HOME
DETAILS
MAL
കോടതിയുടേത് സ്വാഭാവിക നടപടി; വീണ്ടും തെളിവ് ചോദിച്ച് മുഖ്യമന്ത്രി
backup
April 23 2020 | 02:04 AM
തിരുവനന്തപുരം: അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ലറുമായുള്ള കരാര്‍ സംബന്ധിച്ച് ഹൈക്കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തനിക്കെതിരേ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തെളിവ് കൊണ്ടുവരാന്‍ മുഖ്യമന്ത്രി വീണ്ടും പറഞ്ഞു.
എ.കെ.ജി സെന്ററിന്റെ വിലാസത്തില്‍ മകളുടെ കമ്പനി രജിസ്റ്റര്‍ ചെയ്തെന്ന ആരോപണം അസംബന്ധമെന്ന് പറഞ്ഞ മുഖ്യമന്ത്രി അമേരിക്കയില്‍ സ്പ്രിംഗ്ലര്‍ കമ്പനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നോ എന്ന ചോദ്യത്തിന് ശീലംവച്ച് പ്രതിപക്ഷം ആരോപണം ഉന്നയിക്കുകയാണെന്നായിരുന്നു മറുപടി. ബോധപൂര്‍വം ചില കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നു. ഇതെല്ലാം കൃത്യമായ ഗൂഢാലോചനയാണ്. ചില ശക്തികള്‍ ഇതിനുവേണ്ടി ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മുന്നില്‍ വരുന്ന കേസുകളില്‍ കോടതി വിശദാംശങ്ങളിലേക്കു പോകും. വിവരശേഖരണത്തിന്റെ ഭാഗമായാണ് കോടതിയുടെ ചോദ്യങ്ങള്‍. അതില്‍ അപാകതയില്ല. സ്പ്രിംഗ്ലറുമായുള്ള കരാര്‍ ഈഘട്ടത്തില്‍ സ്വീകരിക്കേണ്ടതായിരുന്നോ, തുടരേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാനാണ് സമിതിയെ നിയോഗിച്ചത്. ഉദ്യോഗസ്ഥരുടെ പ്രാവീണ്യം മാത്രമാണ് സമിതി രൂപീകരണത്തില്‍ പരിഗണിച്ചത്.
കേന്ദ്രതലത്തില്‍ അംഗീകാരം നേടിയ ഐ.ടി വിദഗ്ധനെയും ആരോഗ്യ വകുപ്പില്‍നിന്ന് അടുത്തിടെ വിരമിച്ചയാളിനെയും നിയോഗിച്ചതിലൂടെ കാര്യങ്ങള്‍ കൃത്യമായി വിശകലനം ചെയ്തുള്ള റിപ്പോര്‍ട്ട് ലഭിക്കും. രാഷ്ട്രീയ ആക്രമണങ്ങള്‍ രാഷ്ട്രീയക്കാര്‍ക്കുനേരെ നടത്തുന്നതില്‍ പ്രശ്നമില്ല. ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത് ശരിയായ രീതിയാണോയെന്ന് പരിശോധിക്കണം. മുന്നില്‍വന്ന ചോദ്യത്തെ ഒരു ഘട്ടത്തിലും തടഞ്ഞിട്ടില്ല, വസ്തുതകള്‍ മോശമായ രീതിയില്‍ തിരിച്ചുവിടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്പ്രിംഗ്ലര്‍ വിഷയത്തില്‍ സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറിയുടെ അഭിപ്രായം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, ഒരോരുത്തര്‍ക്കും ഓരോ അഭിപ്രായങ്ങള്‍ ഉണ്ടാകുമെന്നും വിവാദങ്ങള്‍ കൊണ്ടുവരാന്‍ ഒരുകൂട്ടര്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."