കാറിന് നേരെ അജ്ഞാതരുടെ ആക്രമണം; പിന്നില്‍ സോണിയാ ഗാന്ധിയെന്ന് അര്‍ണബ് ഗോസ്വാമി
മുംബൈ: റിപ്പബ്ലിക് ടിവിയുടെ ചീഫ് എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിക്കും ഭാര്യക്കും നേരെ മുംബൈയില്‍ വച്ച് ആക്രമണം. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് അര്‍ണബിന്റെ ആരോപണം. സംഭവത്തില്‍ കേസ് ഫയല്‍ ചെയ്തതായും അര്‍ണബ് അറിയിച്ചു.
ഏപ്രില്‍ 22ന് രാത്രി 10 മണിക്ക് നടന്ന ചാനല്‍ ചര്‍ച്ചകള്‍ക്ക് ശേഷം അര്‍ദ്ധരാത്രി 12.30ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കാറിന് നേരെ ആക്രമണം നടന്നതെന്ന് അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറയുന്നു. ബൈക്കിലെത്തിയ രണ്ട് പേര് തന്റെ കാര്‍ മറികടന്ന് തടഞ്ഞു നിര്‍ത്തുകയും കാറിന്റെ വിന്‍ഡോ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നും കുപ്പിയില്‍ നിന്ന് എന്തോ ദ്രാവകം കാറിനു മുകളിലേക്ക് ഒഴിക്കുകയും ചെയ്തുവെന്നും അര്‍ണബ് പറയുന്നു.
ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ഗുണ്ടകളാണ് എന്നാണ് അര്‍ണാബ് ആരോപിക്കുന്നത്. സോണിയാ ഗാന്ധിയും വദ്രാ കുടുംബവുമാണ് ആക്രമണത്തിന് പിന്നിലെന്ന് അര്‍ണാബ് പിന്നീട് ആരോപിച്ചു. സോണിയ ഗാന്ധിക്കെതിരെ പരാതി നല്‍കും എന്ന് അര്‍ണബ് ഭീഷണിപ്പെടുത്തുന്നുണ്ട്. ഇവരെക്കുറിച്ച് നടത്തിയ ചാനല്‍ ചര്‍ച്ചയാണ് ഇവരെ പ്രകോപിപ്പിച്ചത് എന്നും അര്‍ണാബ് കൂട്ടിച്ചേര്‍ത്തു. തനിക്ക് എന്ത് സംഭവിച്ചാലും അതിന്റെ ഉത്തരവാദി സോണിയ ഗാന്ധി ആയിരിക്കുമെന്നും അര്‍ണബ് വീഡിയോവില്‍ പറയുന്നുണ്ട്.
പാല്‍ഘാര്‍ ആള്‍ക്കൂട്ട കൊലപാതവുമായി ബന്ധപ്പെട്ട് നടത്തിയ ചാനല്‍ ചര്‍ച്ചക്കിടെ സോണിയാ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം അര്‍ണബ് ഗോസ്വാമി നടത്തിയിരുന്നു. മൗലവിമാരും ക്രിസ്ത്യന്‍ വൈദികന്മാരും ഇത്തരത്തില്‍ കൊലചെയ്യപ്പെടുമ്പോള്‍ ഈ രാജ്യം മൗനം തുടരുമോയെന്നും ഇറ്റലിയിലെ അന്റോണിയ മൈനോ(സോണിയാ ഗാന്ധി) അപ്പോഴും നിശബ്ദയായിരിക്കുമോ എന്നാണ് തനിക്ക് അറിയേണ്ടത് എന്നുമായിരുന്നു അര്‍ണബ് ചാനല്‍ ചര്‍ച്ചക്കിടെ ചോദിച്ചത്.
സോണിയ ഗാന്ധിക്കും രാഹുല്‍ഗാന്ധിക്കും എതിരെ നടത്തിയ വിവാദ പ്രസ്താവനയില്‍ അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."