HOME
DETAILS
MAL
സ്പ്രിംഗ്ലറില്‍ കുഴക്കുന്നത് രണ്ടു ചോദ്യങ്ങള്‍
backup
April 23 2020 | 02:04 AM
കൊച്ചി: സ്പ്രിംഗ്ലര്‍ കരാര്‍ വിവാദമായതോടെ ഹൈക്കോടതി ഉള്‍പ്പടെ ഇടപെട്ടത് സംസ്ഥാന സര്‍ക്കാരിന് കടുത്ത ക്ഷീണമാണുണ്ടാക്കിയത്.
ആരോഗ്യ സെക്രട്ടറിയെ കുറ്റം ഏറ്റെടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിപക്ഷ ആരോപണത്തിന് പ്രതിരോധം തീര്‍ക്കാമെന്ന മോഹമാണ് ഹൈക്കോടതിയുടെ നിലപാടിനുമുന്നില്‍ അസ്തമിച്ചത്.
കരാറിനെ പറ്റി അന്വേഷിക്കാനും മറ്റും മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഒരു സ്വകാര്യ കംപനി സി.ഇ.ഒയുമായ രാജീവ് സദാനന്ദനെയും എം.മാധവന്‍ നമ്പ്യാര്‍ ഐ.എ.എസിനെയും നിയോഗിച്ച് കര്‍ശന നിലപാടുകളിലേക്ക് കടക്കുന്നുവെന്ന് വ്യക്തമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. അതേസമയം, സ്പ്രിംഗ്ലര്‍ കരാര്‍വഴി മലയാളിയുടെ സ്വകാര്യ വിവരങ്ങള്‍ അന്യദേശത്തേക്ക് കടത്തപ്പെട്ടെന്ന ആരോപണം അപ്പോഴും നിലനില്‍ക്കുകയാണ്.
വീടുകളില്‍ കൊവിഡ് -19 നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ നിന്ന് 41 ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് കംപനിവഴി കടത്തപ്പെട്ടതെന്നാണ് ആരോപണം. ഇതില്‍ത്തന്നെ അതീവ പ്രാധാന്യമുള്ളതും രഹസ്യസ്വഭാവവുമുള്ള രണ്ട് വ്യക്തിഗത വിവരങ്ങളെപ്പറ്റിയുള്ള ചോദ്യങ്ങളാണ് സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുന്നതിന് ആധാരമായിട്ടുള്ളത്.
ഏതൊക്കെ രോഗങ്ങള്‍ക്ക് ചികിത്സയെടുക്കുന്നു?, ഇവയ്ക്കുള്ള മരുന്നുകള്‍ ലഭ്യമാണോ? എന്നീ രണ്ടു ചോദ്യങ്ങളുണ്ടെന്നതുതന്നെ ഏതോ മരുന്നു കംപനി ഭീമനിലേക്ക് ഡാറ്റ എത്തപ്പെടുമെന്ന ആരോപണം സ്വാഭാവികമാണ്. ഒരു പ്രദേശത്തുള്ള രോഗങ്ങളും എത്രപേര്‍ക്കുണ്ടെന്നതും മരുന്നുണ്ടോ എന്നതും മറ്റും ഇങ്ങനെ ശേഖരിക്കാനാവുന്നു.
സാധാരണ ഗവേഷണത്തില്‍ സാംപിള്‍ സര്‍വേകളെ അടിസ്ഥാനമാക്കിയാണ് പ്രബന്ധം തയാറാക്കുക. ഒരു പ്രദേശത്തിന്റെ പരിഛേദമാണ് അവിടെനിന്ന് ശേഖരിക്കുന്ന സാംപിളുകള്‍.
ഇവിടെ കേരളത്തില്‍ രോഗമുള്ളവരുടെ ഉത്തരങ്ങള്‍ ശേഖരിച്ച് തയാറാക്കുന്ന ഈ സാംപിള്‍ അടിസ്ഥാനമാക്കി അതത് പ്രദേശത്തിന്റെ വിശദ വിവരങ്ങള്‍ മനസിലാക്കാനാകും.
ഈ ഡാറ്റ ആവശ്യമുള്ള മരുന്നുകംപനികള്‍ക്കും ഇന്‍ഷുറന്‍സ് കംപനികള്‍ക്കും വില്‍ക്കാന്‍ കഴിയുമെന്നതാണ് ഐ.ടി വിദഗ്ധര്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ഇതാണ് സര്‍ക്കാരിനെ വെട്ടിലാക്കുന്നതും. ഈ ചോദ്യങ്ങള്‍ ചോദിക്കാതെ ഡാറ്റാ അനാലിസിസ് നടത്താന്‍ സാധിക്കില്ലെന്ന് സര്‍ക്കാരിന് കോടതിയില്‍ വാദിക്കാനാകുമെങ്കിലും പ്രതിപക്ഷത്തിന്റേയും പൊതുജനങ്ങളുടേയും മുന്നില്‍ സര്‍ക്കാര്‍ വിശദീകച്ച് വിയര്‍ക്കേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."