പാവങ്ങളുടെ അരിയെടുത്ത് സാനിറ്റൈസര്‍ ഉണ്ടാക്കുന്നതിനെതിരേ രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ മൂലം രാജ്യത്ത് പല ഭാഗങ്ങളിലും ജനം ഭക്ഷണമില്ലാതെ പട്ടിണികിടക്കുമ്പോള്‍ ഫുഡ് കോര്‍പറേഷനില്‍ മിച്ചമുള്ള അരി ഉപയോഗിച്ച് ഹാന്‍ഡ് സാനിറ്റൈസറിനു വേണ്ടി എഥനോള്‍ നിര്‍മിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാവങ്ങളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരി സമ്പന്നരെ നന്നാക്കുന്ന നടപടിയാണിതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
എല്ലാറ്റിലുമുപരി ഒരു കാര്യം പറയട്ടെ, എപ്പോഴാണ് ഇന്ത്യയിലെ പാവങ്ങള്‍ ഉണരുക. നിങ്ങള്‍ പട്ടിണിമൂലം മരിക്കുമ്പോള്‍ നിങ്ങള്‍ക്കവകാശപ്പെട്ട അരിയെടുത്ത് സാനിറ്റൈസറുണ്ടാക്കി സമ്പന്നരുടെ കൈ വൃത്തിയാക്കുന്ന തിരക്കിലാണവര്‍- രാഹുല്‍ ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.
പെട്രോളിയം-പാചകവാതക മന്ത്രി അധ്യക്ഷനായ നാഷനല്‍ ബയോഫ്യുവല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് എഫ്.സി.ഐയില്‍ മിച്ചമുള്ള അരി ഉപയോഗിച്ച് ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് സാനിറ്റൈസര്‍ ഉല്‍പാദിപ്പിക്കാനുള്ള എഥനോള്‍ നിര്‍മിക്കാനുള്ള തീരുമാനമെടുത്തത്.
കൊവിഡ് വ്യാപനത്തോടെ അണുനാശിനിയായ സാനിറ്റൈസറിന്റെ ഉപയോഗം വര്‍ധിച്ചതോടെയാണ് സര്‍ക്കാര്‍ ഈയൊരു നീക്കത്തിലേക്കു കടന്നത്. മിച്ചമുള്ള ഭക്ഷ്യധാന്യങ്ങള്‍ എഥനോള്‍ ആക്കിമാറ്റാന്‍ 2018ലെ ദേശീയ ജൈവഇന്ധനനയം അനുവദിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതേസമയം ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ പക്കല്‍ അരിയും ഗോതമ്പുമുള്‍പ്പെടെ 58.59 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യം സ്റ്റോക്കുണ്ടെന്നാണ് കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."