ബഹ്‌റൈനില്‍ 24മണിക്കൂറും പ്രവര്‍ത്തിക്കുന്ന കെ.എം.സി.സി കോവിഡ് ഹെല്‍പ് ഡെസ്‌ക്ക് ശ്രദ്ധേയമാകുന്നു
മനാമ: കോവിഡ് പശ്ചാതലത്തില്‍ പ്രവാസികള്‍ക്കായി 24മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബഹ്‌റൈന്‍ കെ.എം.സി.സിയുടെ കോവിഡ് ഹെല്‍പ് ഡെസ്‌ക്ക് പ്രവര്‍ത്തനം ശ്രദ്ധേയമാകുന്നു.രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ ആശങ്കാകുലരായി കഴിയുന്ന നിരവധി പ്രവാസികള്‍ക്കാണ് ഹെല്‍പ് ഡെസ്‌ക്ക് സേവനം ആശ്വാസമാവുന്നത്.
കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ മനാമയിലെ കെ.എം.സി.സി ആസ്ഥാനത്ത് ആരംഭിച്ച ഹെല്‍പ് ഡെസ്‌കിലേക്ക് രാവും പകലുമായി നിരവധി ഫോണ്‍വിളികളാണെത്തുന്നതെന്ന് ഭാരവാഹികള്‍ സുപ്രഭാതത്തോട് പറഞ്ഞു.
രാജ്യത്തുടനീളമുള്ള കൊവിഡ് വൈറസ് ബാധിതര്‍, ആശ്രിതര്‍ തുടങ്ങിയവര്‍ക്ക് മാനസിക പിന്തുണ നല്‍കുക, ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുക, വിസിറ്റിങ് വിസയിലെത്തി ബഹ്റൈനില്‍ കുടുങ്ങിയവര്‍ക്കും ജോലി നഷ്ടപ്പെട്ടവര്‍ക്കും, കടകള്‍ അടച്ചിട്ടതിനാല്‍ പ്രയാസത്തിലായവര്‍, ബുദ്ധിമുട്ടുന്ന കുടുംബങ്ങള്‍ എന്നിവര്‍ക്കെല്ലാം ഭക്ഷണകിറ്റ് എത്തിക്കുക എന്നിവയാണിപ്പോള്‍ പ്രധാനമായും കെഎംസിസി ചെയ്തുവരുന്നതെന്നും ഭാരവാഹികള്‍ വിശദീകരിച്ചു.
കൂടാതെ റംസാന്‍ ഫുഡ് കിറ്റുകളുടെ വിതരണം, ഇഫ്താറിന് ആവശ്യമായ വിഭവങ്ങള്‍ നല്‍കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും ഹെല്‍പ് ഡെസ്‌കിലൂടെ നടന്നു വരുന്നുണ്ട്. ഭക്ഷണ കിറ്റിനുവേണ്ടി ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച് കൃത്യമായി അര്‍ഹരിലേക്കെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ജില്ല-ഏരിയ-മണ്ഡലം-പഞ്ചായത്ത് കമ്മിറ്റി യിലെ നേതാക്കളും പ്രവര്‍ത്തകരും അടങ്ങുന്ന വളണ്ടിയര്‍ വിങ്ങാണ് കിറ്റ് വിതരണം നടത്തുന്നത്.- അവര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ജിദാലയില്‍ 15 ഫാമിലിയും 20 തൊഴിലാളികളും പ്രയാസമനുഭവിക്കുന്നതറിഞ്ഞഉടന്‍ ജിദാലി കെ.എം.സി.സിയുമായി ബന്ധപ്പെട്ട് അവര്‍ക്കാവശ്യമായ സഹായങ്ങള്‍ എത്തിക്കാന്‍ ഹെല്‍പ് ഡെസ്‌ക്കിന് സാധിച്ചതായും ഭാരവാഹികള്‍ വ്യക്കമാക്കി.
രാജ്യത്ത് ലോക് ടൗണില്‍ കുടുങ്ങിയ നിരവധി പേര്‍ക്ക് അടിയന്തിര സഹായമായി വെള്ളവും ഭക്ഷണങ്ങളും വിതരണം ചെയ്തു.
കൂടാതെ മറ്റ് രോഗം ബാധിച്ച് ദുരിതത്തിലായവര്‍ക്ക് ആവശ്യമായ മെഡിക്കല്‍ സംവിധാനങ്ങള്‍ ഒരുക്കാനും അവര്‍ക്ക് ആവശ്യമായ മരുന്നുകളെത്തിക്കാനുമുള്ള പ്രവര്‍ത്തനങ്ങളും കെഎംസിസി മെഡി ചെയിന്‍ വഴിയും സാധിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ തലത്തിലുള്ള അറിയിപ്പുകളും മാര്‍ഗനിര്‍ദേശങ്ങളും പ്രവാസികളിലെത്തിക്കാനും അവരുടെ സംശയങ്ങള്‍ക്കുള്ള മറുപടികളും ഹെല്‍പ് ഡെസ്‌ക്കിലൂടെ ലഭ്യമാക്കുന്നുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് - +973 3551 7498.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."