ആശ്വാസമെങ്കിലും ആശങ്കയുടെ തീരത്ത് ലക്ഷദ്വീപ്
കണ്ണൂര്‍: ലോകമാകെ പടര്‍ന്നു പിടിച്ചിട്ടും കൊവിഡിനെ അടുപ്പിക്കാത്ത നാടായി മാറുകയാണു ലക്ഷദ്വീപ്. ഇതുവരെ ഒരാള്‍ക്കുപോലും ദ്വീപില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല.
രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതുമുതല്‍ ലക്ഷദ്വീപില്‍ നിയന്ത്രണങ്ങളും പ്രാബല്യത്തില്‍ വന്നിരുന്നു. രാജ്യത്തിന്റെ പലഭാഗത്തുനിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമെത്തിയവരുടെ നിരീക്ഷണ കാലവധി ഇതിനകം പൂര്‍ത്തിയായി. മൂവായിരത്തോളം ആളുകളായിരുന്നു നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇതില്‍ ആര്‍ക്കും കൊവിഡ് ഇല്ലെന്നു സ്ഥിരീകരിച്ചു.
ഇവരോടു തുടര്‍ന്നും നിരീക്ഷത്തില്‍ തുടരാനാണ് അധികൃതര്‍ വ്യക്തമാക്കിയത്. എന്നാല്‍ ദ്വീപിലെ പലരും ഇപ്പോള്‍ കേരളത്തിലും മറ്റുമായി കുടുങ്ങിക്കിടക്കുകയാണ്. നിരവധി വിദ്യാര്‍ഥികളും രോഗികളും കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലും പശ്ചിമ ബംഗാള്‍, ഒഡീഷ, കര്‍ണാടക എന്നിവടങ്ങളില്‍ ഒട്ടേറെ തൊഴിലാളികളുമുണ്ട്. ലോക്ക്ഡൗണ്‍ കഴിഞ്ഞ് ഇവര്‍ ദ്വീപിലേക്കു തിരിച്ചെത്തുന്നതു ദ്വീപ് നിവാസികളെ ഭീതിയിലാക്കുന്നുണ്ട്. 10 ദ്വീപുള്ള ലക്ഷദ്വീപില്‍ ഒരുലക്ഷത്തോളം ജനങ്ങളുണ്ട്. ഇവര്‍ക്ക് ആവശ്യമായ മെഡിക്കല്‍ സംവിധാനം നിലവില്‍ ദ്വീപിലില്ല. ഒരാള്‍ക്കു പകര്‍ന്നാല്‍ എല്ലാവര്‍ക്കും പകരുമെന്ന ഭീതിയിലാണു ദ്വീപ് നിവാസികള്‍. കേരളത്തിലെ നിരവധി അധ്യാപകരും ദ്വീപില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ തിരിച്ചെത്തുന്നവരെ നിരീക്ഷണത്തിലാക്കാനുള്ള സംവിധാനം പോലും ദ്വീപിലില്ല. കൊവിഡ് സ്രവപരിശോധനയ്ക്കു സാംപിള്‍ കൊച്ചിയിലേക്ക് അയക്കുകയും വേണം. കപ്പല്‍ മാര്‍ഗം കൊവിഡ് പകരാന്‍ സാധ്യതയുള്ളതിനാല്‍ പ്രായോഗികമായി നടക്കില്ല. രണ്ടു ഹെലികോപ്ടര്‍ മാത്രമാണു നിലവിലുള്ളത്.
കേരളത്തില്‍ കൊവിഡ് വ്യാപനം ഒരുപരിധിവരെ പിടിച്ചുകെട്ടാനായതു ദ്വീപുകാര്‍ക്ക് ആശ്വാസം പകരുന്നുണ്ട്. ദ്വീപിലേക്കുള്ള അവശ്യസാധനങ്ങളുടെ വരവിന് യാതൊരു പ്രശ്‌നവും ഇതുവരെ സംഭവിച്ചിട്ടില്ല. കൊവിഡില്ലെങ്കിലും ലോക്ക്ഡൗണ്‍ കാരണം പലര്‍ക്കും ജോലിയില്‍ പോകാന്‍ കഴിയാത്തതു ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ കഴിഞ്ഞ് നാട്ടിലേക്കു വരുന്നവരെ ദ്വീപിനു പുറത്തുതന്നെ നിരീക്ഷണത്തിലാക്കണമെന്നാണു ദ്വീപുകാരുടെ ആവശ്യം. കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഇടപെട്ട് കൂടുതല്‍ മെഡിക്കല്‍ സംഘത്തെ ലക്ഷദ്വീപിലേക്ക് അയക്കണമെന്നും ഇവര്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."