എന്‍.സി.സി പരിശീലനത്തിലുള്ള അധ്യാപകര്‍ മഹാരാഷ്ട്രയില്‍ കുടുങ്ങി
കല്‍പ്പറ്റ: എന്‍.സി.സി പരിശീലനത്തിലുള്ള അധ്യാപകര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ കുടുങ്ങി. എന്‍.സി.സി ഓഫിസര്‍മാരായ കേരളത്തില്‍ നിന്നുള്ള 20 പേരുള്‍പ്പെടെ 281 അധ്യാപകരാണ് പരിശീലനം പൂര്‍ത്തിയാക്കി തിരിച്ചെത്താനാവാതെ കുടുങ്ങിയത്.
വിവിധ സംസ്ഥാനങ്ങളിലെ സ്‌കൂളുകളില്‍ നിന്നായി എന്‍.സി.സി ചുമതല വഹിക്കുന്ന 281 അധ്യാപകര്‍ 60 ദിവസത്തെ പ്രീ കമ്മിഷന്‍ കോഴ്‌സ് (പി.ആര്‍.സി.എന്‍) പരിശീലനത്തിനാണ് മഹാരാഷ്ട്രയിലെ നാഗ്പൂരിനടുത്ത കാമ്പിയിലെ ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിലെത്തിയത്. 2020 ഫെബ്രുവരി 10 മുതല്‍ ഏപ്രില്‍ ഒന്‍പതുവരെ 60 ദിവസത്തെ പരിശീലനമാണ് നിശ്ചയിച്ചിരുന്നത്.
പരിശീലനം പൂര്‍ത്തിയാക്കി ഒന്‍പതിന് പാസിങ് ഔട്ട് പരേഡ് നടത്തി 10ന് നാട്ടിലേക്കു തിരിച്ചുവരാനുള്ള ടിക്കറ്റ് ബുക്കുചെയ്താണ് ഭൂരിഭാഗം പേരും പരിശീലനത്തിനെത്തിയത്. എന്നാല്‍ പരിശീലനത്തിനിടെ രാജ്യത്തു ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇവരുടെ തിരിച്ചുവരവ് മുടങ്ങി. അതിനിടെ പാസിങ് ഔട്ട് പരേഡ് നിര്‍ത്തിവച്ച് പരിശീലനം തുടരാനും 15 വരെ കോഴ്‌സ് കാലാവധി നീട്ടാനുമുള്ള തീരുമാനവും വന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ കാലാവധി മെയ് മൂന്നുവരെ നീട്ടിയതോടെ ഇവരുടെ പരിശീലനം വീണ്ടും നീട്ടിയിരിക്കുകയാണ്. ഇതോടെ 60 ദിവസത്തെ പരിശീലനത്തിനു പുറപ്പെട്ടവര്‍ക്ക് 24 അധിക ദിവസമുള്‍പ്പെടെ 84 ദിവസം ട്രെയിനിങ് അക്കാദമിയില്‍ കഴിയേണ്ട സ്ഥിതിയാണ്.
10 വയനാട്ടുകാരും നാലു കണ്ണൂരുകാരും രണ്ടു തിരുവനന്തപുരത്തുകാരും പാലക്കാട്, തൃശൂര്‍, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഓരോ അധ്യാപകരുമടങ്ങുന്നതാണ് സംഘം. പരിശീലനം പൂര്‍ത്തിയാക്കി തിരിച്ചുവരാനായി രണ്ടു തവണ വിമാന-ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നു ഇവര്‍. രണ്ടു തവണയും ടിക്കറ്റ് റദ്ദാക്കിയതിനാല്‍ അടച്ച തുക തിരികേ ലഭിച്ചില്ല. പുതുതായി മൂന്നാം തവണ വീണ്ടും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പണമില്ലാതെ പ്രയാസപ്പെടുകയാണെന്ന് അധ്യാപകര്‍ പറയുന്നു.
വസ്ത്രം, ഭക്ഷണം, യാത്ര, പരിശീലനത്തിനുള്ള യൂണിഫോം തുടങ്ങിയവയ്ക്കായി പണം ആദ്യം അധ്യാപകര്‍ മുടക്കണം. പിന്നീട് അക്കാദമിയില്‍നിന്ന് തുക അനുവദിക്കുകയാണ് പതിവ്. ഈയിനത്തിലും വലിയൊരു തുക ചെലവായിട്ടുണ്ടെന്നാണ് അധ്യാപകര്‍ പറയുന്നത്. മഹാരാഷ്ട്രയില്‍ കൊവിഡ്-19 വ്യാപനമുള്ളതിനാല്‍ മെയ് മൂന്നിനു ശേഷവും ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്ന ആശങ്കയുമുണ്ട്.
അതേസമയം തങ്ങളെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് അധ്യാപകര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."