ക്രൈംബ്രാഞ്ച് പ്രത്യേകസംഘം അന്വേഷിക്കും
കണ്ണൂര്‍: പാനൂര്‍ പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്വേഷണത്തിനു ക്രൈംബ്രാഞ്ച് പ്രത്യേകസംഘം. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി കെ.വി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണു കേസന്വേഷിക്കുക.
കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്.ഐ.ആര്‍) രജിസ്റ്റര്‍ ചെയ്തു. കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ടി. മധുസൂദനന്‍ നായര്‍, വയനാട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.കെ രാധാകൃഷ്ണന്‍ എന്നിവരും പ്രത്യേക സംഘത്തിലുണ്ട്.
വ്യാഴാഴ്ചയാണു കേസ് ക്രൈംബ്രാഞ്ചിനുവിട്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അന്വേഷണ സംഘത്തിനു അനുയോജ്യരായ പൊലിസ് ഉദ്യോഗസ്ഥരെയും പ്രത്യേക സംഘത്തില്‍ ഉള്‍പ്പെടുത്താമെന്നും ക്രൈംബ്രാഞ്ച് ഡയറക്ടര്‍ ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കി. തിരുവനന്തപുരം റേഞ്ച് ഐ.ജി എസ്. ശ്രീജിത്തിനാണ് അന്വേഷണ മേല്‍നോട്ടം.
വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ മേഖലയിലെ യു.പി സ്‌കൂള്‍ അധ്യാപകനും ബി.ജെ.പി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ കടവത്തൂരിലെ കുറുങ്ങോട് കുനിയില്‍ പത്മരാജന്‍ എന്ന പപ്പനെ (45) കഴിഞ്ഞ 15നു പൊലിസ് അറസ്റ്റുചെയ്തിരുന്നു. മാര്‍ച്ച് 17നാണ് അധ്യാപകനെതിരെ പോക്‌സോ വകുപ്പ് ചുമത്തി പാനൂര്‍ പൊലിസ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."