ചൈനയ്‌ക്കെതിരായ ആരോപണം തെളിവില്ലെന്ന് ലോകാരോഗ്യ സംഘടന
ജനീവ: കൊറോണ വൈറസ് വ്യാപനത്തിന്റെ കാര്യത്തില്‍ ചൈനയ്‌ക്കെതിരേ ആരോപണം കടുപ്പിച്ച് അമേരിക്കയും ആസ്‌ത്രേലിയയുമടക്കമുള്ള രാജ്യങ്ങള്‍ രംഗത്തെത്തിയതിനു പിന്നാലെ, അത്തരം ആരോപണങ്ങള്‍ നിഷേധിച്ച് ലോകാരോഗ്യ സംഘടനയും രംഗത്ത്. ചൈനയിലെ ലാബിലാണ് കൊറോണ വൈറസ് നിര്‍മിക്കപ്പെട്ടതെന്നതിന് തെളിവില്ലെന്നാണ് ലോകാരോഗ്യ സംഘടന ഇന്നലെ വ്യക്തമാക്കിയത്. ഇത് ചൈനയ്ക്ക് ആശ്വാസമാണെങ്കിലും, ആരോപണം തങ്ങള്‍ അന്വേഷിച്ച് നിജസ്ഥിതി കണ്ടെത്തുമെന്നാണ് അമേരിക്ക വ്യക്തമാക്കിയിരിക്കുന്നത്.
കൊറോണ വൈറസ് മൃഗങ്ങളില്‍നിന്നാണ് മനുഷ്യരിലേക്കു പകര്‍ന്നതെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ചൈനയിലെ വെറ്റ് മാര്‍ക്കറ്റുകളില്‍നിന്നാണ് ഇതിന്റെ ഉത്ഭവമെന്നാണ് നിലവിലെ പൊതു അഭിപ്രായം. ഇത് ചൈനയിലെ ലാബില്‍ നിര്‍മിക്കപ്പെട്ടതാണെന്നതിന് തെളിവില്ലെന്നും സംഘടന വ്യക്തമാക്കുന്നു. നിലവിലെ തെളിവുകളനുസരിച്ച് വൈറസ് വ്യാപനം മൃഗങ്ങളില്‍നിന്നാണെന്നാണ് കണ്ടെത്തലെന്ന് ലോകാരോഗ്യ സംഘടനാ വക്താവ് ഫെഡല ക്ലേബ് പറഞ്ഞു.
എന്നാല്‍, വൈറസ് മനുഷ്യരാല്‍ നിര്‍മിക്കപ്പെടാമെന്ന സാധ്യത ലോകാരോഗ്യ സംഘടന തള്ളിക്കളഞ്ഞിട്ടില്ല. നിലവിലെ തെളിവുകള്‍വച്ച് അത്തരം വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് പ്രസ്താവിച്ചിരിക്കുന്നത്.
നേരത്തെ, ലോകാരോഗ്യ സംഘടന ചൈന പറയുന്നതു മാത്രം കേള്‍ക്കുകയാണെന്നും വൈറസ് വ്യാപനം തടയാന്‍ സംഘടനയ്ക്കായില്ലെന്നും കുറ്റപ്പെടുത്തിയിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സംഘടനയ്ക്കുള്ള ഫണ്ട് അമേരിക്ക നിര്‍ത്തിവയ്ക്കുന്നതായും പ്രഖ്യാപിച്ചിരുന്നു. ഇത് അന്താരാഷ്ട്ര തലത്തില്‍ വലിയ വിമര്‍ശനങ്ങള്‍ക്കു വഴിവയ്ക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ചൈനയിലെ വുഹാനിലെ ലാബില്‍നിന്നാണ് വൈറസ് നിര്‍മിക്കപ്പെട്ടതെന്ന ആരോപണമുയര്‍ന്നത്. ഇക്കാര്യം അന്വേഷിക്കുമെന്നു വ്യക്തമാക്കിയ ട്രംപ്, ആരോപണം ശരിയാണെന്നു തെളിഞ്ഞാല്‍ ചൈന അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍, ചൈന നിരന്തരം ഈ ആരോപണങ്ങള്‍ നിഷേധിക്കുകയാണ്. ചൈന ശരിയായ കണക്കുകള്‍ പുറത്തുവിടുന്നില്ലെന്നാരോപിച്ച് അമേരിക്കയും ആസ്‌ത്രേലിയയും രംഗത്തെത്തിയതിനു പിന്നാലെ, മരണസംഖ്യയില്‍ ചൈന തിരുത്തല്‍ വരുത്തിയതും ദുരൂഹത ഉണര്‍ത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."