അതിജീവനത്തിനൊരുങ്ങുകയാണ് ആഗോള വ്യാപാര ശൃംഖലയായ ലുലു ഗ്രൂപ്പ്
ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് കേരളത്തിലെ ലുലു ഗ്രൂപ്പിന്റെ രണ്ട് മാളുകളുടെയും പ്രവര്‍ത്തനം. മാളുകളിലെ മറ്റു വ്യാപാരസ്ഥാപനങ്ങളെല്ലാം അടച്ചെങ്കിലും ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നു. സാമൂഹിക അകലം പാലിച്ചും കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കിയും ഉപഭോക്താക്കളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തിയാണ് കൊച്ചി ഇടപ്പള്ളിയിലെയും തൃശൂര്‍ തൃപ്രയാറിലെയും ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിച്ച് വരുന്നത്. നേരിട്ടുള്ള വ്യാപാരത്തിന് പുറമേ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ഓണ്‍ലൈന്‍ ഓര്‍ഡറുകളും എടുക്കുന്നുണ്ട്. ഇത് ഓണ്‍ലൈന്‍ ഹോം ഡെലിവറി സര്‍വിസുകളിലൂടെയും ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ സ്വന്തം ഓണ്‍ലൈന്‍ വഴിയും ഓര്‍ഡറുകള്‍ സ്വീകരിച്ച് അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലങ്ങളിലെത്തിച്ച് കൊടുക്കുന്നു.
ബിസിനസില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ടെങ്കിലും ഹൈപ്പര്‍മാര്‍ക്കറ്റിലൂടെ സാധനങ്ങള്‍ വിറ്റഴിക്കാനാകുന്നുണ്ട്. എന്നാല്‍ ബിസിനസിലുള്ള കുറവിന്റെ പേരില്‍ എവിടെയും ജീവനക്കാരെ കുറക്കാനോ അവരുടെ ശമ്പളത്തില്‍ കുറവു വരുത്താനോ ലുലു ഗ്രൂപ്പ് തയാറല്ല. ലോക്ക് ഡൗണ്‍ കാലയളവിലും ജീവനക്കാരുടെ ശമ്പളം മുടങ്ങാതെ നല്‍കും. മാളുകളുടെ ശുചീകരണ ജോലികള്‍ മുടങ്ങാതെ നടന്നു വരുന്നുണ്ട്. മെയ് മൂന്നിന് ശേഷം മാള്‍ തുറക്കാന്‍ അനുമതി ലഭിച്ചാല്‍ പൂര്‍ണമായും അണുവിമുക്തമാക്കാനുള്ള നടപടി സ്വീകരിക്കും.
ഇതിന് പുറമേ കൊറോണ വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ലുലുമാളിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഒരു മാസത്തെ വാടക ഇളവ് ചെയ്ത് ലുലു ഗ്രൂപ്പ് മാതൃക കാട്ടിയിരുന്നു. ഇടപ്പള്ളി ലുലു മാളിലെ 254 വ്യാപാര സ്ഥാപനങ്ങളില്‍നിന്ന് ഒരു മാസം ലഭിക്കേണ്ട 11 കോടിയോളം രൂപയുടെ വാടകയാണ് തങ്ങള്‍ ഇളവ് ചെയ്ത് നല്‍കിയത്.
ജന്‍മനാടായ നാട്ടികയിലുള്ള തൃപ്രയാര്‍ വൈമാളിലെ കച്ചവടക്കാര്‍ക്കും ഒരു മാസത്തെ വാടക ഇളവ് ചെയ്ത് കൊടുത്തു. വൈ മാളില്‍ ഒരു കോടി രൂപയാണ് മാസ വാടകയായി ലഭിക്കുന്നത്. രണ്ടു മാളുകളിലുമായി 12 കോടി രൂപയുടെ ആശ്വാസമാണ് വ്യാപാരികള്‍ക്ക് ലുലു ഗ്രൂപ്പ് നല്‍കുന്നത്.
ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യകുടുംബം പത്തനാപുരം ഗാന്ധിഭവന് ലുലു ഗ്രൂപ്പ് 25 ലക്ഷം രൂപ അയച്ച് നല്‍കിയിരുന്നു. കൊറോണ ഭീതിയെ തുടര്‍ന്ന് ഭക്ഷണവും ഔഷധവുമുള്‍പ്പെടെ ദൈനംദിന ചെലവുകള്‍ക്കായി ബുദ്ധിമുട്ടുന്നതായി മനസിലാക്കിയാണ് ലുലു ഗ്രൂപ്പ് ഇരുപത്തിയഞ്ച് ലക്ഷം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."