HOME
DETAILS

ഇന്തോ - അറബ് ബന്ധം വിദ്വേഷത്തില്‍ ഉലയാതിരിക്കട്ടെ

  
backup
April 25 2020 | 00:04 AM

indo-arab-relation

 

 

അറിയപ്പെട്ട ചരിത്രമനുസരിച്ച് അയ്യായിരം വര്‍ഷത്തിലധികം പഴക്കമുണ്ട് ഇന്തോ - അറബ് ബന്ധത്തിന്. പുരാതന കാലം മുതല്‍ക്ക് തന്നെ ഇരു സമൂഹങ്ങളും പരസ്പരം വ്യാപാര ബന്ധങ്ങളില്‍ ഏര്‍പ്പെടുകയും ഏറെ മമതയോടെ പരസ്പരം സഹകരിച്ചു പോരുകയും ചെയ്തതിന്റെ അതിമനോഹരങ്ങളായ ചരിത്ര മുഹൂര്‍ത്തങ്ങളും നിരവധിയാണ്. അറബ് രാജ്യങ്ങള്‍ എണ്ണ കണ്ടെത്തി സമ്പന്നതയിലേക്ക് ഉയര്‍ന്നപ്പോഴും അതിന്റെ ഗുണഫലമേറെ ലഭിച്ചവരാണ് ഇന്ത്യന്‍ സമൂഹം. വ്യാപാരത്തിനായി മുന്‍പ് അറബികള്‍ ഇന്ത്യയിലേക്കാണ് വന്നതെങ്കില്‍ ഇന്ന് നാം ഇന്ത്യക്കാര്‍ അറേബ്യയിലേക്ക് ഒഴുകുന്നത് ചരിത്രത്തിന്റെ മറ്റൊരു നിയതി നിയോഗം. എന്നാല്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി നമ്മുടെ പൂര്‍വികര്‍ ഉണ്ടാക്കിയെടുത്ത ഈ സല്‍പ്പേരിനും യശസ്സിനും കളങ്കമുണ്ടാക്കുന്ന വിധത്തിലാണ് സമീപ കാലത്ത് പല സംഭവ വികാസങ്ങളും നടന്ന് കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ മുതല്‍ പ്രവാസികള്‍ക്കിടയിലെ വര്‍ധിച്ചു വരുന്ന അസഹിഷ്ണുത വരെ അതിന് കാരണമായിട്ടുണ്ട്.


ഇസ്‌ലാമിക രാജ്യങ്ങളുടെ സംഘടനയായ ഒ.ഐ.സി കഴിഞ്ഞ ദിവസമാണ് മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് നേര്‍ക്ക് നടക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടത്. രാജ്യത്ത് വര്‍ധിക്കുന്ന ഇസ്‌ലാമോ ഫോബിയ തടയാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും ഒ.ഐ.സി ആവശ്യപ്പെടുകയുണ്ടായി. അന്താരാഷ്ട്ര മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെ തന്നെ റിപ്പോര്‍ട്ട് ചെയ്ത ഈ സംഭവ വികാസങ്ങള്‍ക്കിടയിലാണ് പ്രവാസികളായ ഇന്ത്യക്കാര്‍ക്കിടയില്‍ വിദ്വേഷ പ്രചാരണം വര്‍ധിക്കുന്ന പ്രവണതയെ നിശിതമായി വിമര്‍ശിച്ചു കൊണ്ട് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ രംഗത്ത് വന്നു കൊണ്ടിരിക്കുന്നത്. അടുത്ത കാലത്തായി ഒട്ടേറെ സംഘ്പരിവാര്‍ അനുകൂലികളാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ മത നിന്ദയുടെ പേരില്‍ നിയമ നടപടികള്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. അങ്ങേയറ്റം നിന്ദ്യമായ രീതിയില്‍ ഇസ്‌ലാം മതത്തെയും മുസ്‌ലിം സമൂഹത്തെയും അപകീര്‍ത്തിപ്പെടുത്തിയവരും സോഷ്യല്‍ മീഡിയ വഴി വധ ഭീഷണി മുഴക്കിയവരും അതില്‍പ്പെടുന്നു. പലര്‍ക്കും പത്തു വര്‍ഷത്തോളം തടവ് ശിക്ഷ അനുഭവിക്കുന്നതോടൊപ്പം കനത്ത പിഴയും അടയ്‌ക്കേണ്ടി വരും ഇനി മോചനം ലഭിക്കാന്‍.
2014 നു ശേഷം ഇന്ത്യയില്‍ ശക്തമായ അസഹിഷ്ണുതയുടെ പ്രതിഫലനമാണ് പ്രവാസികള്‍ക്കിടയിലും ഉണ്ടായതെന്ന് ഇത്തരം സംഭവങ്ങളുടെ ട്രെന്റ് പരിശോധിച്ചാല്‍ നമുക്ക് ബോധ്യപ്പെടും. നാട്ടിലെ സംഘ്പരിവാര്‍ നേതാക്കള്‍ നടത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങളില്‍ നിന്ന് ആവേശം കൊണ്ട് കൂവിപ്പോവുന്ന നീലക്കുറുക്കന്മാര്‍ മറ്റുള്ളവര്‍ക്കിടയില്‍ ഇന്ത്യന്‍ സമൂഹത്തിനുണ്ടാക്കിയ അവമതിപ്പ് ചെറുതല്ല. ഈ ലേഖനമെഴുതുമ്പോള്‍ ഇന്ത്യയിലെ ഇസ്‌ലാമോ ഫോബിയയെ തെളിവുകള്‍ സഹിതം അനാവരണം ചെയ്യുന്ന ട്വീറ്റുകളാണ് സാമൂഹിക മാധ്യമമായ ട്വിറ്ററിന്റെ ട്രെന്റിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ളത്. അതിന് മുന്‍കയ്യെടുത്തതാവട്ടെ, വിവിധ അറബ് രാജ്യങ്ങളിലെ പ്രമുഖരും.


ഇസ്‌ലാമുള്‍പ്പടെ ഏത് മതവിശ്വാസത്തെ നിന്ദിച്ചാലും ഗള്‍ഫ് രാജ്യങ്ങളില്‍ നിയമ നടപടി നേരിടേണ്ടി വരും. എല്ലാ മതങ്ങള്‍ക്കും ഒരേ നിയമ പരിരക്ഷയാണ് യു.എ.ഇയുള്‍പ്പടെയുള്ള ജി.സി.സി രാജ്യങ്ങളിലെ മത നിന്ദാ നിയമത്തിലുള്ളത്. എന്നിട്ടും സംഘ്പരിവാര്‍ അണികള്‍ മാത്രം എല്ലായ്‌പ്പോഴും വര്‍ഗീയ പരാമര്‍ശങ്ങളുടെ പേരില്‍ കുടുങ്ങുന്നതിന്റെ കാരണം മറ്റുള്ളവര്‍ സംഘ് പരിവാറിനെയും അവരുടെ വിദ്വേഷ രാഷ്ട്രീയത്തെയും വിമര്‍ശിക്കുമ്പോള്‍, ഒരു സംഘ്പരിവാറുകാരന്‍ പരിഹസിക്കുന്നത് മതത്തെയും അതിന്റെ വിശ്വാസങ്ങളെയുമാണ്. സംഘ്പരിവാറിനെ എതിര്‍ക്കുന്നവര്‍ ഹിന്ദു മതത്തെ പ്രതിസ്ഥാനത്ത് നിര്‍ത്താറില്ല. എന്നാല്‍, മുസ്‌ലിം സമുദായത്തോടുള്ള വംശീയ വിരോധം കാരണം സംഘ്പരിവാര്‍ അനുകൂലികള്‍ വംശീയാധിക്ഷേപവും പരിഹാസവും നടത്തുകയാണ് ചെയ്യുന്നത്. പ്രവാചകനെയും കഅ്ബയെയുമെല്ലാം വളരെ നിന്ദ്യമായ രീതിയില്‍ ഫോട്ടോഷോപ്പ് ചെയ്തു പോസ്റ്റ് ചെയ്തു കുടുങ്ങിയവരാണ് ജയിലിലായവരില്‍ അധികവും.


പൗരത്വ പ്രക്ഷോഭങ്ങള്‍ മുതലാണ് ഇന്ത്യയിലെ ചലനങ്ങള്‍ പ്രധാനമായും ലോക സമൂഹം ശ്രദ്ധിച്ചു തുടങ്ങിയത്. മതത്തിന്റെ പേരില്‍ ഒരു വിഭാഗത്തെ കുടിയിറക്കുവാനുള്ള നീക്കം ബി.ജെ.പിയുടെ ഫാസിസ്റ്റ് മുഖം തുറന്നു കാണിക്കപ്പെട്ടു. അതുവരെയും ഇന്ത്യന്‍ ജനത വോട്ട് ചെയ്തു തെരഞ്ഞെടുത്ത മറ്റേതൊരു സര്‍ക്കാരിനെ പോലെയൊരു സര്‍ക്കാര്‍ എന്ന മട്ടിലാണ് പലരും മോദി ഭരണത്തെ കണ്ടത്. ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ അഭ്യന്തര വിഷയമായ രാഷ്ട്രീയ തര്‍ക്കങ്ങളില്‍ ആര്‍ക്കും താല്‍പര്യം തോന്നേണ്ടതുമില്ലായിരുന്നു. എന്നാല്‍ പൗരത്വ വിഷയത്തോടെ ഇന്ത്യയിലെ മുസ്‌ലിംകളുടെ കാര്യങ്ങള്‍ പ്രവാസികളുടെ കൂടെ ജോലി ചെയ്യുന്ന മറ്റു രാജ്യക്കാരും അന്വേഷിക്കാന്‍ തുടങ്ങി. തങ്ങള്‍ യാതൊരു മത വിവേചനവുമില്ലാതെ ഇന്ത്യക്കാരെ മുഴുവന്‍ ഒരുപോലെ പരിഗണിക്കുമ്പോള്‍, ഇന്ത്യയില്‍ മുസ്‌ലിംകള്‍ കൃത്യമായി ടാര്‍ഗറ്റ് ചെയ്യപ്പെടുകയും ഒപ്പം വിവേചനം അനുഭവിക്കുന്നുണ്ടെന്നും അവര്‍ മനസ്സിലാക്കി. മുസ്‌ലിംകള്‍ക്ക് തുല്ല്യാവകാശം നല്‍കേണ്ടതില്ല എന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യ സ്വാമിയുടെ വിവാദ അഭിമുഖം അറബി സബ് ടൈറ്റിലുകളോടെ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചു. ഒരു ഭരണ കക്ഷി നേതാവ് പരസ്യമായി ഇത്രയധികം വിവേചനത്തോടെ സംസാരിക്കുന്നത് ഒരു പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് ആര്‍ക്കുമറിയാം. അതും ഇന്ത്യ പോലെ നൂറ്റാണ്ടുകളുടെ സാംസ്‌കാരിക പാരമ്പര്യമുള്ള നാട്ടില്‍ നിന്ന് അറബ് സമൂഹം ഇത്തരം വിഷലിപ്തമായ ആശയം പ്രതീക്ഷിച്ചിരുന്നില്ല.
ലോകത്ത് മുഴുവന്‍ കൊവിഡ് - 19 എന്ന മഹാമാരി ദുരിതം വിതച്ചു മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ ഇന്ത്യയില്‍ അതും വര്‍ഗീയ ചേരിതിരിവിന് വ്യാപകമായി ഉപയോഗിക്കപ്പെട്ടതും ഗള്‍ഫില്‍ വലിയ അവമതിപ്പുണ്ടാക്കി. ഇന്ത്യയില്‍ ആളുകള്‍ക്ക് സംഘം ചേരുന്നതിനോ ആഘോഷങ്ങള്‍ നടത്തുന്നതിനോ യാതൊരു വിലക്കുമില്ലാതിരുന്ന മാര്‍ച്ച് 13 ന് നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് സമ്മേളനം കൊവിഡ് പരത്താന്‍ വേണ്ടി സംഘടിപ്പിച്ചതാണെന്നും തബ്‌ലീഗുകാര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ മുഖത്തേക്ക് തുപ്പിയെന്നും പച്ചക്കറി മാര്‍ക്കറ്റില്‍ കയറി തുപ്പല്‍ പുരട്ടിയെന്നുമൊക്കെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു കൊണ്ട് ഒരു വിഭാഗം മാധ്യമങ്ങളും സംഘ്പരിവാറുകാരും നടത്തിയ നുണ പ്രചാരണങ്ങള്‍ ഇന്ത്യയിലെ ഇസ്‌ലാമോഫോബിയ പ്രൊപ്പഗണ്ടയുടെ വികൃത മുഖം ഏറെ വെളിവാക്കി. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഒരു ദിവസത്തെ ജനതാ കര്‍ഫ്യൂ നടന്നത് പോലും മാര്‍ച്ച് 22 നാണെന്ന് ഓര്‍ക്കണം. അതിനും ഒരാഴ്ച്ച മുന്‍പ് നടന്ന ഒരു സ്വാഭാവിക സമ്മേളനമാണ് ഇത്തരത്തില്‍ വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് ആയുധമാക്കിയത്. അതിന്റെ മറവില്‍ ഇസ്‌ലാമിനെയും പ്രവാചകനെയും നിന്ദിച്ചു കൊണ്ട് പ്രവാസികളായ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ മനസ്സിലെ ഇസ്‌ലാം വിരോധം മറനീക്കി പ്രകടിപ്പിച്ചു. ഈ സംഭവ വികാസങ്ങളെല്ലാം അറബ് രാഷ്ട്രങ്ങളിലെ പ്രമുഖരായ മാധ്യമ പ്രവര്‍ത്തകരേയും ബുദ്ധി ജീവികളെയും ഭരണത്തില്‍ സ്വാധീനമുള്ളവരേയും പ്രതികരിക്കാന്‍ പ്രേരിപ്പിച്ചു എന്ന് ചുരുക്കം. വിവാദങ്ങളോടുള്ള പ്രതികരണമെന്നോണം രോഗത്തിന് മതമോ ജാതിയോ ഇല്ലെന്ന എവിടെയും തൊടാത്ത പ്രതികരണമാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ നടത്തിയത്.


അതുവരെയും അറബ് സമൂഹത്തിന്റെ മനസില്‍ കുടിയേറിയ ഒരു ഇന്ത്യയുണ്ട്. മഹാത്മാ ഗാന്ധിയും നെഹ്‌റുവും ഇന്ദിരാ ഗാന്ധിയുമൊക്കെ അവര്‍ക്ക് പരിചിതമായ ഇന്ത്യന്‍ രാഷ്ട്രീയ ഐക്കണുകളാണെങ്കില്‍, അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍, ഷാറൂഖ് ഖാന്‍ തുടങ്ങിയ ബോളിവുഡ് താരങ്ങളും അവര്‍ക്ക് പ്രിയപ്പെട്ടവര്‍ തന്നെ. വിശ്വപൗരനായി അറിയപ്പെട്ട മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഫോട്ടോകള്‍ കേണല്‍ ജമാല്‍ അബ്ദുല്‍ നാസറിന്റെ ഫോട്ടോയോടൊപ്പം ഈജിപ്തുകാര്‍ അക്കാലത്ത് വീട്ടില്‍ തൂക്കിയിട്ടിരുന്നു എന്നോര്‍ക്കണം. ഇന്ത്യയെ തങ്ങളുടെ സഹോദര രാജ്യമായി കാണുന്ന അറബ് ജനത ഇന്ത്യയെയും അവിടുത്തെ ജനങ്ങളെയും ഭാഷയേയും സ്വന്തത്തെ പോലെ സ്‌നേഹിച്ചു. ഹിന്ദിയും ഉര്‍ദുവും സംസാരിക്കുന്ന എത്രയോ അറബ് പൗരന്മാരുണ്ട് വിവിധ ജി.സി.സി രാജ്യങ്ങളില്‍. എന്നാല്‍ തങ്ങള്‍ക്ക് പരിചിതമല്ലാത്ത വിധം ഇന്ത്യ മുഖം മാറുന്നുവെന്ന് വൈകിയാണെങ്കിലും അവര്‍ മനസ്സിലാക്കിയതിന്റെ പ്രതിഫലനങ്ങളാണ് ഇപ്പോള്‍ കാണുന്നത്. അതിനിടെയാണ് അറബ് വനിതകളെ അങ്ങേയറ്റം അപമാനിക്കുന്ന, ബി.ജെ.പി എം.പി തേജസ്വി യാദവിന്റെ പഴയ ട്വീറ്റും ഇതിനിടെ പൊങ്ങി വന്നത്. വിവാദമായപ്പോള്‍ ഡിലീറ്റ് ചെയ്‌തെങ്കിലും ഈ ട്വീറ്റിന്റെ പേരില്‍ തേജസ്വിയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കുമോ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൌണ്ട് ടാഗ് ചെയ്തു കൊണ്ട് ഒട്ടേറെ അറബ് പ്രമുഖര്‍ ചോദിച്ചിട്ടുമുണ്ട്. ഷാര്‍ജയിലെ രാജ കുടുംബാഗം പ്രിന്‍സസ് ഹിന്ദ് അല്‍ ഖാസിമിയും അതില്‍പ്പെടുന്നു.
ഏറ്റവും ചുരുങ്ങിയത് നാലു പതിറ്റാണ്ടുകളായി വിവിധ അറബ് രാജ്യങ്ങള്‍ ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നല്‍കിപ്പോരുകയാണ്. നിലവില്‍ 34 ലക്ഷം ഇന്ത്യക്കാര്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലുണ്ട്. 79 ബില്ല്യന്‍ ഡോളറാണ് പ്രതിവര്‍ഷം ഈ വകയില്‍ ഇന്ത്യയിലേക്ക് ഒഴുകുന്നത്. ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലാണ് ഈ പ്രവാസികള്‍ എന്ന് ചുരുക്കം. മുസ്‌ലിമായതിന്റെ പേരില്‍ മുസ്‌ലിംകള്‍ക്ക് ഗള്‍ഫില്‍ പ്രത്യേക പരിഗണനയോ അമുസ്‌ലിമായതിന്റെ പേരില്‍ അവഗണനയോ ഇവിടുത്തെ തൊഴില്‍ മേഖലയില്‍ ഇല്ല. കഴിവും ആത്മാര്‍പ്പണവും ഭാഗ്യവുമുള്ളവര്‍ക്ക് ഇവിടെ ശോഭിക്കാന്‍ മതമോ വര്‍ണമോ തടസമേയല്ല. എന്നാല്‍ പലപ്പോഴും ഇന്ത്യക്കാരനെന്ന പരിഗണന ഭരണാധികാരികളില്‍ നിന്ന് തന്നെ നിര്‍ലോഭം ലഭിക്കുന്നുമുണ്ട്, പ്രത്യേകിച്ച് മലയാളികള്‍ക്ക്. സാങ്കേതികമായ കാരണങ്ങള്‍ നിരത്തി കേന്ദ്രം തടഞ്ഞതിനാല്‍ മാത്രമാണ് ഒന്നാം പ്രളയ കാലത്ത് ദുബൈ ഭരണകൂടം പ്രഖ്യാപിച്ച 700 കോടി നമുക്ക് ലഭിക്കാതിരുന്നത്.


ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ തൊഴിലാളികളുള്ള യു. എ.ഇയിലാണ് വിവിധ സമുദായങ്ങള്‍ക്കിടയില്‍ മൈത്രിയും സ്‌നേഹവുമൂട്ടിയുറപ്പിക്കാന്‍ ലക്ഷ്യമിട്ട് ഒരു സര്‍ക്കാര്‍ സംവിധാനം തന്നെ പ്രവര്‍ത്തിക്കുന്നത്. 2019ല്‍ ഒരു വര്‍ഷം മുഴുവന്‍ സഹിഷ്ണുതാ വര്‍ഷമായി ആചരിച്ച രാജ്യം കൂടിയാണിത്. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം ദുബൈയിയുടെ വലിയ ആകര്‍ഷണമാണ്. ഇതിനു പുറമേയാണ് അബൂദബിയില്‍ വലിയൊരു ക്ഷേത്രത്തിന്റെ പണി പുരോഗമിക്കുന്നതും. ചര്‍ച്ചുകളും ഒട്ടും കുറവല്ല. വിവിധ സമൂഹങ്ങള്‍ക്ക് ഈ രാജ്യം നല്‍കുന്ന അങ്ങേയറ്റത്തെ പരിഗണനയാണിത്.
ഈ പരസ്പര ബന്ധത്തിന്റെ കടയ്ക്കലാണ് ചില വര്‍ഗീയ വാദികള്‍ കത്തിവയ്ക്കുന്നത് എന്നോര്‍ക്കണം. ഇവിടങ്ങളില്‍ ജീവിക്കുകയും ജീവിതം കണ്ടെത്തുകയും ചെയ്ത ശേഷം ഒളിഞ്ഞും തെളിഞ്ഞും മുസ്‌ലിം സമുദായത്തിനെതിരേ വിദ്വേഷ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും പല പേരുകളില്‍ സംഘടിച്ച് സാമുദായിക ഭിന്നപ്പുണ്ടാക്കാന്‍ നാട്ടിലേക്ക് ഫണ്ടിങ് നടത്തുകയും ചെയ്യുന്നത് എത്രമാത്രം നെറികേടാണ്? ഇപ്പോള്‍ 48000 കോടി രൂപ യു.എ.ഇയിലെ വിവിധ ബാങ്കുകളില്‍ നിന്ന് തട്ടിയെടുത്ത് ഇന്ത്യയിലേക്ക് കടന്ന ബിസിനസ് പ്രമുഖന്‍ ബി.ആര്‍ ഷെട്ടിയും ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതും പ്രവാസ മേഖലയിലെ സംഘ്പരിവാര്‍ ഇടപെടലുകള്‍ക്ക് രൂപ രേഖയുണ്ടാക്കാന്‍ 2016 ചര്‍ച്ച ചെയ്തതും ഇപ്പോഴത്തെ സംഭവ വികാസങ്ങളുമായി ചേര്‍ത്ത് വായിക്കണം. ഒന്നുമില്ലായ്മയില്‍ നിന്ന് ബിസിനസ് സാമ്രാജ്യം തന്നെ കെട്ടിപ്പടുത്ത ഷെട്ടി ഈ രാജ്യങ്ങള്‍ നല്‍കിയ സ്‌നേഹത്തിന് പകരമായി അവിടങ്ങളില്‍ വിധ്വംസക പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയും ഒടുവില്‍ കശ്മിര്‍ ജനതയുടെ കണ്ണീരിനും ചോരയ്ക്കും മുകളില്‍ മൂവ്വായിരം ഏക്കറില്‍ ഫിലിം സിറ്റി നിര്‍മിക്കാന്‍ അറബ് ജനതയെ കബളിപ്പിച്ച് കടന്നു കളയുകയും ചെയ്തിരിക്കുന്നു. അടുത്ത കാലത്ത് ഇന്ത്യക്കാരുടെ വിശ്വാസത്തിന് ഇത്രത്തോളം മങ്ങലേല്‍പ്പിച്ച ഒരു സംഭവവുമുണ്ടായിട്ടില്ല. ഷെട്ടി തിരികെ വന്നില്ലെങ്കില്‍ അന്താരാഷ്ട്ര കോടതികളില്‍ ഇന്ത്യയും അറേബ്യയും തമ്മിലൊരു നിയമ യുദ്ധത്തിലേക്ക് വഴിവെയ്ക്കാനും ഈ സംഭവം ഒരു പക്ഷെ കാരണമായേക്കം.
അല്‍പ്പം വൈകിയാണെങ്കിലും സംഘ്പരിവാറിന്റെ വിധ്വംസക പ്രവര്‍ത്തനങ്ങളും ചതിയും നിഗൂഢ പദ്ധതികളും അറബ് സമൂഹം തിരിച്ചറിഞ്ഞിരിക്കുന്നു. ഈ മാറ്റം തിരിച്ചറിഞ്ഞ് ഇന്ത്യ അതിന്റെ മതേതര മുഖം വീണ്ടെടുക്കാനുള്ള നടപടികള്‍ ഉടനടി സ്വീകരിച്ചില്ലെങ്കില്‍ ഭവിഷ്യത്ത് മൊത്തം ഇന്ത്യന്‍ പ്രവാസികള്‍ക്കായിരിക്കും. വെറുപ്പ് വോട്ടാക്കി മാറ്റി അധികാരം കൈക്കലാക്കിയ ബി.ജെ.പി ഭരിക്കുമ്പോള്‍ അങ്ങനെ സംഭവിക്കുമോ എന്നത് വളരെ പ്രസക്തമായ ചോദ്യമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  8 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  9 hours ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  9 hours ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  9 hours ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  10 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  10 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  10 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  10 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  11 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  11 hours ago