പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള തടസ്സം നീക്കണം: പ്രധാനമന്ത്രിക്ക് വീണ്ടും മുഖ്യമന്ത്രി കത്തയച്ചു
തിരുവനന്തപുരം: ഗള്‍ഫ് നാടുകളില്‍ കൊവിഡ് രോഗം കൊണ്ടല്ലാതെ മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തടസ്സം നീക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ചതായി മുഖ്യമന്ത്രി. മൃതദേഹം എത്തിക്കുന്നതില്‍ കാലതാമസവും ഒഴിവാക്കാന്‍ ബന്ധപ്പെട്ട ഇന്ത്യന്‍ എംബസികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് എംബസികളുടെ അനുമതി ലഭിക്കുന്നില്ലെന്ന് കാണിച്ച് ജി.സി.സി രാജ്യങ്ങളിലെ പ്രവാസി സംഘടനകള്‍ പരാതിപ്പെട്ടിട്ടുണ്ട്. അനുമതി നല്‍കണമെങ്കില്‍ ഡല്‍ഹിയിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ് എംബസികളുടെ നിലപാട്.
കൊവിഡ് അല്ലാതെയാണ് മരിച്ചതെങ്കില്‍ മൃതദേഹം കൊണ്ടുവരുന്നതിന് നേരത്തെ അനുമതിയുണ്ട്. അതിനാല്‍, ആഭ്യന്തര മന്ത്രലയത്തിന്റെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ മൃതദേഹങ്ങള്‍ അയക്കുന്നതിന് ക്ലിയറന്‍സ് നല്‍കാന്‍ ബന്ധപ്പെട്ട എംബസികള്‍ക്ക് നിര്‍ദേശം നല്‍കണം എന്നാണ് കേരളത്തിന്റെ ആവശ്യം. ഇക്കാര്യത്തിലുള്ള നൂലാമാലകള്‍ ഒഴിവാക്കി മൃതദേഹങ്ങള്‍ താമസമില്ലാതെ നാട്ടിലെത്തിക്കാനും കുടുംബാംഗങ്ങള്‍ക്ക് അന്ത്യകര്‍മങ്ങള്‍ നടത്താനും സൗകര്യമൊരുക്കണമെന്ന് മുഖ്യമന്ത്രി, പ്രധാമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
എത്ര പ്രവാസികള്‍ മടങ്ങിയെത്തിയാലും അവര്‍ക്ക് വേണ്ട എല്ലാ സൗകര്യവും ഒരുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അവര്‍ക്ക് കൂടി അവകാശപ്പെട്ടതാണ് ഈ നാടെന്നും അവര്‍ക്ക് മടങ്ങിവരാനാവില്ലെന്ന് ആരും കരുതരുതെന്നും അദ്ദേഹം പറഞ്ഞു.
വിമാന ടിക്കറ്റ് റദ്ദാക്കുമ്പോള്‍ മുഴുവന്‍ തുകയും ലഭിക്കുന്നത് ലോക്ക് ഡൌണ്‍ കാലത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ്. ഇത് മറ്റുള്ളവര്‍ക്ക് കൂടി ബാധകമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."