ഒരു കുടുംബത്തില്‍ മിനിമം അഞ്ച് കോഴി, രണ്ട് പശു: ഭാവിയിലെ പ്രയാസങ്ങള്‍ ദൂരീകരിക്കാന്‍ മുഖ്യമന്ത്രിയുടെ കൃഷി മന്ത്ര
തിരുവനന്തപുരം: കൊവിഡ് കാലവും അതിനെത്തുടര്‍ന്നുണ്ടാകുന്ന പ്രതിസന്ധികളും തരണം ചെയ്യാന്‍ എല്ലാവരും തന്നാലാവുന്ന കൃഷിയിലേക്ക് നീങ്ങണമെന്നാണ് ഇന്നലെയും ഇന്നുമായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ഊന്നിപ്പറഞ്ഞത്. ഇന്നലെ വാഴ കൃഷിയുടെയും മറ്റും പ്രാധാന്യം ചൂണ്ടിക്കാണിച്ചപ്പോള്‍ ഇന്ന്, വീട്ടില്‍ വളര്‍ത്താവുന്ന മൃഗങ്ങളെപ്പറ്റിയായിരുന്നു അധികകാര്യങ്ങളും.
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന്
കാര്‍ഷിക മേഖലയില്‍ വലിയ പരിവര്‍ത്തനമുണ്ടാക്കി നമ്മുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും കൃഷി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ വരുമാനമുണ്ടാക്കാനും സര്‍ക്കാര്‍ വലിയൊരു കര്‍മ പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതായി ഇന്നലെ പറഞ്ഞിരുന്നുവല്ലോ. അടിയന്തരമായി ഈ ബൃഹദ് പദ്ധതിക്ക് രൂപം നല്‍കാന്‍ ഇന്ന് ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും യോഗം ചേരുകയുണ്ടായി. ഒരാഴ്ചയ്ക്കകം പദ്ധതിക്ക് രൂപം നല്‍കാനാണ് തീരുമാനം. അടുത്ത ബുധനാഴ്ച വീണ്ടും യോഗം ചേര്‍ന്ന് കര്‍മ പദ്ധതിക്ക് അവസാന രൂപം നല്‍കും. ഇതു നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കാലവര്‍ഷത്തിനു മുമ്പു തന്നെ ആരംഭിക്കും.
തരിശുനിലങ്ങളില്‍ പൂര്‍ണമായും കൃഷിയിറക്കുക എന്നതാണ് ഇതില്‍ മുഖ്യമായി കാണുന്നത്. ഓരോ പഞ്ചായത്തിലും തരിശിട്ട സ്ഥലങ്ങള്‍ ഏതൊക്കെയാണെന്ന് കൃത്യമായി കണ്ടെത്തും. ഭൂമിയുടെ ഉടമകളുമായി ചര്‍ച്ച ചെയ്ത് സമവായത്തിലൂടെയാണ് കൃഷിയിറക്കുക. ഉടമകള്‍ കൃഷിയിറക്കാന്‍ തയ്യാറാവുന്നുണ്ടെങ്കില്‍ വളരെ സന്തോഷം.
കൃഷി വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഇഴുകിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുക എന്നത് പ്രധാനമാണെന്ന് കണ്ടിട്ടുണ്ട്. അതോടൊപ്പം, ജലസേചനം, ക്ഷീര വികസനം, സഹകരണ വകുപ്പുകള്‍ കൂടി ഇതില്‍ പങ്കാളികളാകണം.
കൃഷിയുടെ പരമ്പരാഗത സങ്കേതങ്ങളില്‍ കടിച്ചുതൂങ്ങാതെ പുതിയ സാധ്യതകളിലേക്ക് തിരിയേണ്ടതുണ്ട്. മണ്ണില്‍ മാത്രമാണ് കൃഷി എന്ന സങ്കല്‍പം മാറിക്കഴിഞ്ഞു. വെള്ളത്തിലും മട്ടുപ്പാവിലും ഗ്രോ ബാഗുകളിലും സമൃദ്ധമായ വിള ലഭിക്കുന്ന കൃഷി രീതികളുണ്ട്. മത്സ്യകൃഷി കായലിലും കൃത്രിമ ജലാശയങ്ങളിലും മാത്രമല്ല, കടലില്‍ തന്നെ ചെയ്യാവുന്ന സാങ്കേതിക വിദ്യയും രീതിയും നമുക്ക് മുന്നിലുണ്ട്.
കന്നുകാലി വളര്‍ത്തല്‍, കോഴി വളര്‍ത്തല്‍, പന്നി, ആട്, പോത്ത് വളര്‍ത്തല്‍, മത്സ്യകൃഷി, അതിന്റെ വൈവിധ്യവല്‍ക്കരണം എന്നിവയ്ക്ക് മുന്തിയ പ്രാധാന്യം നല്‍കി നമ്മുടെ ഭാവി പ്രതിസന്ധി മറികടക്കാനുള്ള പദ്ധതി ആവിഷ്‌കരിക്കും.
നമ്മുടെ എല്ലാ പരിമിതികളും നിലനില്‍ക്കുമ്പോള്‍ തന്നെ ഭാവിയിലെ പ്രയാസങ്ങള്‍ ദൂരീകരിക്കാന്‍ എന്ത് ചെയ്യാനാകും എന്ന ആലോചനയാണ് സര്‍ക്കാര്‍ നടത്തുന്നത്. അതിന്റെ ഭാഗമായി മൃഗസംരക്ഷണ, മത്സ്യ മേഖലകളില്‍ ഒരു കര്‍മ്മ പദ്ധതി ആലോചിക്കുകയാണ്.
- മുട്ട, മാംസം തുടങ്ങിയവയുടെ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത നേടുന്നതിന് നടപടി സ്വീകരിക്കും. സംസ്ഥാനത്ത് പ്രതിദിനം 75 ലക്ഷം അധികം മുട്ട ഉല്‍പാദിപ്പിക്കുന്നത്തിനുള്ള സൗകര്യങ്ങളും സഹായവും ഒരുക്കും. ഒരു വീട്ടില്‍ 5 കോഴിയെയെങ്കിലും വളര്‍ത്തുന്നതിന് സാധാരണനിലയില്‍ ഒരു പ്രയാസവുമില്ല.
- സഹകരണ സംഘങ്ങള്‍ മുഖേന കാര്‍ഷികരംഗത്ത് പുതിയ ദൗത്യങ്ങള്‍ക്ക് ആവശ്യമായ വായ്പ ലഭ്യമാക്കുന്നതിന് വിപുലമായ പദ്ധതി നടപ്പാക്കും. ഇതിനായി നബാര്‍ഡിന്റെ സഹായം തേടും.
- ഒരു കുടുംബത്തില്‍ ഒന്നോ രണ്ടോ രണ്ട് പശുക്കളെ വളര്‍ത്താനുള്ള പദ്ധതി ആരംഭിക്കും. പഞ്ചായത്ത് തലത്തില്‍ അഞ്ച്-പത്ത് പശുക്കളെ വളര്‍ത്തുന്ന ഫാമുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന തുടങ്ങും.
- കേരള ചിക്കന്‍ പദ്ധതി സംസ്ഥാന വ്യാപകമാക്കും. കോഴിയിറച്ചിയുടെ ലഭ്യതയും വിലസ്ഥിരതയും ഇതിലൂടെ ഉറപ്പാക്കാന്‍ കഴിയും. ഈ വര്‍ഷം 200 ഔട്ട്‌ലെറ്റുകള്‍ തുടങ്ങും. കുടുംബശ്രീക്ക് സ്വന്തമായി ഇറച്ചിക്കോഴി സംസ്‌കരണത്തിന് പ്ലാന്റ് അടിയന്തരമായി പൂര്‍ത്തിയാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."