HOME
DETAILS
MAL
ഭീതി വേണ്ട; കൊച്ചിയില്‍ ഞങ്ങള്‍ സുരക്ഷിതര്‍: സ്വന്തം നാട്ടുകാരോട് വിദേശ സഞ്ചാരികള്‍
backup
April 23 2020 | 02:04 AM
മട്ടാഞ്ചേരി: 'കൊച്ചിയില്‍ ഞങ്ങള്‍ സുരക്ഷിതരാണ്. ഇവിടെ രോഗപ്പകര്‍ച്ചയില്ല, ഭീതിയുമില്ല. തികഞ്ഞ സംതൃപ്തിയിലുമാണ് '- ലോക്ക് ഡൗണില്‍ കുടുങ്ങിയ വിദേശ വിനോദസഞ്ചാരി സംഘം ഇവിടെ സന്തോഷത്തിലാണ്.
ഫോര്‍ട്ടുകൊച്ചി പട്ടാളത്തെ കൊച്ചില്‍ ഹോം സ്റ്റേ പതിനൊന്നംഗ വിദേശ വിനോദസഞ്ചാരികള്‍ക്ക് കൊവിഡ് കാലത്ത് അഭയകേന്ദ്രമാണ്. കഴിഞ്ഞ ഒന്നര മാസമായി 12 വയസുകാരനും അഞ്ചു സ്ത്രീകളുമടക്കം എട്ടു രാജ്യങ്ങളില്‍ നിന്നുള്ള 11 വിനോദസഞ്ചാരികള്‍ ഇവിടെ താമസിക്കുകയാണ്. എന്‍ജിനീയറായ ജര്‍മന്‍ സ്വദേശി ആന്‍ഡ്രിസ്, ഓണ്‍ലൈന്‍ വര്‍ക്കര്‍ മരിന്, മാര്‍ക്കറ്റിങ് രംഗത്തുള്ള ഹോളണ്ടുക്കാരി മാര്‍ലസ്, ദക്ഷിണാഫ്രിക്കയിലെ യോഷ് നീ, ഫ്രാന്‍സിലെ വിദ്യാര്‍ഥിയായ 12കാരന് ടീജാ തുടങ്ങിയവരടങ്ങുന്നതാണ് സംഘം. പാട്ടുപാടിയും കാരംസ് കളിച്ചും കലാപ്രകടനങ്ങളുമായി ദിവസങ്ങള്‍ തള്ളിനീക്കുകയാണിവര്‍.
'ഞങ്ങള്‍ സുരക്ഷിതരാണ്. ഹോളണ്ടിലെ വീട്ടുകാരുമായി സംസാരിക്കാറുണ്ട്. ഇന്ത്യയിലെ കൊവിഡ് പ്രതിരോധ, നിയന്ത്രണ സംവിധാനത്തില്‍ സംതൃപ്തി അറിയിക്കാറുണ്ട്. ഇവിടുത്തെ സോണ്‍ തിരിക്കലും ബ്രേക്ക് ത്രൂവും ലോക്ക് ഡൗണുമെല്ലാം ഹോളണ്ടില്‍ അതിശയകരമാണ്'- മാര്‍ലസ് പറയുന്നു. 'ഞങ്ങള്‍ക്കിന്ന് സുരക്ഷിതത്വബോധമുണ്ട്. ഒപ്പം കൊച്ചിക്കാരോടും മലയാളികളോടും നന്ദിയുമുണ്ട്. എന്നുമതോര്ക്കും'- മാര്‍ലസും മരീനും പറഞ്ഞു.
വിമാന സര്‍വിസ് തുടങ്ങുന്നതോടെ മറ്റു യാത്രകള്‍ മാറ്റിവച്ച് നാട്ടിലേക്കു മടങ്ങാനാണ് ഇവരുടെ തീരുമാനം. 'ആറു പേരായിരുന്നു ഇവിടെ താമസക്കാര്‍. മറ്റിടങ്ങളില്‍നിന്ന് അഞ്ചുപേരെ പൊലിസ് കൊണ്ടുവന്നു. ഇപ്പോള്‍ 11 പേര്‍ക്കു ദിവസവും ഭക്ഷണവും താമസവുമൊരുക്കുന്നു'- ഹോം സ്റ്റേ ഉടമ എം.എസ് ഷഹീര്‍ പറഞ്ഞു. പലരും മാര്‍ച്ച് 30നകം മടങ്ങേണ്ടവരായിരുന്നു.
ഇനി എന്ന് മടങ്ങാനാവുമെന്ന് ആര്‍ക്കുമറിയില്ല. പൊലിസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ദിവസവുമെത്തി ഇവര്‍ക്ക് പരിശോധന നടത്തുന്നുണ്ട്. സന്നദ്ധ സംഘടനയായ വോയ്സ് ഓഫ് ജനറേഷന് പ്രവര്‍ത്തകര്‍ ഷെറീഫ്, അബു, നിയാസ്, ഹനീഫ്, ബാബു എന്നിവരും സഹായത്തിനുണ്ടെന്ന് ഷഹീര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."