ഇസ്‌ലാമോഫോബിയക്കെതിരായ പ്രതിഷേധം: ഗള്‍ഫ് നേതാക്കളെ ഫോണില്‍ വിളിച്ച് മോദിയും ജയ്ശങ്കറും
ന്യൂഡല്‍ഹി: ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളിലും വെറുപ്പ് പ്രസംഗങ്ങളിലും അറബ് നേതാക്കള്‍ കടുത്ത വിമര്‍ശനം ഉന്നയിക്കാന്‍ തുടങ്ങിയതോടെ അനുനയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ഗള്‍ഫ് നേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഫോണിലൂടെ നേരിട്ട് ബന്ധപ്പെട്ടിരിക്കുകയാണിപ്പോള്‍.
കഴിഞ്ഞ 24 മണിക്കൂറിനിടെ അറബ് ലോകത്തെ നേതാക്കളുമായി എസ്. ജയശങ്കര്‍ നേരിട്ട് ഫോണിലൂടെ ബന്ധപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗള്‍ഫ് നേതാക്കളുമായി ഫോണില്‍ ബന്ധപ്പെട്ടതിനു പിന്നാലെയാണ് ജയ്ശങ്കറും വിവിധ നേതാക്കളെ വിളിച്ചത്.
ഗള്‍ഫ് രാജ്യങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും ചെയ്യാമെന്ന് ജയ്ശങ്കര്‍ വാഗ്ദാനം ചെയ്തു. റമദാന്‍ പ്രമാണിച്ച് ആവശ്യമായ ഭക്ഷണ പദാര്‍ഥങ്ങള്‍ എത്തിക്കാന്‍ വേണ്ട നടപടികളെല്ലാം സ്വീകരിക്കുമെന്നും ജയ്ശങ്കര്‍ ഉറപ്പുനല്‍കി. കൂടാതെ, സഊദി അറേബ്യ, ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍, ഈജിപ്ത്, ഫലസ്തീന്‍ രാജ്യങ്ങള്‍ക്ക് ആവശ്യമായ ഹൈഡ്രോക്ലോറോക്വിന്‍, പാരസെറ്റമോള്‍ മരുന്നുകള്‍ എത്തിക്കാമെന്നും ജയ്ശങ്കര്‍ അറിയിച്ചു. ഈ വിതരണം മാനുഷികവും സാമ്പത്തികവുമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കൊവിഡ് പശ്ചാത്തലത്തില്‍ ഇസ് ലാമോഫോബിയ വളര്‍ത്താനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ് ലാമിക് കോഓപ്പറേഷന്‍ (ഒ.ഐ.സി) അടക്കം ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. രൂക്ഷമായ ഭാഷയിലാണ് അറബ് ലോകത്തെ നേതാക്കന്മാരും രാജകുടുംബവും ഇന്ത്യയ്‌ക്കെതിരെ വിമര്‍ശനമുന്നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."