കൊറോണാ വ്യാപനത്തിന്റെ ആദ്യ ദിനം തൊട്ടു സുതാര്യത പുലര്‍ത്തുന്നുവെന്ന് ഖത്തര്‍ അമീര്‍
ദോഹ: കൊറോണവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്തെ എല്ലാ രാജ്യങ്ങളെയും പോലെ അതിനിര്‍ണായകമായ ഒരു ഘട്ടത്തിലൂടെയാണ് ഖത്തറും കടന്നുപോകുന്നതെന്ന് അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി. ഖത്തറില്‍ കൊറോണവ്യാപനം തുടങ്ങിയതിന്റെ ആദ്യഘട്ടം മുതല്‍ രോഗബാധയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും രാജ്യം സുതാര്യത കാത്തുസൂക്ഷിച്ചിട്ടുണ്ടെന്ന് അമീര്‍ പറഞ്ഞു. റമദാനോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
സോഷ്യല്‍ ഡിസ്റ്റന്‍സിങിലൂടെ മാത്രമേ ഈ മഹാമാരിയെ നമുക്ക് അതിജീവിക്കാന്‍ സാധിക്കൂ. അതിന് ആവശ്യമായ എല്ലാ നടപടികളും രാജ്യം സ്വീകരിച്ചുപോരുന്നുണ്ട്. കമ്പോളങ്ങളും സ്‌കൂളുകളും പാര്‍ക്കുകളുമൊക്കെ അടച്ചത് അതിന്റെ ഭാഗമാണ്. അതോടൊപ്പം തന്നെ രോഗബാധിതരെയും അവരുമായി സമ്പര്‍ക്കത്തിലായവരെയും കണ്ടെത്തി ഐസൊലേറ്റ ചെയ്യുകയും പരിശോധന നടത്തുകയും ചെയ്യുന്നത് തുടരേണ്ടതുണ്ടെന്ന് അമീര്‍ പറഞ്ഞു. കൊറോണ നിയന്ത്രങ്ങള്‍ ലംഘിക്കുന്നവര്‍ സ്വന്തത്തോടൊപ്പം മറ്റുള്ളവരെക്കൂടി അപകടത്തില്‍പ്പെടുത്തുന്നതായി അമീര്‍ ഓര്‍മിപ്പിച്ചു. രോഗപ്രതിരോധത്തിന് ഫീല്‍ഡ് ഹോസ്പിറ്റലുകള്‍ ഉള്‍പ്പെടെ ആവശ്യമായ എല്ലാ സൗകര്യങ്ങളും രാജ്യം ഒരുക്കിയിട്ടുണ്ട്. ആയിരക്കണക്കിന് പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഫീല്‍ഡ് ഹോസ്പിറ്റലുകള്‍ ഉപയോഗിക്കേണ്ടിവരില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.
കൊറോണപ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍, പൗരന്മാര്‍, പ്രവാസികള്‍, വൊളന്റിയര്‍മാര്‍ തുടങ്ങി എല്ലാവര്‍ക്കും അമീര്‍ നന്ദി അറിയിച്ചു.
രാജ്യം സാധാരണജീവിതത്തിലേക്ക് മടങ്ങിവന്നാലും ഐസൊലേഷന്‍ ആവശ്യമായ കേസുകളുടെ പരിശോധന തുടരേണ്ടതുണ്ടെന്ന് അമീര്‍ ഓര്‍മിപ്പിച്ചു. ഇല്ലെങ്കില്‍ പകര്‍ച്ചവ്യാധിയുടെ ഒരു രണ്ടാംവരവിനെ നാം അഭിമുഖീകരിക്കേണ്ടിവരും. മാഹാമാരിയെ നേരിടാന്‍ ആവശ്യമായ സാമ്പത്തിക പാക്കേജ് രാജ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
ഊര്‍ജ കയറ്റുമതി പ്രധാനവരുമാന സ്രോതസ്സായുള്ള രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞ നാളുകളാണ് വരാനിരിക്കുന്നത്. ഈ ഘട്ടത്തെ അതിജീവിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും നാം സ്വീകരിക്കും. മഹാമാരിയുടെ ആഘാതം നേരിടാന്‍ നിങ്ങള്‍ ഓരോരുത്തരുടെയും സഹകരണം ആവശ്യമാണ്.
നമ്മുടെ സാമ്പത്തിക രംഗം ഇന്ധനവിലയുടെ ചാഞ്ചാട്ടത്തില്‍ ബന്ധിയാകാന്‍ പാടില്ല. അതുകൊണ്ട് തന്നെ സാമ്പത്തിക മേഖലയുടെ വൈവിധ്യവല്‍ക്കരണത്തിനുതകുന്ന സമഗ്രപരിഷ്‌കരണത്തിന് മന്ത്രിസഭയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ വിഷയം നേരത്തേ പലതവണ ചര്‍ച്ച ചെയ്തതാണെങ്കിലും ഇപ്പോള്‍ നടപടിക്കുള്ള സമയമാണ്.
വാക്സിന്‍ നിര്‍മാണത്തിലും മരുന്ന് നിര്‍മാണത്തിലും മല്‍സരിക്കുന്നതിനു പകരം സഹകരിക്കാന്‍ എല്ലാ ലോകരാജ്യങ്ങളോടും അന്താരാഷ്ട്ര സംഘടനകളോടും ഈ സന്ദര്‍ഭത്തില്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നുവെന്ന് അമീര്‍ പറഞ്ഞു.
ക്ഷമാശീലര്‍ക്ക് അളവറ്റ പ്രതിഫലം ലഭിക്കുമെന്ന ഖുര്‍ആന്‍ വചനം ഉദ്ധരിച്ചുകൊണ്ടാണ് അമീര്‍ പ്രഭാഷണം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."