വിധികളിലൂടെ ശ്രദ്ധേയനായ ജസ്റ്റിസ് റഹീം പടിയിറങ്ങുന്നു
കൊച്ചി: അഭിഭാഷക പാരമ്പര്യമില്ലാത്ത കുടുംബത്തില്‍നിന്ന് ഹൈക്കോടതിയിലെത്തി 11 വര്‍ഷവും നാലു മാസവും സേവനമനുഷ്ടിച്ച് ജസ്റ്റിസ് സി.കെ അബ്ദുല്‍ റഹീം മെയ് ഒന്നിന് പടിയിറങ്ങുന്നു.പാവങ്ങളുടെ കേസുകള്‍ വാദിക്കാന്‍ ഏറെ തല്‍പരനായിരുന്ന റഹീം വക്കീല്‍ 91 മുതല്‍ നാലു വര്‍ഷം ഹൈക്കോടതിയില്‍ ഗവ. പ്ലീഡറും 2001 മുതല്‍ സീനിയര്‍ ഗവ. പ്ലീഡറുമായിരുന്നു. ഇതിനിടെ ഒരു ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് ബ്ലോക്ക് ജനപ്രതിനിധിയായത് യാദൃഛികം. മാതാപിതാക്കള്‍ കലഹിച്ചുനില്‍ക്കേ മരണം മുന്നില്‍ക്കണ്ട രണ്ടരവയസുകാരി ആലിയ ഫാത്തിമയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ഉത്തരവ് നല്‍കിയത് ജസ്റ്റിസ് റഹീമിലെ മനുഷ്യസ്‌നേഹിയാണ്. ഓപറേഷനുശേഷം ആ കുട്ടിയെ പോയിക്കണ്ടതും ഓര്‍ക്കേണ്ടതുണ്ട്. തെരുവോരങ്ങള്‍ കൈയേറിയുള്ള പൊതുയോഗം വിലക്കിയ വിധി കേരളത്തില്‍ കോളിളക്കമുണ്ടാക്കിയിരുന്നു.
ഹാദിയ കേസിന്റെ ആദ്യ വിധിന്യായത്തില്‍ ആ പെണ്‍കുട്ടിയുടെ വ്യക്തിസ്വാതന്ത്ര്യത്തില്‍ നീതിയുടെ കൈയൊപ്പ് ചാര്‍ത്തിയതും വീട്ടുതടങ്കലിലായിരുന്ന സ്വവര്‍ഗാനുരാഗിയെ പങ്കാളിയ്‌ക്കൊപ്പം പോകാന്‍ അനുവദിച്ചതും ഭരണഘടനാപരമായ പൗരസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്ന വിധികളായിരുന്നു.കേരള ലീഗല്‍ അതോറിറ്റിയുടെ ചെയര്‍മാനായിരുന്നപ്പോള്‍ അനുരഞ്ജന പ്രക്രിയയിലൂടെ പരിഹാരം കണ്ടെത്തിയത് ഇതിനായി കാത്തുകിടന്ന 40 ശതമാനത്തിലേറെ കേസുകളിലാണ്. മധ്യസ്ഥ പ്രക്രിയ സാമൂഹ്യമാക്കി കമ്യൂണിറ്റി മീഡിയേഷന്‍ പദ്ധതിക്ക് രാജ്യത്ത് ആദ്യമായി രൂപംനല്‍കിയതും നടപ്പാക്കിയതും ഇദ്ദേഹമാണ്.കൊവിഡിലെ ലോക്ക് ഡൗണില്‍ ജാമ്യം കിട്ടാതെ ജയിലിലായ കുറ്റാരോപിതരെ ഇടക്കാല ജാമ്യത്തില്‍ വിടാനുള്ള നിര്‍ദേശം നല്‍കിയ ഉത്തരവ് മൗലികമായ വ്യക്തിസ്വാതന്ത്ര്യം ഉറപ്പാക്കുന്നതായി. വിരമിക്കുന്ന ദിവസങ്ങളടുക്കുമ്പോഴും കൊവിഡ് 19 ബാധിതര്‍ക്ക് സമൂഹഅടുക്കളയില്‍നിന്ന് ഭക്ഷണം എത്തിക്കാനുള്ള പ്രയത്‌നത്തിലാണിദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."