ശമ്പളം മാറ്റിവയ്ക്കുന്നത് ദുരിതാശ്വാസത്തിന്: മന്ത്രി
മണ്ണഞ്ചേരി (ആലപ്പുഴ): സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ഒരു മാസത്തെ ശമ്പളം തവണകളായി പിടിക്കുന്നത് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് വേണ്ടിയെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൂര്‍ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വഴിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും ഇത് ചെലവഴിക്കുക. ഈ തുക എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ളത് പിന്നീട് തീരുമാനിക്കും.
സാലറി ചലഞ്ച് തീരുമാനത്തിനെതിരേ പ്രതിപക്ഷവും ചില സംഘടനകളും രംഗത്തുവന്നു. ഈ സാഹചര്യത്തില്‍ കുറച്ചുപേര്‍ കൊടുക്കുകയും മറ്റുള്ളവര്‍ കൊടുക്കാതിരിക്കുകയും ചെയ്യും. ഇത് ഗുണം ചെയ്യില്ല. ഈ സാഹചര്യത്തിലാണ് സാലറി ചലഞ്ച് വേണ്ടെന്നുവച്ചത്. പുതിയ നിര്‍ദേശത്തിനോട് എല്ലാവിഭാഗം ജീവനക്കാരും അനുകൂലമായാണ് പ്രതികരിക്കുന്നത്.
ശമ്പളം മാറ്റിവയ്ക്കുന്നതില്‍ നിന്ന് ചിലരെ ഒഴിവാക്കണമെന്ന നിര്‍ദേശം ഉയരുന്നുണ്ട്. ആരോഗ്യവകുപ്പ്, റവന്യൂ, പൊലിസ്, സിവില്‍ സപ്ലൈസ് തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാര്‍ സ്തുത്യര്‍ഹമായ സേവനമാണ് നടത്തുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അവരുടെ സേവനത്തെ സര്‍ക്കാര്‍ അംഗീകരിക്കുന്നു. ഒരു വരുമാനവുമില്ലാത്ത 80 ശതമാനത്തോളം ആളുകള്‍ക്ക് ആശ്വാസം പകരേണ്ടതുണ്ട്.
ഏപ്രില്‍ മാസത്തെ വരുമാനം ശമ്പളത്തിനുപോലും തികയാത്ത അവസ്ഥയാണ്. 60 വയസു കഴിഞ്ഞവരുടെ മരുന്നിനും മറ്റുമായി ഭാരിച്ച തുക ചെലവഴിക്കേണ്ടി വരും. കൂടാതെ വിദേശത്ത് നിന്ന് വരുന്നവരെ നിരീക്ഷിക്കുന്നതിനും സാമ്പത്തികം കണ്ടെത്തണം. ഇത്തരത്തില്‍ ഒരു രോഗിക്ക് മാത്രം 25,000 രൂപയോളം ചെലവാകും. 800 കോടി രൂപയാണ് ഭക്ഷ്യകിറ്റിന് ചെലവാകുക. 4,500 കോടി രൂപ ക്ഷേമപെന്‍ഷനായി നല്‍കി. വിവിധ ക്ഷേമനിധികള്‍ വഴി 1000 മുതല്‍ 3000 രൂപ വരെ നല്‍കാന്‍ 1,200 കോടി രൂപയും നല്‍കി. ഇനിയും കൂടുതല്‍ ക്ഷേമപ്രവര്‍ത്തനം നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."