HOME
DETAILS
MAL
24 മണിക്കൂറിനിടെ മരിച്ചത് 3,332 പേര്; ഭീതിയൊഴിയാതെ അമേരിക്ക
backup
April 25 2020 | 02:04 AM
വാഷിങ്ടണ്‍: അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അര ലക്ഷം കടന്നു. കഴിഞ്ഞ ദിവസം മാത്രം 3,322 പേരാണ് അമേരിക്കയില്‍ രോഗം ബാധിച്ച് മരിച്ചത്. ഇതോടെ അമേരിക്കയിലെ മരണസംഖ്യ 50,403 ആയി ഉയര്‍ന്നു. മരണസംഖ്യയില്‍ ലോകത്ത് രണ്ടാം സ്ഥാനത്ത് നില്ക്കുന്ന ഇറ്റലിയില്‍ ഇതിന്റെ പകുതിയോളം പേരാണ് മരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിലും രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണത്തിലും അമേരിക്ക ഏറെ മുന്നിലാണ്. 8.9 ലക്ഷം പേര്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ തൊണ്ണൂറായിരത്തോളം പേര് മാത്രമാണ് ഇതുവരെ രോഗവിമുക്തരായിട്ടുള്ളത്.
അതേസമയം, കൊവിഡ് ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം രണ്ടു ലക്ഷത്തിലേക്ക് അടുക്കുകയാണ്. 1.93 ലക്ഷം പേരാണ് ഇതുവരെ മരിച്ചിരിക്കുന്നത്. 27.63 ലക്ഷം പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ഇതില്‍ 7.63 ലക്ഷം പേര് രോഗവിമുക്തരായിട്ടുണ്ട്. എന്നാല്‍, ലോകാരോഗ്യ സംഘടന നല്കുന്ന ഔദ്യോഗിക കണക്കനുസരിച്ച് ലോകത്താകെ 1,81,938 പേരാണ് മരിച്ചിരിക്കുന്നത്. 26,26,321 പേര്‍ക്കു രോഗം സ്ഥിരീകരിച്ചതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
അമേരിക്കയ്ക്കു പുറമേ സ്പെയിന്, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്, തുര്‍ക്കി എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടിരിക്കുന്നത്. സ്പെയിനില്‍ ഇത് രണ്ടു ലക്ഷം പിന്നിട്ടിട്ടുണ്ട്.
തുര്‍ക്കിയില്‍ ഇന്നലെയാണ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടത്. ഇറ്റലിയില്‍ 25,549 പേരും സ്പെയിനില്‍ 22,524 പേരും ഫ്രാന്‍സില്‍ 21,856 പേരുമാണ് മരിച്ചത്. അമേരിക്കയ്ക്കു പുറമേ ഈ മൂന്നു രാജ്യങ്ങളിലാണ് മരണസംഖ്യ 20,000 പിന്നിട്ടിരിക്കുന്നത്.
19,506 പേരാണ് ബ്രിട്ടനില്‍ മരിച്ചിരിക്കുന്നത്.ജര്‍മനിയില്‍ 5,577, തുര്‍ക്കിയില്‍ 2,491, ഇറാനില്‍ 5,574, ചൈനയില്‍ 4,632, റഷ്യയില്‍ 615, ബ്രസീലില്‍ 3,365, ബെല്‍ജിയത്തില്‍ 6,679, കാനഡയില്‍ 2,147, നെതര്‍ലാന്‍ഡ്സില്‍ 4,289, സ്വിറ്റ്സര്‍ലാന്‍ഡില്‍ 1,578, സ്വീഡനില്‍ 2,152, ഇസ്റാഈലില്‍ 193, പാകിസ്താനില്‍ 237 എന്നിങ്ങനെയാണ് മരണസഖ്യ. മറ്റു രാജ്യങ്ങളിലും മരണസംഖ്യയും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണവും ദിനംപ്രതി വര്‍ധിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."