റമദാന് പടിവാതില്ക്കല്.. 'ലോക്ഡൗണ്‍ കാലം' പ്രയോജനപ്പെടുത്തി പ്രവാസലോകത്തും 'നനച്ചു കുളി' സജീവം..
മനാമ: വിശുദ്ധ റമദാന് സമാഗതമാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ പ്രവാസ ലോകത്തും 'നനച്ചുകുളി' സജീവമാകുന്നു..
വിശുദ്ധ മാസത്തെ സ്വാഗതം ചെയ്യാനായി വിശ്വാസികള്‍ ശാരീരികമായും മാനസികമായും നേരത്തെ തന്നെ തയ്യാറെടുത്തു വരാറുണ്ട്. എന്നാല്‍ കൂടുതല്‍ പേരും റമദാനിനോട് ചേര്‍ന്ന തൊട്ടടുത്ത ദിവസങ്ങളിലാണിവ ചെയ്യാറുള്ളത്.
പ്രധാനമായും സ്വന്തം വീടും പരിസരവും പൂര്‍ണ്ണമായി വൃത്തിയാക്കുന്നതിനാണ് നാട്ടിന്‍പുറങ്ങളില്‍ 'നനച്ചുള്ളി' അല്ലെങ്കില്‍ 'നനച്ചുകുളി', 'അത്താഴം വെക്കല്‍', 'വെടിപ്പാക്കല്‍' എന്നെല്ലാം പറഞ്ഞു വരുന്നത്.
വീട്ടിലെ മുഴുവന്‍ സാധന സാമഗ്രികളും വീട്ടുപകരണങ്ങളുമെല്ലാം സന്പൂര്‍ണ്ണമായി വൃത്തിയാക്കുക, വീടും പരിസരവുമെല്ലാം വെള്ളമൊഴിച്ച് അടിച്ച് കഴുകുക, കര്ട്ടണ്, മുസ്വല്ല തുടങ്ങി വല്ലപ്പോഴും വൃത്തിയാക്കുന്നവയും അലക്കിയിടുക, ചുമര്പെയിന്റ് ചെയ്യുക, ഗ്ലാസ്സുകള്‍ ക്ലീന്‍ ചെയ്യുക.. തുടങ്ങി 'നനച്ചുകുളി'യുടെ ഭാഗമായി നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏറെയാണ്.
പക്ഷേ പലപ്പോഴും പ്രവാസ ലോകത്തെ തിരക്കിട്ട ജോലിക്കിടയിലും യാന്ത്രിക ജീവിതത്തിലും ഇതിനൊന്നും ചെയ്യാന്‍ പലര്‍ക്കും സമയം ലഭിക്കാറില്ല.
എന്നാല്‍ പുതിയ സാഹചര്യത്തില്‍ ജോലിയില്ലാതെ റൂമിലിരിക്കുന്നവരും ജോലി സമയം കുറഞ്ഞവരുമാണിപ്പോള് പ്രവാസികളിലേറെയും. അതു കൊണ്ടു തന്നെ ഫ്ലാറ്റിനകവും പുറവും വൃത്തിയാക്കുന്ന ഗൃഹാതുര സ്മരണകള്‍ അയവിറക്കിയുള്ള 'നനച്ചു കുളി'കള്‍ ഇത്തവണ പ്രവാസ ലോകത്തും സജീവമായി നടക്കുന്നുണ്ട്.
കോവിഡ്19 വൈറസ് ഭീതിയുടെ പശ്ചാതലത്തില്‍ ഇത്തരം സന്പൂര്ണ്ണ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്നതിനാല് ജാതി-മത ഭേദമന്യെ എല്ലാ പ്രവാസികളും 'നനച്ചു കുളി'യിലിപ്പോള്‍ സജീവമാണ്.
ഗള്‍ഫ് രാജ്യങ്ങള്‍ റമദാനോടൊപ്പം ചൂട് കാലാവസ്ഥയിലേക്ക് കൂടി പ്രവേശിക്കാനിരിക്കെ 'നനച്ചു കുളി'ക്കൊപ്പം എ.സി സര്‍വ്വീസ് ചെയ്യുന്നവരുമിപ്പോള് ഏറെയാണ്. ഫ്ലാറ്റില്‍ മൂട്ട ശല്യമുള്ള റൂമുകാരെല്ലാം മറ്റു റൂമുകാരെയും കൂടെ കൂട്ടി സംയുക്തമായി 'മൂട്ടമരുന്ന്' അടിച്ചും 'നനച്ചു കുളി' ഗംഭീരമാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."