തമിഴ്നാട്ടില്‍ കുടുങ്ങിക്കിടക്കുന്നത് 20,000ത്തിലധികം മലയാളികള്‍
പാലക്കാട്: തമിഴ്‌നാട്ടിലെ ചെന്നൈ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ കൊവിഡ് 19 കൂടുതലായി റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കുടിവെള്ളവും ഭക്ഷണവും കിട്ടാതെ മലയാളികള്‍. ചായ-ജ്യൂസ് കടകളിലും ചെറിയ ബേക്കറികളിലും ജോലിക്കെത്തിയ 20,0000ത്തിലധികം മലയാളികളാണ് തമിഴ്‌നാട്ടില്‍ കുടുങ്ങിക്കിടക്കുന്നത്. കടകള്‍ തുറക്കാന്‍ സര്‍ക്കാര്‍ സമ്മതിക്കാത്തതിനാല്‍ ചെലവുകള്‍ക്ക് പോലും പൈസയില്ലാത്ത അവസ്ഥയില്‍ ചില മലയാളി സംഘടനകള്‍ നല്‍കുന്ന ഭക്ഷണം കഴിച്ച് ഇവര്‍ വിശപ്പടക്കുകയാണ്. താമസിക്കാന്‍ സ്ഥലം കിട്ടാത്തതിനാല്‍ ജോലി ചെയ്യുന്ന കടകളുടെ തിണ്ണകളിലാണ് അന്തിയുറക്കം.
സര്‍ക്കാര്‍ ഭക്ഷണമൊന്നും നല്‍കാറില്ല, ദിവസവും ഒരു ഡോക്ടര്‍ വന്ന് പനിയുണ്ടോ, ചുമയുണ്ടോ എന്ന് അന്വേഷിച്ച് പോകുന്നതൊഴിച്ചാല്‍ കുടിവെള്ളം പോലും നല്‍കാറില്ലെന്ന് ചെന്നൈയില്‍ ചായക്കട നടത്തുന്ന മലപ്പുറം സ്വദേശികളായ യുവാക്കള്‍ സുപ്രഭാതത്തോട് പറഞ്ഞു. 22 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞ ഇവര്‍ സ്വന്തം വാഹനത്തില്‍ കേരളത്തിലേക്ക് കടക്കാന്‍ ചെക്ക്‌പോസ്റ്റില്‍ എത്തിയപ്പോള്‍ കേരള പൊലിസ് തടഞ്ഞു. ഇപ്പോള്‍ കോഴിപ്പാറ സര്‍ക്കാര്‍ സ്‌കൂളിലെ ക്യാംപില്‍ കഴിയുകയാണ്. തമിഴ്‌നാട്ടുകാരായ ചില കച്ചവടക്കാര്‍ ജാതി അധിക്ഷേപം നടത്തുന്നുവെന്ന പരാതിയും വ്യാപകമായിട്ടുണ്ട്.
ചെന്നൈ മെട്രോ നഗരത്തില്‍ മാത്രം നിരവധി മലയാളികളുണ്ട്. ഇവരില്‍ റേഷന്‍ കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമേ സര്‍ക്കാര്‍ 1,000 രൂപ സഹായമായി നല്‍കുന്നുള്ളൂ. കൂടുതലും കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ളവരാണ്. ചെറുകിട കച്ചവടക്കാരുള്‍പ്പെടെ നിരവധി പേര്‍ ചെന്നൈയിലും ചെങ്കല്‍പേട്ടിലുമായി ഇപ്പോള്‍ ഭക്ഷണം പോലും കിട്ടാതെ ബുദ്ധിമുട്ടുന്നുണ്ട്. ഇതിനുപുറമെ വിവിധ കമ്പനികളില്‍ ജോലി ചെയ്ത് ഹോസ്റ്റലില്‍ താമസിക്കുന്ന മലയാളി സ്ത്രീകളും ഇപ്പോള്‍ വാടക നല്‍കാനാവാത്തതിനാല്‍ കുടിയിറക്ക് ഭീതിയിലാണ്. കമ്പനികള്‍ ലോക്ക് ഡൗണ്‍ കാരണം പൂട്ടിക്കിടക്കുന്നതിനാല്‍ ഇതുവരെ കഴിഞ്ഞ മാസത്തെ ശമ്പളം ഇവര്‍ക്ക് ലഭിച്ചിട്ടില്ല.
ഹോസ്റ്റല്‍ വാടക കര്‍ശനമായി വാങ്ങിക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും മെസ് ഫീസ് നല്‍കാതെ ഭക്ഷണം നല്‍കില്ലെന്ന് ഉടമകള്‍ ഭീഷണിപ്പെടുത്തുന്നതായും ഇവര്‍ പറയുന്നു. ചെന്നൈ നഗരത്തിലെ കുറച്ചുപേര്‍ക്ക് കെ.എം.സി.സി ചെങ്കല്‍പെട്ട് ജില്ലാ വൈസ് പ്രസിഡന്റ് അഷ്‌റഫ് പടിഞ്ഞാറെക്കരയുടെ നേതൃത്വത്തില്‍ രണ്ടുനേരം ഭക്ഷണം നല്‍കുന്നുണ്ട്. സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയാണ് ഭക്ഷണം നല്‍കുന്നത്.
എന്നാല്‍, ഇത് ഏതു സമയവും നിര്‍ത്തലാക്കാനും സാധ്യതയുണ്ട്. ചെന്നൈയില്‍ റെഡ് ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം കൂടി വരുന്നതിനാല്‍ ഭക്ഷണം നല്‍കാന്‍ പോലും പുറത്തിറങ്ങാന്‍ പൊലിസ് സമ്മതിക്കുന്നില്ല. ഈ സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ കേരളത്തിലെത്തിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
നാട്ടിലെത്തിയാല്‍ ക്വാറന്റൈനില്‍ കഴിയാന്‍ തയാറാണ്. സമയത്തിന് ഭക്ഷണമെങ്കിലും കിട്ടുമല്ലോ എന്നാണിവര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."