പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ ഒരു പ്രവാസി കുടുംബവും പട്ടിണി കിടക്കില്ല-മഞ്ഞളാംകുഴി അലി എം.എല്‍.എ
ജിദ്ദ: പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ ഒരു പ്രവാസി കുടുംബവും പട്ടിണി കിടക്കില്ലെന്നു പെരിന്തല്‍മണ്ണ നിയോജക മണ്ഡലം എംഎല്‍എ മഞ്ഞളാംകുഴി അലി ഉറപ്പു നല്കി. പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനു കക്ഷി രാഷ്ട്രീയ ഭേദമന്യേ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും തിരിച്ചു വരാനുള്ള സാഹചര്യ മൊരുങ്ങിയാല് പ്രവാസികളെ സ്വീകരിക്കാന്‍ പെരിന്തല്‍മണ്ണ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലത്തിലെ ദമാമിലെ പ്രവാസികളുമായി പെരിന്തല്‍മണ്ണ എന്‍ ആര് ഐ ഫോറം (പെന്റിഫ) സംഘടിപ്പിച്ച സൂം ഓണ്‍ലൈന്‍ വീഡിയോ കോണ്ഫറനസില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെയര്മാന് ഹബീബ് ഏലംകുളം അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ എം. അബ്ദുല്‍ ബഷീര്‍ (ലുലു റിജിയണല്‍ ഡയറക്ടര്‍), മുഹമ്മദ് കുട്ടി കോഡൂര്‍ (ഡയറക്ടര്‍, സഫ മെഡിക്കല്‍ സെന്റര്‍) എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. വിദേശത്ത് കഴിയുന്ന പ്രവാസികള്‍ക്ക്് നാട്ടില്‍ നിന്നും മരുന്ന് എത്തിക്കുക, പ്രവാസികളുടെ ജോലി സംബന്ധിച്ചുള്ള പ്രയാസങ്ങള്‍, നാട്ടിലേക്ക് തിരിച്ചു വരുന്നവര്‍ക്കുള്ള പുനരധിവാസ പരിപാടികള്‍, പ്രവാസ ലോകത്ത് കഴിയുന്നവരുടെ ഭക്ഷണം, താമസം, നാട്ടിലേക്ക് മടങ്ങി വരുന്നവരുടെ സുരക്ഷാ സംവിധാനങ്ങള്‍, മുന്‍ കരുതലുകള്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ അമീര്‍ അലി, ഖാദര്‍ വാഴേങ്കട, മുത്തു നാലകത്ത്, ശിഹാബ് കരുവാത്ത്, ബഷീര്‍ ആലുങ്ങല്‍ എന്നിവര്‍ ചോദ്യങ്ങളായി എംഎല്‍എക്കു മുന്‍പാകെ അവതരിപ്പിച്ചു. പെന്റിഫ് വൈസ് പ്രസിഡന്റ് നസീര്‍ ബാബു കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. സെക്രട്ടറി സലാം താഴേക്കോട് സ്വാഗതവും ഇഖ്ബാല്‍ ആനമങ്ങാട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."