HOME
DETAILS
MAL
കറങ്ങാത്ത ഫാന്‍, വെള്ളമില്ലാത്ത ശൗചാലയം, വൃത്തിയില്ലാത്ത ഭക്ഷണം ഇത് യു.പിയിലെ ഡോക്ടര്‍മാര്‍ക്കുള്ള താമസസ്ഥലം
backup
April 24 2020 | 02:04 AM
റായ്ബറേലി: കൊവിഡ് രോഗികളെ ചികില്‍സിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ അസൗകര്യങ്ങളില്‍ പൊറുതിമുട്ടുന്ന കാര്യം വിഡിയോയിലൂടെ പങ്കുവച്ച് യു.പിയിലെ ഡോക്ടര്‍മാര്‍. വിവാദമായതോടെ ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ ഗസ്റ്റ്ഹൗസില്‍ താമസസൗകര്യമൊരുക്കി . റായ്ബറേലിയില്‍ കൊവിഡ് ക്വാറന്റൈന്‍ കേന്ദ്രമാക്കിയ സര്‍ക്കാര്‍ സ്‌കൂളിലാണ് ഇവര്‍ക്ക് താമസസൗകര്യം ഒരുക്കിയിരുന്നത്. അവിടുത്തെ അവസ്ഥയാണ് ഡോക്ടര്‍മാര്‍ വിഡിയോകള്‍ വഴി പുറത്തെത്തിച്ചത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എസ്.കെ ശര്‍മയ്ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ ഡി.എം.ഒ സൗകര്യക്കുറവ് നേരില്‍കണ്ട് ഡോക്ടര്‍മാരെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റാന്‍ ജില്ലാ ഭരണകൂടത്തോടു നിര്‍ദേശിച്ചു. റായ്ബറേലിയില്‍ 43 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്.
ഡോക്ടര്‍മാര്‍ പുറത്തുവിട്ട വിഡിയോ ദൃശ്യങ്ങള്‍ ഇതാണ്: ഇത് പുലര്‍ച്ചെ 3 മണി. വൈദ്യുതിയില്ല; ഒരു മുറിയില്‍ നാല് കട്ടിലുകള്‍ ഉണ്ട്. ഇത് പഞ്ചനക്ഷത്ര ക്ലാസാണ് പക്ഷേ, ഒരു ഫാന്‍പോലും പ്രവര്‍ത്തിക്കുന്നില്ല. ഇവിടെയുള്ള സാധാരണ കുളിമുറി ഞാന്‍ കാണിച്ചുതരാം. മൂത്രപ്പുരകള്‍ക്ക് പൈപ്പുകളില്ല.''- ആദ്യ വിഡിയോയില്‍ ഒരു ഡോക്ടര്‍ പറയുന്നു. ഇവിടെയാണ് ഞങ്ങളോട് താമസിക്കാന്‍ പറഞ്ഞിരിക്കുന്നത്- വിഡിയോയിലെ ശബ്ദം പറയുന്നു. രണ്ടാമത്തെ വിഡിയോ ഭക്ഷണത്തെ കുറിച്ചാണ്: 'ഉച്ചഭക്ഷണമായി വിളമ്പുന്ന ഈ ഭക്ഷണം നോക്കൂ. ഇത് പോളിത്തീനില്‍ പൊതിഞ്ഞിരിക്കുകയാണ്. പൂരിയും സബ്ജിയും എല്ലാം ഒരുമിച്ച് പൊതിഞ്ഞിരിക്കുന്നു. ഇത് കൊവിഡ് രോഗികളെ ചികിത്സിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഡോക്ടര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വേണ്ടിയുള്ളതാണ്'.
ബുധനാഴ്ച രാവിലെ ഷൂട്ട് ചെയ്ത മൂന്നാമത്തെ വിഡിയോയില്‍, പി.പി.ഇ വസ്ത്രം ധരിച്ച ഒരു ഡോക്ടര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്തുകൊണ്ടാണ് പ്രകോപിതരായിരിക്കുന്നതെന്ന് വിശദീകരിക്കുന്നു. 'വലിയ ക്ലാസ് മുറികളുള്ള ഒരു വിദ്യാലയമാണ് ഇത്.
ഓരോ മുറിക്കും നാല് കിടക്കകളാണുള്ളത്. ഇത് നിര്‍ദേശങ്ങള്‍ക്ക് എതിരാണ്. ശൗചാലയത്തെ കുറിച്ച് പരാതിപ്പെട്ടപ്പോള്‍ ഒരു മൊബൈല്‍ ശൗചാലയം കൊണ്ടുവന്നു.
മുന്‍പ് യു.പിയിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ കുഞ്ഞുങ്ങള്‍ മരിച്ച സംഭവം പുറത്തുപറഞ്ഞ ഡോ. കഫീല്‍ഖാനെതിരേ സര്‍ക്കാര്‍ പ്രതികാര നടപടികളെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."