HOME
DETAILS
MAL
അറിയണം അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍മാരുടെ ദുര്‍വിധി
backup
April 23 2020 | 02:04 AM
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ പിടിച്ചുകെട്ടാന്‍ സംസ്ഥാനം ഒറ്റക്കെട്ടായി പൊരുതുമ്പോള്‍ അധികമാരുമറിയാതെ അക്ഷീണം പ്രയത്‌നിക്കുന്ന അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍മാരുടെ (എ.എല്‍.ഒ) ദുരിതം ആരും അറിയുന്നില്ല. ലോക്ക് ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ക്യാംപുകളിലും മറ്റും പാര്‍പ്പിച്ചിരിക്കുന്ന നാല് ലക്ഷത്തോളം വരുന്ന അതിഥി തൊഴിലാളികളുടെ ക്ഷേമമുറപ്പാക്കുക എന്ന വലിയ കടമയുടെ തിരക്കിലാണ് തൊഴില്‍ വകുപ്പിന് കീഴിലെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍മാര്‍. ഇതിനൊപ്പം മറ്റു ജോലികളും നിര്‍വഹിക്കണം. എന്നാല്‍ ഇത്രയും വലിയ ദൗത്യത്തിന് സംസ്ഥാനത്താകെ 102 എ.എല്‍.ഒമാര്‍ മാത്രമാണുള്ളത് എന്നതാണ് യാഥാര്‍ഥ്യം. ജോലി ഭാരം കൊണ്ട് വീര്‍പ്പുമുട്ടുന്നുണ്ടെങ്കിലും പരിമിതികള്‍ക്കിടയിലും പരാതികള്‍ക്കിട നല്‍കാതെയുള്ള പ്രവര്‍ത്തനമാണ് ഇവര്‍ കാഴ്ച വെക്കുന്നത്.
ഒരു താലൂക്കില്‍ ഒരു എ.എല്‍.ഒ എന്നതാണ് കണക്ക്. ഇവരുടെ സഹായത്തിന് ഒരു ക്ലര്‍ക്കും ഒരു പ്യൂണും മാത്രമാണുള്ളത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ രാത്രി വൈകിയും ഇവരുടെ ജോലിയൊഴിയുന്നില്ല. അതിഥി തൊഴിലാളികളുടെ ഫോണ്‍കോളുകള്‍ അറ്റന്റ് ചെയ്യല്‍, പരാതികള്‍ക്ക് പരിഹാരം കാണല്‍, ഭക്ഷണം ഉറപ്പാക്കല്‍ തുടങ്ങിയവയും ഇവരുടെ തലയിലാണ്. എന്നാല്‍ കൊവിഡ് കാലത്തെ മാത്രം പ്രത്യേകതയല്ല ഇവരുടെ ജോലിഭാരം എന്നതാണ് മറ്റൊരു വസ്തുത.
ഒരു താലൂക്കില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ചെറുതും വലുതുമായ നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണേണ്ടതും അവിടുത്തെ എ.എല്‍.ഒയാണ്. തൊഴിലുടമ - തൊഴിലാളി തര്‍ക്കങ്ങള്‍ പരിഹരിക്കുക, സ്ഥാപനങ്ങളില്‍ പരിശോധന നടത്തുക, തൊഴിലാളിക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുക തുടങ്ങി തീര്‍ത്താല്‍ തീരാത്ത ജോലിയാണ് ഓരോ എ.എല്‍.ഒയ്ക്കും എന്ന് തന്നെ പറയാം. 1980 ലാണ് അവസാനമായി ഈ തസ്തിക പുനര്‍ നിര്‍ണയിച്ചത്. തൊഴില്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നാലു ലക്ഷത്തോളം സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പ്രശ്‌ന പരിഹാരത്തിന് വളരെക്കുറവ് എ.എല്‍.ഒമാര്‍ മാത്രമേയുള്ളൂവെന്നതാണ് ഇവരുടെ ജോലിഭാരം ഇരട്ടിയാക്കുന്നത്.
അതിഥി തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ആവാസ് ഇന്‍ഷുറന്‍സ് പദ്ധതിയുടെ വിവരശേഖരണം നടത്തിയതും എ.എല്‍.ഒമാരാണ്. കൂടുതല്‍ തസ്തികകള്‍ അനുവദിച്ച് വകുപ്പ് പുനഃസംഘടിപ്പിക്കണമെന്ന് നിരവധി തവണ സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടപടിയൊന്നുമായില്ലെന്നും ഇവര്‍ പറയുന്നു. ലോക്ക് ഡൗണ്‍ കാലം കഴിഞ്ഞാല്‍ തൊഴില്‍ തര്‍ക്കങ്ങളുടെ പ്രളയമാണ് വരാനിരിക്കുന്നത്. ശമ്പളം ലഭിക്കാത്തതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഇപ്പോള്‍ തന്നെ എത്തിയിട്ടുണ്ട്.
എ.എല്‍.ഒ മാരുടെ ജോലിഭാരം ലഘൂകരിക്കുന്നതിനുള്ള വിപുലമായ മാറ്റങ്ങള്‍ കൊണ്ടുവരണം എന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഇല്ലെങ്കില്‍ ലോക്ക് ഡൗണ്‍ പോലെ വലിയ നിയന്ത്രണങ്ങള്‍ വന്നു കഴിഞ്ഞാല്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാകും.
ദുര്‍ബലമായ സംവിധാനങ്ങളോടെയാണ് തങ്ങള്‍ ജോലി ചെയ്യുന്നതെന്ന് മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് പോലുമറിയില്ലെന്നും ഇവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."