മെയ് ഒന്നു മുതല്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരികള്‍
കോഴിക്കോട്: മെയ് ഒന്ന് മുതല്‍ സംസ്ഥാനത്ത് വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.നസറുദ്ദീന്‍. ഷോപ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് അനുസരിച്ച് കടകള്‍ തുറക്കാമെന്നാണ് കേന്ദ്രം പറയുന്നത്. കേരളത്തിലെ 90 ശതമാനം കടകളും ഇത്തരത്തിലുള്ളതാണ്. സംസ്ഥാന സര്‍ക്കാറില്‍ നിന്ന് അനുകൂല നടപടി ഉണ്ടാവുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച അന്നു മുതല്‍ പൂര്‍ണമായും സഹകരിക്കുന്നവരാണ് വ്യാപാരികള്‍. വലിയ നഷ്ടം പലര്‍ക്കും ഉണ്ടായിട്ടുണ്ട്. ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നവര്‍ക്കും സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെയുള്ളവയും തുറക്കാനുള്ള ഇളവ് നേരത്തെ ഉണ്ടായി. എന്നാല്‍ മറ്റുള്ളവയെക്കുറിച്ച് തീരുമാനങ്ങള്‍ ഉണ്ടായില്ല. ദീര്‍ഘകാലം കേടുകൂടാതെ സൂക്ഷിക്കാവുന്ന സാധനങ്ങളും അല്ലാത്തവയും ഉള്ള കച്ചവടസ്ഥാപനങ്ങളുണ്ട്.
മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, ധനകാര്യമന്ത്രി എന്നിവര്‍ക്കെല്ലാം തങ്ങള്‍ കഴിഞ്ഞ ദിവസം നിവേദനം നല്‍കിയിരുന്നു. കേന്ദ്ര ഗവണ്‍മെന്റിന്റെ പുതിയ ഉത്തരവു പ്രകാരം ഒട്ടുമിക്ക സ്ഥാപനങ്ങളും ഷോപ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടില്‍ പെടും. ഇന്ന് കടകളില്‍ സ്റ്റോക്കെടുപ്പ് നടത്തും. വിറ്റഴിക്കാന്‍ സാധിക്കുന്നവയൊക്കെ ഒഴിവാക്കും. പിന്നീട് വരുന്ന സാധനങ്ങള്‍ എങ്ങനെയാണോ സര്‍ക്കാര്‍ നിര്‍ദേശം വരുന്നത് അതുപോലെ ചെയ്യുമെന്നും നസ്റുദ്ദീന്‍ ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവെ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."