ക്ഷാമസൂചന നല്‍കി മുഖ്യമന്ത്രി; കൃഷിക്കിറങ്ങാന്‍ നിര്‍ദേശം
തിരുവനന്തപുരം: കൊവിഡ്- 19 ഭീഷണി ഇങ്ങനെ തുടര്‍ന്നാല്‍ ഉപഭോക്തൃ സംസ്ഥാനമായ കേരളം ക്ഷാമത്തിലേക്കു പോകുമെന്ന സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ദിവസങ്ങളോ മാസങ്ങളോ കൊണ്ട് സംസ്ഥാനം ക്ഷാമത്തിലേക്കു പോകില്ലെങ്കിലും കരുതലോടെ മുന്നോട്ടുപോകണമെന്ന് നിര്‍ദേശിച്ച മുഖ്യമന്ത്രി എല്ലാവരും കൃഷിയിലേക്ക് തിരിയണമെന്നും പറഞ്ഞു.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വിവിധ രംഗങ്ങളില്‍ സംസ്ഥാനത്തിനു തിരിച്ചടിയുണ്ടായി. ഭക്ഷ്യധാന്യങ്ങള്‍ പൂര്‍ണമായി ഉല്‍പാദിപ്പിക്കാന്‍ സംസ്ഥാനത്തിനു പരിമിതിയുണ്ട്. അതുകൊണ്ട് കാര്‍ഷികരംഗത്ത് എല്ലാവരും ഇടപെടണം. ഇന്നത്തെ നിലയില്‍ മികച്ച ഭക്ഷ്യശേഖരം സംസ്ഥാനത്തുണ്ട്. 5,68,556 ടണ്‍ അരി, 1,36,631 ടണ്‍ ആട്ട, 9,231 ടണ്‍ പയര്‍വര്‍ഗങ്ങള്‍, 2,636 ടണ്‍ ഉള്ളി, 3,71,000 ലിറ്റര്‍ സണ്‍ഫ്‌ളവര്‍ എണ്ണ, 21,55,000 ലിറ്റര്‍ വെളിച്ചെണ്ണ, 12,652 ടണ്‍ പഞ്ചസാര എന്നിങ്ങനെ സംസ്ഥാനത്തു കരുതല്‍ ശേഖരമുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള ചരക്കുനീക്കത്തിലും പ്രശ്‌നമില്ല. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളെ കൊവിഡ് എങ്ങനെ ബാധിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും സംസ്ഥാനത്തെ സാഹചര്യം. ഈ പ്രതിസന്ധി തുടര്‍ന്നുപോയാല്‍ സാഹചര്യങ്ങളില്‍ മാറ്റമുണ്ടാകും.
വരാനുള്ള പ്രശ്‌നങ്ങള്‍ മുന്നില്‍കണ്ട് കൃഷി വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് വിപുലമായ കാര്‍ഷിക പദ്ധതി നടപ്പാക്കാന്‍ ആലോചിക്കുകയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ അവരുടെ പരിധിയില്‍ തരിശായിക്കിടക്കുന്ന സ്ഥലങ്ങളില്‍ കൃഷി ചെയ്യണം. ചെറിയ തോതിലെങ്കിലും വീട്ടുവളപ്പിലും വീടിന്റെ മട്ടുപ്പാവിലും എല്ലാവരും കൃഷി ചെയ്യണം. കാര്‍ഷിക മേഖലയില്‍ അനുയോജ്യമായ ഭാവിതന്ത്രം ആവിഷ്‌കരിക്കാന്‍ ശ്രമിക്കും. എല്ലാവരും ഇതുമായി സഹകരിക്കണം. പച്ചക്കറി കൃഷി പോലെ നെല്‍കൃഷിയും കിഴങ്ങു വര്‍ഗങ്ങളുടെ കൃഷിയും വ്യാപിപ്പിക്കണം.
ദുര്‍ഘടഘട്ടം അഭിമുഖീകരിക്കേണ്ടിവരുമെന്നു കണ്ട് മരച്ചീനി കൃഷി വ്യാപിപ്പിക്കണം. ഏതെങ്കിലും സാഹചര്യത്തില്‍ ക്ഷാമമുണ്ടായാല്‍ ബാധിക്കാതിരിക്കാന്‍ ഇത്തരം കരുതലുകള്‍ ആവശ്യമാണ്. പഴവര്‍ഗങ്ങളും ഫലവൃക്ഷങ്ങളും വളര്‍ത്താന്‍ കഴിയണം. വാഴകൃഷി ശക്തിപ്പെടുത്തണം. പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനു കൂടുതല്‍ ഉല്‍പാദിപ്പിക്കേണ്ടതുണ്ട്. മൃഗസംരക്ഷണവും ശക്തമായി നടത്തണമെന്നും അതിനുള്ള പദ്ധതിയും ആവിഷ്‌കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."