നടപ്പാകാതെ പോയത് കൊവിഡ് കാലത്ത് തിരിച്ചടി
തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ വകുപ്പ് ഉള്‍പ്പെടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടി പ്രഖ്യാപിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കാന്‍ കഴിയാതെ പോയത് കൊവിഡ് പ്രതിരോധ കാലത്ത് തിരിച്ചടിയായി. അതുകൊണ്ടുതന്നെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുന്ന ആവശ്യ മേഖലയിലെ ജീവനക്കാരെ കൂടി കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം മുന്നോട്ടുവയ്‌ക്കേണ്ട അവസ്ഥ വന്നിരിക്കുകയാണ് സംസ്ഥാന സര്‍ക്കാറിന്. കേന്ദ്ര സര്‍ക്കാര്‍ നിലവില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാത്രമാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനായി പ്രവര്‍ത്തിക്കുന്ന പൊലിസുകാര്‍ ഉള്‍പ്പടെയുള്ളവരെ കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ചിരിക്കുകയാണ് കേരളം.
തമിഴ്‌നാട് സര്‍ക്കാര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ പ്രത്യേക ഇന്‍ഷുറന്‍സ് പരിരക്ഷ പ്രഖ്യാപിച്ചിരിക്കുമ്പോള്‍ കേരളത്തിന് നിലവില്‍ ഇത്തരം പദ്ധതികളുമില്ല എന്നതാണ് അവസ്ഥ. 2018 ലെ ബജറ്റില്‍ പ്രഖ്യാപിക്കുകയും 2019 ജൂലൈയില്‍ ജീവനക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതിക്കായി റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയെ തെരഞ്ഞെടുത്ത് ഉത്തരവിറക്കുകയും ചെയ്ത പദ്ധതിക്ക് തുടക്കത്തിലെ തന്നെ കല്ലുകടി നേരിടുകയായിരുന്നു. സര്‍ക്കാര്‍ ജീവനക്കാരെയും അധ്യാപകരെയും പെന്‍ഷന്‍കാരെയും നിര്‍ബന്ധമായി ഉള്‍പ്പെടുത്തി ആരംഭിച്ച പദ്ധതി ആസൂത്രണത്തിലെ പാളിച്ച കൊണ്ടാണ് നടപ്പിലാകാതെ പോയത്. സര്‍ക്കാര്‍ നിശ്ചയിച്ച ചികിത്സാ നിരക്കുകള്‍ കുറവായതിനാല്‍ പ്രമുഖ സ്വകാര്യ ആശുപത്രികളൊന്നും പദ്ധതിയോട് സഹകരിച്ചില്ല. സര്‍ക്കാരും റിലയന്‍സും കൂടി ധാരണയായതില്‍ നിന്ന് വ്യത്യസ്തമായി സ്‌പെഷാലിറ്റി സൗകര്യങ്ങള്‍ ഇല്ലാത്ത ആശുപത്രികളെ ഉള്‍പ്പെടുത്തിയാണ് പദ്ധതി കൊണ്ടുവന്നത്. എം പാനല്‍ ചെയ്ത ആശുപത്രികളുടെ അഭാവം പദ്ധതിക്കെതിരേ ജീവനക്കാരുടെ പ്രതിഷേധത്തിനും കാരണമായി. ഇതിനെ തുടര്‍ന്ന് റിലയന്‍സ് കമ്പനിയെ സര്‍ക്കാര്‍ ഒഴിവാക്കുകയായിരുന്നു.
മെഡിസെപ് എന്ന് നാമകരണം ചെയ്ത പദ്ധതി 2019 ഓഗസ്റ്റ് ഒന്ന് മുതല്‍ നടപ്പാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. വ്യവസ്ഥ പാലിക്കാതിരുന്നതിനാല്‍ റിലയന്‍സുമായുള്ള അവാര്‍ഡ് ഓഫ് കോണ്‍ട്രാക്ട് റദ്ദ് ചെയ്തു പദ്ധതിയുടെ റീ ടെന്‍ഡറിനുള്ള നടപടികള്‍ നടന്നുവരികയാണെന്നാണ് ധനകാര്യ മന്ത്രി തോമസ് ഐസക്ക് നിയമസഭയിലും വ്യക്തമാക്കിയത്. 201 9 ജൂലൈ 15ന് ഇറക്കിയ ഉത്തരവ് പ്രകാരമുള്ള മെഡിക്കല്‍, സര്‍ജിക്കല്‍ ചികിത്സാ നിരക്കുകള്‍ പരിഷ്‌ക്കരിക്കുന്നതിനായി ആരോഗ്യരംഗത്തെ വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തി ഒരു മെഡിക്കല്‍ എക്‌സ്‌പേര്‍ട്ട് കമ്മിറ്റി രൂപീകരിച്ച് രണ്ട് മാസത്തിനുളളില്‍ റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതിലെ ശുപാര്‍ശ അനുസരിച്ച് റീ ടെന്‍ഡര്‍ ഉള്‍പ്പടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമെന്നുമാണ് ധനമന്ത്രി മാര്‍ച്ചിലെ നിയമസഭാ സമ്മേളനത്തില്‍ എം.എല്‍.എ മാരുടെ ചോദ്യത്തിന് മറുപടിയായി നല്‍കിയത്.
ഇതിനിടെ കൊവിഡ് വ്യാപന ഭീഷണി വന്നതോടെ ഇന്‍ഷുറന്‍സ് പദ്ധതിയും അവതാളത്തിലായി. ജീവനക്കാരില്‍ നിന്ന് 250 രൂപ പ്രതിമാസ പ്രീമിയം സ്വീകരിച്ചു കൊണ്ട് ആറ് ലക്ഷം രൂപയുടെ ചികിത്സാ ഇന്‍ഷുറന്‍സും 25 കോടി രൂപ വരെ കവറേജ് ലഭിക്കുന്ന അനുബന്ധ ആനുകൂല്യങ്ങളുമാണ് മൂന്ന് വര്‍ഷത്തെ കാലവധി നിശ്ചയിച്ച മെഡിസെപ് പദ്ധതിയിലൂടെ മുന്നോട്ട് വച്ചിരുന്നത്. വിദേശ രാജ്യങ്ങളിലെ മാതൃകയില്‍ കൊണ്ടുവന്ന പദ്ധതി തുടക്കത്തിലെ തന്നെ പാളിയത് സര്‍ക്കാരിനും തിരിച്ചടിയായി മാറിയിരുന്നു. കൂടാതെ വ്യവസ്ഥകളുടെ ലംഘനം പദ്ധതിയോടുള്ള ജീവനക്കാരുടെ വിശ്വാസ്യതയും നഷ്ടമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."