മുസ്ലിം സൗഹൃദവേദിയിലെ ധാരണ ലംഘിച്ച് മുജാഹിദ് സംഘടനകളുടെ റമദാന്‍ പ്രഖ്യാപനം
കോഴിക്കോട്: കേരളാ നദ് വത്തുല്‍ മുജാഹിദീന്‍ സംഘടനകള്‍ റമദാന്‍ മാസം നേരത്തെ പ്രഖ്യാപിച്ചത് മുസ്ലിം സംഘടനകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സൗഹാര്‍ദത്തിനു തിരിച്ചടിയായി. പാണക്കാട് ഹൈദരലി തങ്ങളുടെ അധ്യക്ഷനായുള്ള മുസ്ലിം സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടനകളെല്ലാം ഒരുമിച്ച് നോമ്പും പെരുന്നാളും ഉറപ്പിക്കാറായിരുന്നു പതിവ്. ഈ സൗഹൃദ വേദിയിലെ ധാരണ ലംഘിച്ചാണ് കെ.എന്‍.എമ്മിന്റെ കീഴിലുള്ള കേരള ഹിലാല്‍ കമ്മിറ്റി ഇന്ന് റമദാന്‍ ഒന്നായി തിങ്കളാഴ്ച്ച തന്നെ പ്രഖ്യാപിച്ചത്. കെ.എന്‍.എം മര്‍കസുദഅ് വ വിഭാഗവും 20ന് തന്നെ പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍ സൗഹൃദവേദി ധാരണയുടെ അടിസ്ഥാനത്തില്‍ ജമാഅത്തേ ഇസ്ലാമി നേരത്തെയുള്ള പ്രഖ്യാപനം ഒഴിവാക്കുകയായിരുന്നു. മുജാഹിദ് വിഭാഗമായ വിസ്ഡം ഇസ്ലാമിക് മൂവ്‌മെന്റ് മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തില്‍ പ്രഖ്യാപിക്കും എന്ന നിലപാടിലേക്ക് മാറുകയും ചെയ്തു.
മാസമുറപ്പിക്കാന്‍ മുസ്ലിം സംഘടനകള്‍ക്കിടയില്‍ വിവിധ മാനദണ്ഡങ്ങള്‍ നിലനില്‍ക്കുമ്പോഴും സൗഹൃദ വേദിയുടെ ധാരണ എല്ലാവരും പാലിക്കാറുണ്ടായിരുന്നു. പാണക്കാട് തങ്ങളുമായും സുന്നി മഹല്ലുകളിലെ കാര്‍മികത്വം വഹിക്കുന്ന ഖാസിമാരുമായും കൂടിയാലോചന നടത്തിയ ശേഷം ഒരുമിച്ചായിരുന്നു ഇതുവരേയുണ്ടായിരുന്ന പ്രഖ്യാപനങ്ങളെല്ലാം. ഈ ധാരണയാണ് രണ്ടു മുജാഹിദ് സംഘടനകള്‍ ലംഘിച്ചിരിക്കുന്നത്. ഭിന്നാഭിപ്രായങ്ങളുള്ള കേരളത്തിലെ മുസ്ലിം സംഘടനകളെ ഒരുമിച്ചുനിര്‍ത്തുന്ന ഏക പ്ലാറ്റ്‌ഫോമായിരുന്നു മുസ്ലിം സൗഹൃദ വേദി. പാണക്കാട് തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്നതാണെങ്കിലും ലീഗിന്റെ കൂടി പിന്തുണയോടെയാരുന്നു ഈ കൂട്ടായ്മ നിലനിന്നിരുന്നത്. ഈ വേദിയെയാണ് മുജാഹിദ് സംഘടനകള്‍ ചേര്‍ന്ന് ദുര്‍ബലപ്പെടുത്തിയത്.
എല്ലാ റമദാനിലും കോഴിക്കോട്ട് സൗഹൃദവേദിയുടെ ഇഫ്താറും നടക്കാറുണ്ടായിരുന്നു. ഗോളശാസ്ത്ര കണക്കനുസരിച്ച് മുന്‍കൂട്ടി നോമ്പും പെരുന്നാളും ഉറപ്പിക്കുന്ന രീതി സമുദായത്തിനകത്ത് ഭിന്നിപ്പുണ്ടാക്കുന്നതിനാല്‍ മുന്‍കൂട്ടി പ്രഖ്യാപിക്കരുതെന്നായിരുന്നു വേദിയില്‍ ഉണ്ടാക്കിയ ധാരണ.
പിറവി ദൃശ്യമാവുന്നതിന്റെ അടിസ്ഥാനത്തില്‍ മാസമുറപ്പിക്കുന്ന രീതിയാണ് മുസ്ലിം ലോകത്ത് മുഴുവനുമുള്ളത്. ഗള്‍ഫ് രാഷ്ട്രങ്ങളിലെ ഔഖാഫ് മത കാര്യ മന്ത്രാലയങ്ങള്‍ വരെ മാസപ്പിറവി നിരീക്ഷിക്കാന്‍ ഈ വര്‍ഷവും പ്രത്യേകം ആഹ്വാനം ചെയ്തിരുന്നു. മാസപ്പിറവി കാണുന്നവര്‍ ഏറ്റവും അടുത്ത കോടതിയില്‍ വിവരമറിയിക്കണമെന്നും സഊദി സുപ്രിം കോടതി ആവശ്യപ്പെട്ടിരുന്നത്. നഗ്‌ന നേത്രങ്ങള്‍ കൊണ്ടോ ദൂരദര്‍ശിനികള്‍ ഉപയോഗിച്ചോ മാസപ്പിറവി നിരീക്ഷിക്കണമെന്നും ചന്ദ്രനെ ദര്‍ശിക്കുന്നവര്‍ അറിയിക്കണമെന്നും സഊദി സുപ്രിം കോടതി ആഹ്വാനം ചെയ്തിട്ടുണ്ട്. ഒമാന്‍ മതകാര്യ വിഭാഗം, ബഹ്‌റൈന്‍ ഇസ്ലാമിക കാര്യ ഉന്നതാധികാരസമിതി, ഖത്തര്‍ ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം, യു.എ.ഇ നീതിന്യായ മന്ത്രാലയം, കുവൈത്ത് മത കാര്യവിഭാഗം എന്നിവയും സമാനമായ ആഹ്വാനങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."