സര്‍ക്കാരിനെ പിന്തുണച്ച് സി.പി.എം സെക്രട്ടേറിയറ്റ്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ ഇടപാടിലെ നടപടിക്രമങ്ങളുടെ പുനഃപരിശോധന കൊവിഡ് ഭീതി ഒഴിഞ്ഞതിനുശേഷം മതിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. സര്‍ക്കാര്‍ നടത്തുന്ന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും പ്രതിപക്ഷം ഉയര്‍ത്തുന്ന വിവാദങ്ങള്‍ രാഷ്ട്രീയലക്ഷ്യത്തോടെയുള്ളതാണെന്നും യോഗം വിലയിരുത്തി. കൊവിഡ് വ്യാപനത്തിനുശേഷം ആദ്യമായി ചേര്‍ന്ന അവയ്‌ലബിള്‍ സെക്രട്ടേറിയറ്റ് യോഗം മുഖ്യമന്ത്രി പിണറായി വിജയന് പൂര്‍ണ പിന്തുണ നല്‍കാനും തീരുമാനിച്ചു. സ്പ്രിംഗ്ലര്‍ ഇടപാട് സംബസിച്ച് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് മുഖ്യമന്ത്രി തന്നെ യോഗത്തില്‍ വിശദീകരിച്ചു. അസാധാരണമായ സാഹചര്യത്തില്‍ അസാധാരണമായ നടപടിയെടുക്കേണ്ടിവരുമെന്നും വിവരങ്ങള്‍ ദുരുപയോഗം ചെയ്യാതിരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അടിയന്തര സാഹചര്യം പരിഗണിച്ച് സര്‍ക്കാരിന് ഇക്കാര്യത്തില്‍ യുക്തമായ നടപടികള്‍ സ്വീകരിക്കാമെന്നും വിവരങ്ങള്‍ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുകയില്ലെന്ന് ഉറപ്പാക്കണമെന്നും തീരുമാനിച്ചു. അമേരിക്കന്‍ കമ്പനിയുമായുള്ള ഇടപാട് സംബസിച്ച് സി.പി.എം കേന്ദ്ര നേതൃത്വം വിശദീകരണം ചോദിച്ചിരുന്നു. മുഖ്യമന്ത്രി തന്നെ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. സ്പ്രിംഗ്ലര്‍ വിവാദം സംബന്ധിച്ച ഹൈക്കോടതി വിമര്‍ശനം വരുന്നത് യോഗം അവസാനിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു. അതിനാല്‍ ഇതുസംബന്ധിച്ച ചര്‍ച്ച ഉണ്ടായില്ല.
വ്യക്തിയുടെ സ്വകാര്യതയെക്കാള്‍ ഈ ഘട്ടത്തില്‍ അതീവ പ്രാധാന്യം മനുഷ്യരുടെ ജീവനും സമൂഹത്തിന്റെ നിലനില്‍പ്പിനുമാണെന്നും സെക്രട്ടറിയേറ്റ് വ്യക്തമാക്കി. മുന്‍കരുതലുകള്‍ എടുക്കാനും രോഗവ്യാപനം തടയാനും വ്യക്തികളുടെ വിവരങ്ങള്‍ അറിയേണ്ടത് അത്യാവശ്യമാണ്. ഈ ആവശ്യത്തിനായി ഉടന്‍ ലഭ്യമായ സംവിധാനമെന്ന നിലയിലാണ് സര്‍ക്കാര്‍ സ്പ്രിംഗ്ലറിനെ ചുമതലപ്പെടുത്തിയത്. വിവരസുരക്ഷയ്ക്കായി പ്രത്യേക നിയമം ഇല്ലാത്ത രാജ്യമാണ് ഇന്ത്യ. ഐ.ടി നിയമത്തില്‍ കൂട്ടിച്ചേര്‍ത്ത വകുപ്പുകളും അതിന്റെ ഭാഗമായ ചട്ടങ്ങളുമാണ് ഇന്നുള്ളത്. ഈ നിയമങ്ങള്‍ക്ക് അനുസൃതമായാണ് ഇപ്പോഴുണ്ടാക്കിയ കരാറെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. പ്രതിപക്ഷത്തിലൊരു വിഭാഗം സ്വീകരിച്ചിട്ടുള്ള വിനാശകരവും മനുഷ്യത്യരഹിതവുമായ സമീപനം കേരള ജനത തിരിച്ചറിഞ്ഞിട്ടുണ്ട്. വിവാദം സൃഷ്ടിച്ച് സര്‍ക്കാരിന്റെയും ജനങ്ങളുടെയും ശ്രദ്ധതിരിച്ചുവിടാനുള്ള നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ ശ്രമത്തെ തള്ളിക്കളയണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."