ഒരിക്കലും നന്മ ലഭിക്കാത്ത നസ്രേത്താണ് തങ്ങളെന്ന് യു.ഡി.എഫും ബി.ജെ.പിയും വീണ്ടും തെളിയിക്കുകയാണ്: കാനം രാജേന്ദ്രന്‍
തിരുവനന്തപുരം: ഒരിക്കലും നന്മ ലഭിക്കാത്ത നസ്രേത്താണ് തങ്ങളെന്ന് യു.ഡി.എഫും ബി.ജെ.പിയും വീണ്ടും തെളിയിക്കുകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
സര്‍ക്കാര്‍ കൊവിഡിനെ അതിജീവിക്കാന്‍ ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടേയും നിലപാടുകള്‍ സംസ്ഥാന താല്‍പര്യത്തിന് ഉതകുന്നതല്ലെന്ന് പാര്‍ട്ടി മുഖപത്രമായ ജനയുഗത്തില്‍ എഴുതിയ ലേഖനത്തില്‍ കാനം കുറ്റപ്പെടുത്തുന്നു.
'ഒരു ദുരന്തവേളയില്‍ കൃത്യമായ വിവരങ്ങള്‍ ജനങ്ങളിലേക്കെത്തേണ്ടതുണ്ട്. അതിനായി പരിശ്രമിച്ച ആരോഗ്യമന്ത്രിയെ ആക്ഷേപിക്കുകയായിരുന്നു പ്രതിപക്ഷം. ലോക്ഡൗണിനേയും അവര്‍ എതിര്‍ത്തു. അമേരിക്കയാണ് മാതൃക എന്നു കൂടി പറഞ്ഞുവെച്ചു. ആനുകൂല്യവിതരണങ്ങള്‍, ഭക്ഷ്യധാന്യ വിതരണം എന്നിവയേയും അപഹസിക്കാന്‍ അവര്‍ക്ക് മടിയുണ്ടായില്ല.'
'മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ പാടില്ലെന്ന വാദഗതിയുമായി ഒരു പ്രതിപക്ഷ എംഎല്‍എ രംഗത്തെത്തിയപ്പോള്‍ അതിനെ തിരുത്താന്‍ തയ്യാറാവാതെ അയാള്‍ക്ക് പിന്തുണയും പിന്‍ബലവും നല്‍കുകയായിരുന്നു പ്രതിപക്ഷ നേതാവടക്കമുള്ളവര്‍ ചെയ്തത്.
ദുരിതവും ദുരന്തവും ചുറ്റിലും നിറയുമ്പോള്‍ വാക്കുകൊണ്ടും പ്രവൃത്തി കൊണ്ടും സാന്ത്വനവും ശക്തിയും പകര്‍ന്നു നല്‍കുന്ന ഭരണകൂടത്തെയാണ് ജനങ്ങള്‍ക്കു വേണ്ടത്. അത്തരമൊരു പ്രവര്‍ത്തനം കേരളസര്‍ക്കാര്‍ കാഴ്ചവെക്കുമ്പോള്‍ യുഡിഎഫിനും ബിജെപിക്കും ഉറക്കം നഷ്ടപ്പെടുക സ്വാഭാവികം മാത്രമാണ്. എതിര്‍പ്പുകളുമായി രംഗത്തിറങ്ങാനാണ് ഈ മഹാമാരിക്കാലത്തെല്ലാം പ്രതിപക്ഷനേതാവടക്കമുള്ളവരും ബിജെപി നേതാക്കന്‍മാരും പരിശ്രമിച്ചത്. ദുരന്തസമയത്ത് ഫ്രലപ്രദമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനൊപ്പം നില്‍ക്കുക എന്നാല്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്നാണ്. അതാണ് കേരളത്തിനുവേണ്ടത് എന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാം. പക്ഷേ ആരു മരിച്ചാലും സര്‍ക്കാരിന്റെ കണ്ണീരുകണ്ടാല്‍ മതിയെന്ന ദുഷ്ടലാക്കാണ് പ്രതിപക്ഷത്തിനും ബിജെപിക്കുമുള്ളത്.'- കാനം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."