HOME
DETAILS
MAL
യു.ഡി.എഫിന് തലവേദന ഒഴിയുന്നില്ല തദ്ദേശ സ്ഥാപന അധ്യക്ഷ പദവി: വീണ്ടും ജോസഫ്-ജോസ് പക്ഷ ഏറ്റുമുട്ടല്‍
backup
April 24 2020 | 02:04 AM
സ്വന്തം ലേഖകന്‍
കോട്ടയം: കേരള കോണ്‍ഗ്രസ് (എം) ലെ ജോസഫ് - ജോസ് വിഭാഗങ്ങള്‍ തമ്മില്‍ തദ്ദേശസ്ഥാപനങ്ങളിലെ അധികാര കൈമാറ്റത്തെച്ചൊല്ലി കൊവിഡ് കാലത്തും തമ്മിലടി തുടങ്ങിയത് യു.ഡി.എഫിന് തലവേദനയാകുന്നു. കോട്ടയം ജില്ലാ പഞ്ചായത്ത്, ചങ്ങനാശ്ശേരി നഗരസഭ ഉള്‍പ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ടാണ് ജോസഫ് - ജോസ് വിഭാഗങ്ങളുടെ കലഹം.
കൊവിഡ് പശ്ചാത്തലത്തില്‍ കുട്ടനാട് ഉപതെരഞ്ഞെടുപ്പ് നടക്കില്ലെന്ന് ഉറപ്പായതോടെ യു.ഡി.എഫിന് ഒഴിഞ്ഞുപോയ തലവേദനയാണ് തദ്ദേശസ്ഥാപനങ്ങളെച്ചൊല്ലി വീണ്ടും ഉയര്‍ന്നത്. മുന്നണി ധാരണ ജോസ് വിഭാഗം പാലിക്കാത്തതിനാല്‍ ബഹിഷ്‌ക്കരണ ഭീഷണിയാണ് യു.ഡി.എഫിന് മുന്നില്‍ ജോസഫ് വിഭാഗം ഉയര്‍ത്തുന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത് യോഗത്തിലും ഇനി വരുന്ന ജില്ലാ യു.ഡി.എഫ് യോഗങ്ങളിലും പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ യു.ഡി.എഫ് നേതൃത്വത്തിന് കത്തുനല്‍കി. യു.ഡി.എഫിലെ ധാരണ അനുസരിച്ച് കഴിഞ്ഞ മാര്‍ച്ച് 24 വരെയായിരുന്നു ജോസ് വിഭാഗക്കാരനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ കാലാവധി.
എന്നാല്‍, സ്ഥാനം ഒഴിയാന്‍ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ തയാറായില്ല. ചങ്ങനാശ്ശേരി നഗരസഭ അധ്യക്ഷ സ്ഥാനം ധാരണപ്രകാരം ജോസ് വിഭാഗം രാജിവച്ചിരുന്നു.
പുതിയ ചെയര്‍മാനായി സി.എഫ് തോമസ് എം.എല്‍.എയുടെ സഹോദരനെയാണ് ജോസഫ് വിഭാഗം നിശ്ചയിച്ചത്. ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ രണ്ടുതവണ യോഗം വിളിച്ചെങ്കിലും അവസാന നിമിഷം യു.ഡി.എഫ് നേതാക്കള്‍ ഇടപെട്ട് തെരഞ്ഞെടുപ്പ് മാറ്റി. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ കോണ്‍ഗ്രസിലെ എ വിഭാഗം നേതാക്കളാണ് തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട അധ്യക്ഷ സ്ഥാനങ്ങള്‍ നിഷേധിക്കുന്നതിന് പിന്നിലെന്നാണ് ജോസഫ് വിഭാഗത്തിന്റെ പുതിയ പരാതി.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലഭിക്കാത്തതിനാല്‍ ജില്ലാ പഞ്ചായത്ത് യോഗം ബഹിഷ്‌കരിക്കുമെന്ന് വ്യക്തമാക്കി അംഗങ്ങളായ അജിത് മുതിരമല, മേരി സെബാസ്റ്റ്യന്‍ എന്നിവര്‍ യു.ഡി.എഫ് നേതൃത്വത്തിന് കത്തുനല്‍കി. യു.ഡി.എഫ് ധാരണപ്രകാരം ജോസ് വിഭാഗക്കാരനായ സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ കാലാവധി എട്ടുമാസമായിരുന്നു.
ഇക്കാര്യം ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് അന്ന് യു.ഡി.ഫ് നേതാക്കളെ സാക്ഷിനിര്‍ത്തി മാധ്യമങ്ങളോട് വ്യക്തമാക്കിയതാണെന്നും ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ വാദിക്കുന്നു. എന്നാല്‍, ഇങ്ങനെയൊരു തീരുമാനമില്ലെന്നും അധ്യക്ഷസ്ഥാനം ഒഴിയില്ലെന്നുമാണ് ജോസ് വിഭാഗം പറയുന്നത്. ജോസ് വിഭാഗം അധികാര കൈമാറ്റത്തിന് തയാറാകാത്തിനുപിന്നില്‍ ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളാണെന്നാണ് ജോസഫ് പക്ഷത്തിന്റെ ആരോപണം.
കെ.എം മാണിയുടെ മരണത്തിന് പിന്നാലെ കേരള കോണ്‍ഗ്രസ് (എം) ല്‍ ഉടലെടുത്ത അധികാര തര്‍ക്കം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നിലാണ്. രണ്ടില ചിഹ്നം മരവിപ്പിച്ചതിനൊപ്പം അന്തിമവിധിയും വന്നിട്ടില്ല.
രണ്ടു പാര്‍ട്ടിയായി വേര്‍പിരിഞ്ഞു കഴിഞ്ഞ ജോസഫ് - ജോസ് വിഭാഗങ്ങള്‍ യോജിപ്പില്‍ എത്താത്ത അവസ്ഥയിലാണ്. ഇതിനിടെയാണ് കൊറോണ ഭീതിയില്‍ നാടുനീങ്ങുമ്പോള്‍ യു.ഡി.എഫിന് പുതിയ തലവേദന സൃഷ്ടിച്ച് തദ്ദേശസ്ഥാപനങ്ങളിലെ അധികാരത്തെച്ചൊല്ലി തമ്മിലടി തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."