'പവിത്രമാസം പരീക്ഷണങ്ങൾക്ക് പരിഹാരം': എസ്‌ഐസി റമദാൻ ക്യാമ്പയിൻ ഹൈദരലി തങ്ങൾ ഉദ്ഘാടനം ചെയ്യും
റിയാദ്: 'പവിത്രമാസം പരീക്ഷണങ്ങൾക്ക് പരിഹാരം' എന്ന തലക്കെട്ടിൽ സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി റമദാൻ ക്യാമ്പയിൻ ആചരിക്കും. കോവിഡ്-19 വൈറസ് മഹാമാരി ലോകത്തെ പിടിച്ചുലക്കുമ്പോൾ വന്നെത്തിയ റമദാൻ ഈ പരീക്ഷണ ഘട്ടത്തെ മറികടക്കാൻ ഉതകുന്നതായി മാറട്ടെയെന്ന പ്രാർത്ഥനയുമായാണ് ഈ പ്രമേയത്തിൽ വിശുദ്ധ റമദാൻ മാസത്തിൽ സംഘം ക്യാമ്പയിൻ ആചരിക്കുന്നത്.
ക്യാമ്പയിൻ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് എട്ട് മണിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമദാനിൽ ഒരുമാസക്കാലം എല്ലാ ദിവസവും വൈവിധ്യമാർന്ന വൈജ്ഞാനിക വിരുന്നുകളാണ് ക്യാമ്പയിനിൽ നടത്തുന്നത്.
ഉദ്ഘാടന സന്ദേശം, ദേശീയ, സെൻട്രൽ തല ഖുർആൻ മുസാബഖ 2020, റമദാൻ ക്വിസ് മത്സരങ്ങൾ, ഡെയിലി ടിപ്സ്, ഖുർആൻ വിസ്മയ ലോകം, ബദ്ർ സ്‌മരണ, ലൈലത്തുൽ ഖദ്ർ, പ്രതിവാര പ്രാർത്ഥനാ മജ്‌ലിസ്, ഇ-സപ്ലിമെന്റ്, സമാപന സംഗമം എന്നിവയാണ് ക്യാമ്പയിൻ ഭാഗമായി നടക്കുകയെന്ന് സമസ്ത ഇസ്‌ലാമിക് സെന്റർ ദേശീയ പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഹൈദ്രൂസി, ജനറൽ സിക്രട്ടറി അലവിക്കുട്ടി ഒളവട്ടൂർ, ട്രഷറർ അബ്ദുൽ കരീം ബാഖവി പൊന്മള, വർക്കിങ് സിക്രട്ടറി അബ്‌ദുറഹ്‌മാൻ മൗലവി അറക്കൽ എന്നിവർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."