ശൂന്യമായ സ്വഫ്ഫുകള്‍, വിങ്ങിപ്പൊട്ടി ഇമാമുമാര്‍, ആളാരവമില്ലാതെ മക്കയും മദീനയും; വിശ്വാസികളുടെ കണ്ണു നനച്ച് ഉള്ളുലച്ച് കൊവിഡ് കാലത്തെ ആദ്യ തറാവീഹ്
ലക്ഷങ്ങള്‍ പുഴപോലെ ഒഴുകിയിരുന്ന വഴിയോരങ്ങള്‍ ശൂന്യമാണ്. ഹജ്ജ് കാലം പോലെ തന്നെ ജനനിബിഢമാവുമായിരുന്ന ഹറമില്‍ ആളനക്കമില്ല. എങ്കിലും കഅ്ബയുടെ മുറ്റത്ത് ഇത്തവണയും തറാവീഹ് നിസ്‌ക്കാരം മുടങ്ങിയില്ല. ഉള്ളുപൊള്ളുന്ന പ്രാര്‍ത്ഥനയോടെ ഇന്നലെയും ഹറമിന്റെ മുറ്റത്തും മദീന പള്ളിക്കകത്തും പ്രാര്‍ത്ഥന തുടര്‍ന്നു.
ലക്ഷങ്ങള്‍ പങ്കെടുത്തിരുന്ന തറാവിഹ് നിസ്‌ക്കാരത്തിനെത്തിയത് വിരലിലെണ്ണാവുന്നവര്‍. ലോകം ഇന്നോളം കണ്ടിട്ടില്ലാത്ത ആ കാഴ്ച ഒരിക്കലും മാറ്റാനാവാത്തൊരു നോവായി ഇസ്‌ലാം മത വിശ്വാസികളുടെ ഉള്ളില്‍.
നിസ്‌കാരത്തിലുടനീളം മഹാമാരി തളര്‍ത്തിയ ലോകത്തിനായുള്ള പ്രാര്‍ത്ഥന
യായിരുന്നു. മദീന മക്ക പള്ളികളില്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കിയവര്‍ പലതവണ വിങ്ങിപ്പൊട്ടി. മുന്നൂറിന് താഴെയുള്ള ഹറമിലെ ഷിഫ്റ്റിലെ ജീവനക്കാരും ഉദ്യോഗസ്ഥരും മാത്രമാണ് നമസ്‌കാരത്തില്‍ പങ്കെടുത്തത്. ആഴ്ചകള്‍ക്ക് മുന്നേ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കഅബക്ക് ചുറ്റും അടച്ചു കെട്ടിയിരുന്ന ബാരിക്കേഡ് ഇന്നലെ രാത്രി നിസ്‌കാരത്തിന് മുന്നോടിയായി നീക്കിയിരുന്നു.
അണുമുക്തമാക്കുന്ന പ്രക്രിയ ഇപ്പോഴും തുടരുന്നുണ്ട്. മക്കയില്‍ ഇരു ഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍ സുദൈസാണ് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കിയത്.
മദീന പള്ളിയിലും ജീവനക്കാരും ഉദ്യേഗസ്ഥരുമടക്കം ഏതാനും പേര്‍ മാത്രമാണ് പ്രാര്‍ത്ഥനക്ക് എത്തിയത്. ജീവനക്കാരേയും ഉദ്യോഗസ്ഥരേയും പരിശോധന പൂര്‍ത്തിയാക്കിയാണ് കഅ്ബയുടെ മുറ്റത്തേക്കും മദീന പള്ളിയിലേക്കും പ്രവേശിപ്പിക്കുന്നതും.
മദീനയിലെ പ്രാര്‍ത്ഥനക്കിടെ ഇമാം വിങ്ങിപ്പൊട്ടുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."