രോഗം രൂക്ഷമായവരെ ആശുപത്രികളില്‍ വിദഗ്ധ ചികിത്സ നല്‍കി അവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരികയും ചെയ്യണം.
ആഫ്രിക്കന്‍ അമേരിക്കക്കാരില്‍ നാല്‍പത് ശതമാനവും സ്ത്രീകളാണ്. അവരില്‍ ഭൂരിഭാഗവും താമസിക്കുന്നത് നഗരങ്ങളിലാണ്. മെച്ചപ്പെട്ട ജീവിത സാഹചര്യം ഇല്ലാത്തതിനാല്‍ ഇവരില്‍ ആത്മഹത്യകള്‍ കൂടി വരുന്നു. ഇവര്‍ക്ക് ശാരീരികമായും മാനസികമായും പരിരക്ഷ നാല്‍കേണ്ടത് സ്റ്റേറ്റിന്റെ അനിവാര്യമായ കടമയാണ്. ഇവരുടെ നിസ്സഹായവസ്ഥകള്‍ മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കാറുണ്ട്. വൈറ്റ്ഹൗസ് പലതും ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്, പക്ഷേ അതൊന്നും എവിടെയും എത്തുന്നില്ലന്നു മാത്രം. പ്രസിഡന്റ് ട്രംപും കറുത്തവരുടെ അനിയന്ത്രിതമായ മരണങ്ങളില്‍ ആശങ്കാകുലനാണ്. കഴിഞ്ഞ വാര്‍ത്താ സമ്മേളനത്തില്‍ പകര്‍ച്ചവ്യാധി സംഘത്തലവന്‍ ഡോ. ഫൗച്ചി ഇക്കാര്യം ട്രംപിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. രോഗ വ്യാപനം തടയുന്നതിന് ആവശ്യമായതെല്ലാം ചെയ്യാന്‍ പ്രസിഡന്റ് നിര്‍ദേശിക്കുകയും ചെയ്തു.
അമേരിക്ക ഒരു മുതലാളിത്വ രാജ്യമാണ്, അവിടെ എല്ലാം സ്വകാര്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. കച്ചവടമനസ്സുള്ള വെള്ള മുതലാളിമാരുടെ ലക്ഷ്യം ലാഭം മാത്രമണ്. അതുകൊണ്ടുതന്നെ പണമില്ലെങ്കില്‍ വിദ്യാഭ്യാസവുമില്ല. ആശുപത്രി ചികിത്സയുമില്ല. ദരിദ്രരായ ആഫ്രിക്കന്‍ അമേരിക്കക്കാരുടെ നിസ്സഹായത വിവരണാതീതമാണ്. ഇവരില്‍ കൊറോണ ടെസ്റ്റുകള്‍ നടത്താന്‍ മതിയായ കിറ്റുകളോ ആശുപത്രി സൗകര്യങ്ങളോ നിലവില്‍ ഇല്ലെന്നതാണു പരമമായ സത്യം. നൂറില്‍ പത്തുപേര്‍ക്കെങ്കിലും കൊറോണ ബാധിച്ചതായി കണക്കാക്കപ്പെടുന്നു. അതീവ ശോചനീയമാണ് ഇവരുടെ ജീവിതാവസ്ഥ. കൊറോണ ബാധിച്ച് മരിച്ച 17 മൃതദേഹങ്ങള്‍ ബ്രൂക്ലിന്‍ ആശുപത്രിയുടെ മൂലയില്‍ അടുക്കിവച്ച വാര്‍ത്ത ഞെട്ടലോടെയാണ് വായിച്ചത്. നാമൊക്കെ കൊട്ടിഘോഷിച്ച ലോകത്തിലെ വികസിത രാജ്യത്തിന്റെ മറ്റൊരു ചിത്രമാണ് നിര്‍ഭാഗ്യവശാല്‍ കാണാന്‍ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."