പ്രവാസികള്‍ എന്ത് പിഴച്ചു? മൃതദേഹം പോലും വേണ്ടെന്ന് കേന്ദ്രം, എംബാം ചെയ്ത മൃതദേഹങ്ങള്‍ അനാഥ പ്രേതങ്ങളായി വിമാനത്താവളങ്ങളില്‍
റിയാദ്: ഗള്‍ഫ് നാടുകളില്‍ നിന്ന് ഇന്ത്യക്കാരുടെ മൃതദേഹം പോലും എത്തിക്കരുതെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നു. നിലവിലെ പ്രതിസന്ധി സാഹചര്യത്തില്‍ ഇന്ത്യക്കാരില്‍ അടിയന്തിരമായി നാട്ടിലെത്തേണ്ടവര്‍ക്ക് സൗകര്യമൊരുക്കണമെന്ന ആവശ്യം നിരാകരിച്ചതിനു പിന്നാലെയാണ് തങ്ങളുടെ പൗരന്മാരുടെ മൃതദേഹം പോലും കൊണ്ട് വരരുതെന്ന കാര്‍ക്കശ്യ നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയത്. കൊവിഡ്-19 വൈറസ് ബാധയേറ്റതല്ലാത്ത സാധാരണ മരണങ്ങള്‍ പോലും ഇത്ര ഭയാനകമായി കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുന്നതിനാല്‍ ഗള്‍ഫ് നാടുകളിലെ വിമാനത്താവളങ്ങളില്‍ എംബാം ചെയ്ത മൃതുദേഹങ്ങള്‍ അനാഥ പ്രേതങ്ങളെ പോലെ കിടക്കുകയാണ്.
കുവൈത് വിമാനത്താവളത്തില്‍ രണ്ടു മലയാളികളുടെ മൃതുദേഹങ്ങള്‍ ഇങ്ങനെ അനാഥമായി കിടക്കുമ്പോള്‍ തന്നെ റാസല്‍ ഖൈമയില്‍ നിന്ന് നാട്ടിലെത്തിച്ച മലയാളികളുടെ മൃതദേഹം ചെന്നൈ വിമാനത്താവളത്തിലും കേന്ദ്ര കാത്ത് കിടക്കുകയാണ്. ദുബായ് വിമാനത്തായവളത്തില്‍ കായം കുളം സ്വദേശി 46 കാരനായ ഷാജിലാല്‍ യശോധരന്റെ മൃതദേഹവും അനാഥമായി കിടക്കുകയാണ്. കാര്‍ഗോ പെട്ടികളിലൊന്നില്‍ എംബാം ചെയ്യപ്പെട്ട മൃതശരീരമായി നാട്ടിലേക്കയക്കാനായി എത്തിച്ചപ്പോഴാണ് കേന്ദ്രസക്കാരിന്റെ പുതിയ തീരുമാനത്തെ തുടര്‍ന്ന് മൃതദേഹം ഇവിടെ തന്നെ കുടുങ്ങിയത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഷാജിലാല്‍ രക്തത്തിലെ അണുബാധയെത്തുടര്‍ന്ന് റാസല്‍ഖൈമയിലെ സഖര്‍ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞയാഴ്ച്ച കുവൈത്തില്‍ മരിച്ച 2 മലയാളികളുടെ മൃതദേഹമാണ് ഇപ്പോള്‍ അവസാന നിമിഷം മുടങ്ങിയതിനെ തുടര്‍ന്ന് കുവൈത്ത് വിമാനത്താവളത്തിലുള്ളത്.
ആലപ്പുഴ മാവേലിക്കര സ്വദേശി വര്‍ഗ്ഗീസ് ജോര്‍ജ്ജ്, കോഴിക്കോട് മണിയൂര്‍ സ്വദേശി വിനോദ് എന്നിവരുടെ മൃതദേഹം ഇന്നലെ ഖത്തര്‍ എയര്‍ വെയ്‌സ് വഴി ഇന്ത്യയിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ഇന്നലെ ഉച്ചയോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നത് നിര്‍ത്തിവെക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നും തങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചതായി ഖത്തര്‍ എയര്‍ വെയ്‌സ് അധികൃതര്‍ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണു അവസാന നിമിഷം ഇത് മുടങ്ങിയത്.
കൊവിഡ്-19 പശ്ചാത്തലത്തില്‍ വിമാന സര്‍വ്വീസ് വിലക്ക് വന്നതിനെ തുടര്‍ന്ന് ഗള്‍ഫ് നാടുകളില്‍ മൃതുദേഹങ്ങള്‍ കെട്ടിക്കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ചില സാമൂഹ്യ പ്രവര്‍ത്തകരുടെ ശ്രമഫലമായാണ് കാര്‍ഗോ വിമാനങ്ങള്‍ ഉപയോഗിച്ച് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ഇതിനാണ് ഇപ്പോള്‍ കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാര്‍ പാര വെച്ചത്. കൊവിഡ്-19 ബാധിച്ചല്ലാതെ മരിക്കുന്നവരായാലും കാര്‍ഗോ വിമാനം വഴി നാട്ടിലേക്ക് മൃതദേഹം എത്തിക്കുന്നതിനാണ് കേന്ദ്രം കഴിഞ്ഞ ദിവസം വിലക്ക് ഏര്‍പ്പെടുത്തിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ മൃതദേഹം കൊണ്ടുവരാന്‍ പാടില്ലെന്നാണ് നിര്‍ദേശം. ഇതോടെ ഗള്‍ഫില്‍ നിന്നുള്‍പ്പെടെ ഇന്ത്യയിലേക്ക് മൃതദേഹം അയക്കുന്നത് നിര്‍ത്തേണ്ടിവരുമെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ പറഞ്ഞു.
ഇത് സംബന്ധിച്ച് വിവിധ എയര്‍ലൈന്‍ കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. ഇതോടെ വിദേശത്ത് മരിച്ച പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്കു കാണാന്‍ പോലും കാണാന്‍ ആകാതെ അലറി കരയുകയാണ് നാട്ടിലെ ബന്ധുക്കള്‍. അന്ത്യസംസ്‌കാരത്തിന് മുമ്പ് അവസാനമായൊന്ന് കാണുകയെന്ന ഉറ്റവരുടെ അഭിലാഷവും അവകാശവും പൂര്‍ത്തീകരിക്കാനായി ഇപ്പോഴത്തെ അതീവ ദുഷ്‌ക്കരമായ അവസ്ഥയിലും അവിടെയുള്ള സുഹൃത്തുക്കളും ബന്ധുക്കളും സാമൂഹികപ്രവര്‍ത്തരുമൊക്കെ ശ്രമിക്കുമ്പോഴാണ് കേന്ദ്ര സര്‍ക്കാറിന്റെ തല തിരിഞ്ഞ നിലപാടുകള്‍.
അടിയന്തരാവശ്യങ്ങളുള്ള പ്രവാസികള്‍ക്കുവേണ്ടി പ്രത്യേക വിമാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന മുറവിളി ശക്തമാകുന്നതിനിടയിലാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനും സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. കേന്ദ്ര സര്‍ക്കാറിന്റെ മനുഷ്യത്വ രഹിതമായ ഈ നിലപാടോടെ വിദേശത്ത് മരിച്ച ഉറ്റവരെ അവസാനമായി ഒരു നോക്ക് കാണാന്‍ പോലും ആകാത്തതിന്റെ സങ്കടക്കടലില്‍ ആയിരിക്കുകയാണ് നാട്ടിലുള്ള പ്രിയപ്പെട്ടവര്‍. ഒരായുസ്സ് മുഴുവനും നാടിനും വീടിനും വേണ്ടി ചോര നീരാക്കിയ പ്രവാസികള്‍ക്കാണ് ഒടുവില്‍ ഇത്തരം ഒരു ഗതി വന്നിരിക്കുന്നത്.മൃതദേഹം നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി ഇതിന് ആവശ്യമാണെന്നാണ് ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ എല്ലാ വിമാനത്താവളങ്ങളിലേക്കും വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ നടപടി താത്കാലികമാണെന്നും മൃതദേഹങ്ങള്‍ കൊണ്ടുവരുന്നത് സംബന്ധിച്ച മാര്‍ഗരേഖ തയ്യാറാക്കുന്നതിനായുള്ള നടപടിക്രമത്തിന്റെ ഭാഗമായാണ് വിലക്കെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഇതോടെ സ്വന്തം വീടിന് വേണ്ടി രാപകല്‍ ഇല്ലാതെ കഷ്ടപ്പെട്ട വര്‍ഷങ്ങളായി ഉറ്റവരെ ഒരു നോക്ക് കാണാന്‍ പോലും സാധിക്കാത്ത മണലാരണ്യങ്ങളില്‍ കിടന്ന് പണിയെടുത്തവരാണ് ഒടുവില്‍ ആ രാജ്യത്ത് തന്നെ അനാഥ പ്രേതം പോലെ മണ്ണടിയുന്നത്. ഇതു പല കോണില്‍ നിന്നും എതിര്‍പ്പ് ശക്തമായിട്ടും കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോകാതെ പ്രവാസികളുടെ മൃതദേഹത്തെ പോലും അപമാനിക്കുന്ന നടപടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."