HOME
DETAILS
MAL
വെട്ടേറ്റത് സന്നദ്ധപ്രവര്‍ത്തനത്തില്‍ സജീവമായ യുവാവിന്
backup
April 23 2020 | 02:04 AM
ആലപ്പുഴ: കഴിഞ്ഞ ദിവസം കഴുത്തിനു വെട്ടേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുഹൈല്‍ ഹസന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ പരതിയാല്‍ കാണുന്നത് കൊവിഡ് കാലത്ത് നടത്തിയ സന്നദ്ധപ്രവര്‍ത്തനങ്ങളുടെ നിരവധി വിവരങ്ങളും ഫോട്ടോകളും. വെട്ടേറ്റ സുഹൈലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സിന്റെ ഡ്രൈവര്‍ ചാര്‍ജ് വാങ്ങിയില്ല. ഈ കൊറോണക്കാലത്ത് കായംകുളം ഗവര്‍ണ്മെന്റ് ആശുപത്രിയില്‍ എല്ലാ ദിവസവും അവന്‍ കൊണ്ടുവരാറുള്ള കഞ്ഞിയാണ് താന്‍ കുടിക്കാറുള്ളതെന്നാണ് ആംബുലന്‍സ് ഡ്രൈവര്‍ പറഞ്ഞതെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.
പ്രദേശത്തു കൊവിഡ് കാലത്ത് ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് ആശ്വാസമേകുന്ന ഊട്ടുപുര ഉള്‍പ്പെടെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നില്‍ നിന്ന് നയിച്ച സുഹൈലിനെ ചിലര്‍ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതോടെ സമൂഹമാധ്യമങ്ങളിലടക്കം കടുത്ത രോഷമാണുയരുന്നത്. സുഹൈലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പലരും അക്രമരാഷ്ട്രീയത്തിനെതിരേ എന്ന പ്ലക്കാര്‍ഡുമായി ഫോട്ടോ പോസ്റ്റ് ചെയ്യുന്നുണ്ട്.
അക്രമികള്‍ കഴിഞ്ഞ ദിവസം രാത്രി കൊല്ലാന്‍ ശ്രമിച്ച സുഹൈലും ഇഖ്ബാലും പ്രദേശത്തെ ചില രാഷ്ട്രീയ നേതാക്കളുടെ അഴിമതിയും തട്ടിപ്പും പുറത്തുകൊണ്ടുവരുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് മുന്‍ അംഗം പ്രദേശത്തെ ദരിദ്ര കര്‍ഷകത്തൊഴിലാളി സ്ത്രീകളില്‍ നിന്ന് കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അടയ്ക്കാനെന്നു പറഞ്ഞ് പിരിച്ചെടുത്ത വലിയൊരു തുക 2017 മുതല്‍ ക്ഷേമനിധി ബോര്‍ഡില്‍ അടച്ചില്ലെന്നു കാട്ടി സുഹൈലും ഇഖ്ബാലും കലക്ടര്‍ക്കു പരാതി നല്‍കിയിരുന്നു. കൂടാതെ കറ്റാനത്തെ പ്രമുഖ ഡി.വൈ.എഫ്.ഐ നേതാവിന്റെ സഹോദരീപുത്രനെ ചാരായം വാറ്റുന്നതിനിടെ എക്‌സൈസ് പിടികൂടിയ വാര്‍ത്തയും ഇവര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ജനങ്ങളെ അറിയിച്ചിരുന്നു.
സമൂഹ അടുക്കള ഭക്ഷണം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കടത്തിക്കൊണ്ടുപോകുന്നുവെന്ന ആരോപണവും ഫേസ്ബുക്കിലൂടെ ഇവര്‍ ഉന്നയിച്ചിരുന്നു. 'ഇതിനുള്ള സമ്മാനം തരുന്നുണ്ട്' എന്നൊരു ഭീഷണി കമന്റ് നേരത്തെ ഒരു പോസ്റ്റില്‍ ലഭിച്ചിരുന്നു. സുഹൈലിനു നേരെയുള്ള വധശ്രമം സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വ്യാപകമായ ചര്‍ച്ചയാക്കി മാറ്റാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് യുവനേതാക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."