കൊവിഡ്: സഊദിയില്‍ ആറു വിദേശികളും ഒരു സ്വദേശി വനിതയും മരിച്ചു
റിയാദ്: സഊദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴു പേര് കൂടി കൊവിഡ് ബാധിച്ചു മരിച്ചതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് മരണ സംഖ്യ 121 ആയി ഉയര്‍ന്നു.
1,158 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 85 ശതമാനവും വിദേശികളാണ്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 13,930 ആയി. സഊദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ ആലി വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് 113 പേര് രോഗമുക്തി നേടിയതോടെ രാജ്യത്ത് 1,925 പേര് വൈറസ് മുക്തരായിട്ടുണ്ട്. നിലവില്‍ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നവര്‍ 11,884 പേരാണെന്നും ഇവരില്‍ 93 പേരുടെ നില ഗുരുതരമാണെന്നും മന്ത്രാലയ വക്താവ് വ്യക്തമാക്കി. ജിദ്ദ, മക്ക എന്നിവിടങ്ങളിലാണ് ഇന്ന് മരണം സ്ഥിരീകരിച്ചത്. മദീനയിലാണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധ കണ്ടെത്തിയത്. 293 കേസുകളാണ് ഇവിടെ സ്ഥിരീകരിച്ചത്. മക്ക 209, ജിദ്ദ 208, റിയാദ് 157, ഹുഫൂഫി 78, ദമാം 43, ജുബൈല്‍ 40 എന്നിങ്ങനെയാണ് പുതിയ കേസുകളെന്നും ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."