കൊവിഡ്-19; 40 ദിവസത്തിലധികം നിരീക്ഷണം; ഒടുവില്‍ വീട്ടമ്മക്ക് രോഗമുക്തി
തിരുവല്ല: കൊവിഡ്19 സ്ഥിരീകരിച്ച് 40 ദിവസത്തിലധികമായി കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന റാന്നി വടശേരിക്കര ചെറുകുളഞ്ഞി സ്വദേശിനിയായ 62 കാരി ആശുപത്രി വിട്ടു.
പരിശോധനയില്‍ രണ്ടു തവണ നെഗറ്റീവായതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് ആശുപത്രി വിടാനായത്. ഇറ്റലിയില്‍നിന്ന് റാന്നിയിലെത്തിയ, കൊവിഡ്19 ആദ്യം സ്ഥിരീകരിച്ചയാളുടെ കുടുംബസുഹൃത്തായിരുന്നു ഇവര്‍.
രാജ്യത്ത് തന്നെ ആദ്യമായാണ് ദീര്‍ഘനാള്‍ കൊവിഡ് പോസിറ്റീവായി കഴിഞ്ഞ ശേഷം രോഗം ഭേദമാകുന്നത്.ഇറ്റലിയില്‍നിന്ന് കുടുംബം റാന്നിയില്‍ എത്തിയപ്പോള്‍ വീട്ടമ്മ ഇവരുടെ വീട്ടിലെത്തുകയും ഇവര്‍ക്കൊപ്പം യാത്ര ചെയ്യുകയും ചെയ്തിരുന്നു. ഇറ്റലിയില്‍
നിന്നെത്തിയ കുടുംബം ഇവരുടെ വീട് സന്ദര്‍ശിച്ചിരുന്നു. മാര്‍ച്ച് എട്ടിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ക്ക് പത്തിനു രോഗം സ്ഥിരീകരിച്ചു.
മകള്‍ രോഗം ഭേദമായി പത്തുദിവസം മുമ്പ് ഡിസ്ചാര്‍ജായിരുന്നു. എന്നാല്രോഗലക്ഷണങ്ങള് കുറഞ്ഞെങ്കിലും ഇവര്‍ കൊവിഡ് പോസിറ്റീവായി തുടരുകയായിരുന്നു. ഏപ്രില്‍ 21 മുതല്‍ ഇവരുടെ പരിശോധനാ ഫലം നെഗറ്റീവായി.
കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഡോ. അഭിലാഷ്, ഡോ.ശരത്ത്, ഡോ.മനോജ് എന്നിവരാണ് ഇവരെ ചികിത്സിച്ചത്. ആശുപത്രി ജീവനക്കാര്‍ ഇവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയാണ് യാത്രയാക്കിയത്. ചടങ്ങില്‍ ഡോ. പ്രതിഭ, ഡോ.അഭിലാഷ്, ഡോ.ശരത്ത്, നഴ്സിംഗ് സൂപ്രണ്ട് ലതാകുമാരി, ഹെല്‍ത്ത് ഇന്‍പെക്ടര്‍ ആര്യ, നഴ്സിംഗ് സൂപ്രണ്ട് വസന്തകുമാരി, ആശുപത്രി ഇന്ഫെക്ഷന് കണ്ട്രോളര് സുനില, ഹെഡ്നഴ്സുമാരായ ലിസി, ശുഭ, ഐസൊലേഷന്‍ സ്റ്റാഫ് നഴ്സുമാരായ സിഞ്ചു സോമരാജന്, സിന്‍സി, എല്‍സ, മിനികുമാരി, ഓഫീസ് പി.ആര്.ഒ സുനു, മറ്റ് ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."