ഇളവുകളിലെ ആശങ്കയും ആശയക്കുഴപ്പവും
ലോക്ക് ഡൗണില്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും പ്രഖ്യാപിച്ച ഇളവുകളില്‍ സര്‍വത്ര ആശയക്കുഴപ്പമുണ്ട്. ഇതിന്റെ ഫലമായി പല സ്ഥലങ്ങളിലും ജനങ്ങള്‍ കൂട്ടമായി തെരുവിലിറങ്ങുകയും വാഹനങ്ങള്‍ റോഡുകളില്‍ നിറയുകയുമുണ്ടായി. തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ നടപ്പിലാവേണ്ട ഇളവുകള്‍ ജനങ്ങള്‍ രാവിലെ മുതല്‍ തന്നെ ഉപയോഗപ്പെടുത്തുകയായിരുന്നു. ഫലത്തില്‍ ലോക്ക് ഡൗണ്‍ ലംഘിക്കുന്ന അവസ്ഥയാണുണ്ടായത്.
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ക്കപ്പുറത്തേക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഇളവുകള്‍ വന്നതാണ് ആശയക്കുഴപ്പത്തിനു കാരണമായത്. ഇതുകാരണം ഇളവുകളില്‍ ചിലതിനു മാറ്റം വരുത്തേണ്ടിയും വന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിന് ഇളവുകളില്‍ മാറ്റം വരുത്തേണ്ടിവന്നത്. തുടര്‍ച്ചയായി നടന്നിരുന്ന സര്‍ക്കാര്‍ തലത്തിലുള്ള അവലോകന യോഗമോ കൂടിയാലോചനകളോ നടത്താതെയായിരുന്നു ഇളവുകള്‍ നടപ്പാക്കിയത്.
സ്പ്രിംഗ്ലര്‍ വിവാദം പൊട്ടിപ്പുറപ്പെട്ടതും കെ.എം ഷാജി എം.എല്‍.എ മുഖ്യമന്ത്രിക്കെതിരേ നടത്തിയ ആരോപണവും അതുവരെ നടത്തിപ്പോന്ന മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തെയും കൊവിഡ് അവലോകന യോഗങ്ങളെയും തകിടംമറിച്ചു എന്നതാണു നേര്. ആരോപണങ്ങള്‍ നേരിടുന്നതിലായി പിന്നീട് സര്‍ക്കാരിന്റെ ശ്രദ്ധ. അപ്പോള്‍ ഇളവുകളില്‍ ഉദ്യോഗസ്ഥര്‍ക്കു സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി തീരുമാനങ്ങളെടുക്കേണ്ടിവരികയുമുണ്ടായി. ഇതിന്റെ ഫലമായാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ജനങ്ങള്‍ കൂട്ടമായി തെരുവിലിറങ്ങിയതും റോഡുകളില്‍ ഗതാഗതക്കുരുക്കു വരെ ഉണ്ടായതും.
നിര്‍ദേശങ്ങള്‍ ലംഘിക്കരുതെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിയെ കത്തു മുഖേന അറിയിച്ചതിനെത്തുടര്‍ന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്ന ഇളവുകളില്‍ പലതും സംസ്ഥാന സര്‍ക്കാരിനു റദ്ദാക്കേണ്ടി വന്നത്. ഘട്ടം ഘട്ടമായുള്ള ഇളവുകളിലൂടെ കൊവിഡിന്റെ പിടിയില്‍ നിന്ന് പൂര്‍ണമായും രക്ഷപ്പെടാമെന്നു കരുതുന്നത് അപ്രായോഗികമാണെന്നാണ് ഇപ്പോള്‍ വിദഗ്ധര്‍ പറയുന്നത്. അതിനവര്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത് സിങ്കപ്പൂരിനെയാണ്. കൊവിഡ് ചൈനയിലെ വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ തന്നെ കര്‍ശനമായ സുരക്ഷാ നടപടികളായിരുന്നു സിങ്കപ്പൂര്‍ സ്വീകരിച്ചത്. അതിന്റെ ഫലമായി കൊവിഡിനെ ആദ്യം അവര്‍ക്കു പിടിച്ചുനിര്‍ത്താനും കഴിഞ്ഞു. പിന്നീട് നിയന്ത്രണങ്ങളില്‍ അയവുവന്നപ്പോള്‍ രാജ്യമാകെ കൊവിഡ് പടര്‍ന്നുപിടിക്കുകയുമുണ്ടായി.
ഇതേ അവസ്ഥയിലേക്കാണോ കേരളവും നീങ്ങിക്കൊണ്ടിരിക്കുന്നതെന്നു ഭയപ്പെടേണ്ടിയിരിക്കുന്നു. കൊവിഡിനെതിരേയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരളം വലിയ വിജയം നേടിയിട്ടുണ്ട്. എന്നാല്‍ പൂര്‍ണ വിജയം നേടിയിട്ടുമില്ല. രോഗത്തെ പ്രതിരോധിച്ചുനിര്‍ത്തുന്നതില്‍ കേരളം നേടിയ വിജയത്തെ കേന്ദ്ര സര്‍ക്കാര്‍ പ്രശംസിച്ചിരുന്നു. ലോകാരോഗ്യ സംഘടനയും കേരളത്തെ അഭിനന്ദിച്ചു. ഇതുകാരണം. കൊവിഡിനെതിരേയുള്ള കേരളത്തിന്റെ കരുതല്‍ അല്‍പം അയഞ്ഞിട്ടുണ്ട്. എന്നാല്‍ സംസ്ഥാനം ഇപ്പോഴും കൊവിഡിന്റെ പിടിയില്‍ തന്നെയാണ്. ഒരു ചെറിയ അനാസ്ഥ മതിയാകും ഇതുവരെ നടത്തിയ കഠിനാദ്ധ്വാനങ്ങളെല്ലാം പാഴാകാന്‍.
രാജ്യത്തു രോഗം സ്ഥിരീകരിച്ച 80 ശതമാനം ആളുകള്‍ക്കും പ്രത്യക്ഷത്തില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്. രോഗമില്ലെന്ന ധാരണയില്‍ ഇളവുകള്‍ ആസ്വദിച്ചു പുറത്തിറങ്ങിയവര്‍ രോഗികളോ രോഗവാഹകരോ അല്ലെന്ന് ആരുകണ്ടു? വൈറസ് ബാധയുടെ ലക്ഷണം കാണിക്കാത്ത രോഗികള്‍ ആശങ്കയുളവാക്കുന്നതാണെന്നും അവരിലൂടെ സമൂഹവ്യാപനം പെട്ടെന്നു സംഭവിക്കുമെന്നുമാണ് ഐ.സി.എം.ആര്‍ ഹെഡ് സയന്റിസ്റ്റ് രാമന്‍ ആര്‍. ഗംഗാഖേദ്ക്കര്‍ പറയുന്നത്. അതിനാല്‍ സമ്പര്‍ക്കവഴികള്‍ അടയ്ക്കുക എന്നതു തന്നെയാണ് മുന്നിലുള്ള വഴിയെന്നും അദ്ദേഹം പറയുന്നു.
എല്ലാം കഴിഞ്ഞെന്ന ധാരണയായിരിക്കും ഇപ്പോഴത്തെ ഇളവുകള്‍ പൊതുസമൂഹത്തിലുണ്ടാക്കുക. എന്നാല്‍ നീണ്ടകാലം വീടുകളില്‍ കഴിഞ്ഞുകൂടുക എന്നതും അപ്രായോഗികമാണ്. സാമൂഹിക, സാമ്പത്തിക പ്രതിസന്ധികള്‍ക്കപ്പുറം മനുഷ്യരുടെ മാനസികത്തകര്‍ച്ചയ്ക്കും നീണ്ടകാലത്തെ അടച്ചിടല്‍ കാരണമാകുമെന്നു മാനസികാരോഗ്യ വിദഗ്ധര്‍ പറയുന്നു.
രോഗവ്യാപനം തടയാന്‍ ഇളവുകളില്‍ വ്യക്തത വരുത്തുന്നതോടൊപ്പം തന്നെ ജനങ്ങള്‍ ശാരീരിക അകലം പാലിക്കുന്നതിലും മാസ്‌ക് ഉപയോഗിക്കുന്നതിലും മറ്റു സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിലും സര്‍ക്കാര്‍ കണിശത പുലര്‍ത്തണം. കൊവിഡ് പ്രതിരോധിച്ചുനിര്‍ത്തേണ്ടതിന്റെ ആവശ്യകത വിവരിക്കുന്ന ലഘുലേഖകള്‍ സര്‍ക്കാര്‍ തലത്തില്‍ വിതരണം ചെയ്യുന്നത് ഉചിതമായിരിക്കും. നീണ്ടകാലം വീടിനുള്ളില്‍ കഴിയേണ്ടിവരുമ്പോള്‍ വ്യക്തികള്‍ക്കുണ്ടാകുന്ന മാനസിക സംഘര്‍ഷം ഇല്ലാതാക്കാന്‍ പഞ്ചായത്തുകള്‍ തോറും വീടുകളില്‍ ചെന്നു കൗണ്‍സിലിങ് നല്‍കുന്നതും അഭികാമ്യമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."