ഇരു ഹറമുകളിലും തറാവീഹ് നിസ്‌കാരത്തിനു പുറത്തുള്ളവര്‍ക്ക് പ്രവേശനമില്ല
മക്ക: സഊദിയില്‍ കോവിഡ്-19 വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ഇരു ഹറമുകളില്‍ റമദാനില്‍ നിയന്ത്രണം കര്‍ശനമായി തുടരുമെന്ന് ഹറം കാര്യാലയ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. നിലവിലെ നിയന്ത്രണം തുടരുന്നതിനാല്‍ റമദാനിലെ പ്രത്യേക നിസ്‌കാരമായ തറാവീഹ് നിസ്‌കാരത്തിന് പൊതു ജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുകയിലെന്ന് അധികൃതര്‍ അറിയിച്ചു.
ഹറം ജീവനക്കാരും ഉദ്യോഗസ്ഥരും മാത്രമായി റമദാനിലെ രാത്രി നിസ്‌കാരങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് തീരുമാനം. പതിവിന് വിപരീതമായി പത്ത് റക്അത്ത് മാത്രം പൂര്‍ത്തീകരിച്ച് തറാവീഹ് ചുരുക്കാനും തീരുമാനമുണ്ട്. കൂടുതല്‍ സമയം ആളുകള്‍ കൂടിയിരിക്കുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണിത്. റമദാനില്‍ ഉംറ തീര്‍ഥാടനം അനുവദിക്കുകയില്ലെന്ന് അധികൃതര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഹറമില്‍ സമ്പൂര്‍ണ അണു നശീകരണ പ്രവൃത്തികള്‍ ഓരോ ദിനവും തുടരുന്നതോടൊപ്പം ജീവനക്കാരെ ശരീര താപനില നോക്കിയതിന് ശേഷമാണ് പ്രവേശിപ്പിക്കുന്നത്.
ഇതോടൊപ്പം റമദാനില്‍ ഹറമില്‍ നടക്കുന്ന ലോകത്തെ ഏറ്റവും വലിയ സമൂഹ നോമ്പ് തുറയും ഇത്തവണ ഓര്‍മ മാത്രമാകും. ഇഫ്ത്വാര്‍ ഒഴിവാക്കി ഭക്ഷ്യ വിഭവങ്ങള്‍ മക്കയിലേയും മദീനയിലേയും വീടുകളില്‍ എത്തിക്കുകയാണ് ചെയ്യുകയെന്ന് ഇരു ഹറം കാര്യാലയ വകുപ്പ് മേധാവിയും ഹറം പള്ളി ചീഫ് ഇമാമുമായ ഡോ. അബ്ദുറഹ്മാന്‍ അല്‍ സുദൈസ് അറിയിച്ചു. റമദാനില്‍ ഉടനീളം ഹറമിലേക്ക് ഒരു നേരവും വിശ്വാസികള്‍ക്ക് പ്രവേശനമുണ്ടാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ സഊദിയില്‍ ഇരു ഹറമുകളില്‍ ഒഴികെ ഒരു പള്ളികളിലും സംഘടിത നിസ്‌കാരം നടക്കുന്നില്ല.മദീനയിലെ മസ്ജിദുന്നബവിയില്‍ റമദാനില്‍ തറാവീഹ് നമസ്‌കാരം നടക്കുമെന്ന് മസ്ജിദുന്നബവി അണ്ടര്‍ സെക്രട്ടറി ജംആന്‍ അസീരി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."