HOME
DETAILS
MAL
ഓരോ ജില്ലയുടെയും സാഹചര്യമനുസരിച്ച് ജില്ലാതലത്തില്‍ ഇളവുകള്‍ നല്‍കും: ഡി.ജി.പി
backup
April 25 2020 | 02:04 AM
തിരുവനന്തപുരം: ഓരോ ജില്ലയുടെയും സാഹചര്യം പരിശോധിച്ച് കേന്ദ്ര, സംസ്ഥാന നിര്‍ദേശങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് എന്തെല്ലാം ഇളവുകള്‍ നല്‍കണമെന്നത് അതാത് ജില്ലാ കലക്ടറുടെയും പൊലിസ് മേധാവിയുടെയും നേതൃത്യത്തിലുള്ള ജില്ലാതല ദുരന്തനിവാരണ സമിതി തീരുമാനിക്കുമെന്ന് ഡി.ജി.പി ലോക് നാഥ് ബെഹ്‌റ. ലോക്ക് ഡൗണ്‍ ഒരു മാസം പിന്നിട്ട സാഹചര്യത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റെഡ് സോണിലും ഓറഞ്ച് സോണിലും ഉള്‍പ്പെട്ട ഹോട്ട്‌സ്‌പോട്ട് മേഖലകള്‍ പൂര്‍ണമായും അടയ്ക്കണമെന്ന വിദഗ്ധരുടെ നിര്‍ദേശമനുസരിച്ചാണ് കര്‍ക്കശ നടപടികള്‍ സ്വീകരിച്ചത്. കാസര്‍കോട്ട് നടപ്പിലാക്കി വിജയം കണ്ട ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ സംവിധാനമാണ് ഹോട്‌സ്‌പോട്ടുകളില്‍ നടപ്പിലാക്കുന്നത്. മെയ് മൂന്നു വരെ കര്‍ശനമായി തന്നെ മുന്നോട്ടുപോയാല്‍ മാത്രമേ വിജയം കാണുകയുള്ളൂ.
അതിര്‍ത്തികളില്‍ നടപടി ശക്തമാക്കിയിട്ടുണ്ട്. ചെക്ക് പോസ്റ്റുകളില്‍ സീനിയര്‍ ഉദ്യോഗസ്ഥരെയും ഡ്രോണുകളും ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കും. പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട ലോക്ക് സൗണ്‍ നടപ്പിലാക്കുന്ന അനുഭവം കേരള പൊലിസിന് ആദ്യമാണ്. ഒരു മാസം മാതൃകാപരമായി തന്നെ നടപ്പിലാക്കാന്‍ കഴിഞ്ഞു. ഫോഴ്‌സ് ഉപയോഗിച്ച് ഉപദ്രവിച്ചല്ല നടപ്പിലാക്കിയത്. പൊലിസ് ബോധവല്‍കരണത്തിനാണ് മുന്‍തൂക്കം നല്‍കിയത്. കേരളത്തിലെ ജനങ്ങള്‍ വിദ്യാഭ്യാസമുള്ളവരായതിനാല്‍ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചു. 3,27,000 വീടുകളില്‍ കമ്മ്യൂണിറ്റി പൊലിസ് സന്ദര്‍ശനം നടത്തി. നിരീക്ഷണത്തിലുള്ളവരെയും പ്രായമായവരെയും സന്ദര്‍ശിച്ച് സഹായങ്ങള്‍ ലഭ്യമാക്കി. സംസ്ഥാനത്ത് 26 കേന്ദ്രങ്ങളില്‍ ഭക്ഷണവിതരണം നടത്താനും മരുന്നുകള്‍ എത്തിച്ചുകൊടുക്കാനും കഴിഞ്ഞെന്നും ബെഹ്‌റ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."