മൊബൈല്‍ ഫോണില്ലാത്തതിനാല്‍ തിരിച്ചയച്ച ആദിവാസി കുടുംബങ്ങള്‍ക്ക് ഒടുവില്‍ റേഷന്‍
കാളികാവ്: മൊബൈല്‍ ഫോണില്ലാത്തതിന്റെ പേരില്‍ കഴിഞ്ഞ ദിവസം അരി ലഭിക്കാതെ നിരാശരായി മടങ്ങേണ്ടി വന്ന ആദിവാസികള്‍ക്ക് ഒടുവില്‍ റേഷന്‍ ലഭിച്ചു. ചോക്കാട് പഞ്ചായത്തിലെ ചിങ്കക്കല്ല് കോളനിയിലെ ഏഴ് ആദിവാസി കുടുംബങ്ങളാണ് മൊബൈല്‍ ഫോണ്‍ ഇല്ലാത്തതിനാല്‍ റേഷന്‍ അരി ലഭിക്കാതെ കഴിഞ്ഞ ദിവസം നിരാശരായി മടങ്ങേണ്ടി വന്നത്.
മഞ്ഞ കാര്‍ഡുള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രകാരമുള്ള അരി വിതരണം നടത്തുന്നു എന്ന് കേട്ടറിഞ്ഞാണ് മാതന് കുട്ടി ഉള്‍പ്പടെ ഏഴ് ആദിവാസികള്‍ തിങ്കളാഴ്ച കാടിറങ്ങി മരുതങ്ങാടിലെ റേഷന്‍ കടയിലെത്തിയത്. എന്നാല്‍ ഒ.ടി.പി നമ്പര്‍ വഴിയാണ് വിതരണമെന്നതിനാല്‍ ഫോണില്ലാതെ കൂടുതല്‍ പേര്‍ക്ക് റേഷന്‍ അരി നല്കാന് സാധിക്കില്ലെന്ന് വ്യാപാരി ആദിവാസികളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അധികൃതരുടെ അനുവാദത്തോടെ മൂന്ന് കുടുംബങ്ങള്‍ക്കുള്ള അരി ഒ.ടി.പി രേഖപ്പെടുത്താതെ തന്നെ നല്‍കിയിരുന്നു. ബാക്കി കുടുംബങ്ങള്‍ക്ക് പിന്നീട് നല്‍കാമെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. ആദിവാസികളെ റേഷന്‍ നല്‍കാതെ തിരിച്ചയച്ചതായുള്ള സുപ്രഭാതം വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ ഇവര്‍ക്ക് അരി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഇന്നലെ തന്നെ നല്‍കാനുള്ള നടപടി സ്വീകരിക്കുകയായിരുന്നു. ഇന്നലെ കാലത്ത് 10 മണിയോടെ തന്നെ കോളനിയിലെ മുഴുവന്‍ ആദിവാസികള്‍ക്കുമുള്ള അരി വിതരണം പൂര്‍ത്തിയാക്കി. ഇവര്‍ക്കുള്ള പലവ്യഞ്ജന കിറ്റ് വിതരണം ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ പൂര്‍ത്തിയാക്കിയിരുന്നു.
കഴിഞ്ഞ ദിവസം നിരാശരായി മടങ്ങേണ്ടി വന്നതില്‍ പ്രതിഷേധവും പരിഭവവും ഒന്നും കാണിക്കാതെ, അരി ലഭിച്ച സന്തോഷത്തില്‍ അവര്‍ വീണ്ടും കാടുകയറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."