അഞ്ചു പേർ പങ്കെടുത്ത തറാവീഹും 40 പേർ പങ്കെടുത്ത ജുമുഅയും ഖത്തറിനിത് ആദ്യ അനുഭവം
അഹമ്മദ് പാതിരിപ്പറ്റ ദോഹ: കൊറോണവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒഖാഫ് മന്ത്രാലയം ഏര്‍പ്പെടുത്തിയ നിയന്ത്രണത്തെ തുടര്‍ന്ന് ആളൊഴിഞ്ഞ ഖത്തറിലെ മസ്ജിദുകളില്‍ വേറിട്ട അനുഭവമുണ്ടായത് ഗ്രാന്‍ഡ് മോസ്‌ക്കില്‍ മാത്രം. റമദാനില്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ച ഖത്തറിലെ ഏക മസ്ജിദാണ് ഗ്രാന്‍ഡ് മോസ്‌ക്ക്. ഗ്രാന്‍ഡ് മോസ്‌ക്കില്‍ ഇന്നലെ രാത്രി നടന്ന തറാവീഹ് നമസ്‌കാരവും ഇന്നത്ത ജുമുഅ പ്രാര്‍ഥനയും വ്യത്യസ്ത അനുഭവമായി. നൂറുകണക്കിന് പേര്‍ ഒരുമിച്ച് കൂടാറുള്ള തറാവീഹ് നമസ്‌കാരത്തിന് ഇമാമിന് പിറകില്‍ മസ്ജിദിലെ ജീവനക്കാരായ അഞ്ചുപേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. നമസ്‌കാരത്തിന്റെ ദൃശ്യം ടിവിയിലും റേഡിയോയിലും ലൈവ് സംപ്രേക്ഷണം ചെയ്തിരുന്നു. ഖത്തറിലെ ഗ്രാന്‍ഡ് മോസ്‌ക്കില്‍ നടന്ന തറാവീഹ് നമസ്‌കാരം 35 ദിവസത്തെ ഇടവേളക്ക് ശേഷം ഖത്തര്‍ ഗ്രാന്‍ഡ് മോസ്‌ക്കില്‍ 40 പേരുടെ ജുമുഅ നമസ്‌കാരവും ഇന്ന് നിര്‍വഹിക്കപെട്ടു. ജുമുഅ നമസ്‌കാരത്തില്‍ ഇമാം ഉള്‍പ്പെടെ 40 പേര്‍ മാത്രമാണ് പങ്കെടുത്തത്. ഒരുമിച്ചുള്ള നമസ്‌കാരത്തില്‍ ഇമാമിനെ പിന്തുടരുന്നവര്‍ തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കണമെന്ന പതിവില്‍ നിന്ന് വ്യത്യസ്തമായി കൃത്യമായ അകലം പാലിച്ചുകൊണ്ടാണ് നമസ്‌കാരം നിര്‍വഹിച്ചത്. ഖത്തറിലെ പ്രമുഖ പണ്ഡിതന്‍ തഅ്കീല്‍ ബിന്‍ സയര്‍ അല്‍ ശമരി ജുമുഅ ഖുത്ബ നിര്‍വഹിക്കുകയും നമസ്‌കാരത്തിന് നേതൃത്വം വഹിക്കുകയും ചെയ്തു. ഖത്തര്‍ ടിവി ദൃശ്യങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്തു. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഖത്തര്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന പദ്ധതികളില്‍ ഒരുമിച്ചു നില്‍ക്കുകയും സഹകരിക്കുകയും ചെയ്യുന്നതാണ് ഒരു യഥാര്‍ത്ഥ വിശ്വാസിയുടെ കടമയെന്നും ഖുതുബ പ്രഭാഷണത്തില്‍ അല്‍ ശമരി ഓര്‍മ്മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."