HOME
DETAILS
MAL
സാലറി ചലഞ്ച്; കൊവിഡ് പ്രതിരോധ രംഗത്തുള്ളവരെ ഒഴിവാക്കാത്തതില്‍ പ്രതിഷേധം
backup
April 23 2020 | 02:04 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം അഞ്ചുമാസം പിടിച്ചെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ വ്യാപക പ്രതിഷേധം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വകുപ്പുകളെയും സാലറി ചലഞ്ചില്‍ ഉള്‍പ്പെടുത്തിയതിനെതിരേ സര്‍ക്കാര്‍ ഡോക്ടര്‍മാരുടേതുള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. പൊലിസ് സേനക്കുള്ളിലും അമര്‍ഷം ഉടലെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ തീരുമാനത്തിനെതിരേ കോടതിയെ സമീപിക്കുമെന്ന് ജീവനക്കാരുടെ യു.ഡി.എഫ് അനുകൂല സംഘടനായ എന്‍.ജി.ഒ അസോസിയേഷനും അധ്യാപകരുടെ സംഘടനയായ കെ.പി.എസ്.ടി.എയും അറിയിച്ചു.
കൊവിഡ് പ്രതിരോധ രംഗത്ത് മുന്നണിപ്പോരാളികളായി നില്‍ക്കുന്ന ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാരെ സാലറി ചലഞ്ചില്‍ പെടുത്തിയത് ദൗര്‍ഭാഗ്യകരമാണെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ പ്രതികരിച്ചു. രാജ്യത്തെ മറ്റു പല സംസ്ഥാനങ്ങളും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അധിക ശമ്പളം നല്‍കി പ്രോത്സാഹിപ്പിക്കുകയാണ്. സാലറി ചലഞ്ചില്‍ നിന്ന് ആരോഗ്യവകുപ്പ് ജീവനക്കാരെ ഒഴിവാക്കുന്നതിന് നടപടിയെടുക്കണമെന്ന് കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ ജോസഫ് ചാക്കോ ജനറല്‍ സെക്രട്ടറി ഡോ ജി. എസ് വിജയകൃഷ്ണന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ തീരുമാനം വഞ്ചനാപരമാണെന്നാണ് കെ.പി.എസ്.ടി.എ പ്രതികരിച്ചത്. ഇഷ്ടമുള്ള തുക സംഭാവന ചെയ്യുവാനാവും വിധം നിലപാട് തിരുത്തി ഉത്തരവിറക്കണമെന്നും കെ.പി.എസ്.ടി.എ സംസ്ഥാന ഭാരവാഹികളായ വി.കെ അജിത് കുമാര്‍, എം.സലാഹുദ്ദീന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
അധ്യാപകരോടും ജീവനക്കാരോടും യാതൊരു ചര്‍ച്ചയും നടത്താതെ ഏകപക്ഷീയമായി അടിച്ചേല്‍പ്പിച്ച സാലറി ചലഞ്ച് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കെ.എസ്.ടി.യു പ്രതികരിച്ചു. പ്രളയ സമയത്തെ ചലഞ്ചില്‍പോലും പത്ത് മാസം കൊണ്ടാണ് ഒരുമാസത്തെ ശമ്പളം നിധിയിലേക്ക് അടച്ചത്. ആ പരിഗണന പോലും ഇത്തവണ തന്നില്ല . സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് ഇറക്കുന്ന ഉത്തരവില്‍ വ്യക്തതയില്ലെങ്കില്‍ അതിനെ നിയമപരമായി നേരിടുമെന്നും ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അബ്ദുല്ല വാവൂര്‍ ജനറല്‍ സെക്രട്ടറി കരീം പടുകുണ്ടില്‍ എന്നിവര്‍ പറഞ്ഞു.
പൊലിസ് സേനയിലും അമര്‍ഷം
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി 24 മണിക്കൂറും തെരുവില്‍ നില്‍ക്കേണ്ടിവരുന്ന പൊലിസുകാരെയും സാലറി ചലഞ്ചില്‍ ഉള്‍പ്പെടുത്തിയതില്‍ പൊലിസ് സേനക്കുള്ളിലും അമര്‍ഷം. പൊലിസുകാരുടെ സഹകരണ സൊസൈറ്റികളില്‍ നിന്നുള്ള 2.24 കോടി രൂപയും കേരള പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷന്റെ ഭാഗമായി പത്തുലക്ഷം രൂപയും ഉള്‍പ്പടെ 2.34 കോടി ഇതിനോടകം തന്നെ സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിക്കഴിഞ്ഞു. ഇതും തങ്ങളുടെ ശമ്പളത്തിന്റെ വിഹിതമാണെന്ന് പൊലിസുകാര്‍ പറയുന്നു. സേനയില്‍ ബഹുഭൂരിപക്ഷം പേര്‍ക്കും ജില്ലാ സൊസൈറ്റികളിലും എറണാകുളം ഹൗസിങ് സൊസൈറ്റിയിലും വിവിധ ലോണുകളുണ്ട്. ഇതില്‍ തിരിച്ചടക്കുന്ന തുകയുടെ ഒരു വിഹിതമാണ് സഹകരണ സൊസൈറ്റികള്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. മറ്റു സംസ്ഥാനങ്ങളില്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൊലിസുകാര്‍ക്ക് ദിനംപ്രതി അധിക വേതനം നല്‍കുമ്പോള്‍ ഇവിടെ ആറു ദിവസത്തെ ശമ്പളം പിടിക്കുന്നത് നീതിയല്ലെന്ന് പൊലിസുകാരും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."